വീണ്ടും വിവാദങ്ങളിലും വിമര്‍ശനങ്ങളിലും കുടുങ്ങി വരനെ ആവശ്യമുണ്ടെന്ന ചിത്രം. ഓണ്‍ലൈനില്‍ റിലീസായതിന് പിന്നാലെയാണ് ചിത്രം നിരവധി വിവാദങ്ങളില്‍ കുടുങ്ങിയത്. ചിത്രത്തില്‍ സുരേഷ്ഗോപിയുടെ കഥാപാത്രം വീട്ടിലെ നായയെ പ്രഭാകരാ എന്നു വിളിക്കുന്നുണ്ട്. എന്നാല്‍ ഇത് എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ളൈ പ്രഭാകരനെ അധിക്ഷേപിക്കുകയാണെന്ന ആരോപിച്ച് തമിഴ്നാട്ടുകാര്‍ സൈബര്‍ ആക്രമണം നടത്തുകയും തുടര്‍ന്ന് വിവാദമാകുകയുമായിരുന്നു.
‘പ്രഭാകരാ’ എന്ന വിളി ആരേയും അപമാനിക്കാനല്ലെന്നും വിഷയത്തില്‍ മാപ്പ് ചോദിക്കുന്നെന്നും ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്മാന് വ്യക്തമാക്കി. സിനിമയില്‍ നടന് സുരേഷ് ഗോപിയാണ് പട്ടിയെ പ്രഭാകരാ എന്ന് വിളിക്കുന്നത്. നമ്മളോട് സ്നേഹമുണ്ടെങ്കില്‍ ഏത് പേരിട്ട് വിളിച്ചാലും നായ്ക്കള്‍ നമ്മുടെ അടുത്തെത്തുമെന്ന് അതിലെ ഒരു കുട്ടി കഥാപാത്രം പറയുമ്പോഴായിരുന്നു സുരേഷ് ഗോപി പ്രഭാകരാ എന്ന് വിളിച്ചത്. സുരേഷ് ഗോപിയും നായയും ഉള്‍പ്പെടുന്ന രംഗത്തിലെ തമാശ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായ പട്ടണപ്രവേശത്തില്‍ നിന്നും കടമെടുത്തതാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
തമിഴ് ജനതയെ താഴ്ത്തിക്കെട്ടാനൊന്നും ശ്രമിച്ചിട്ടില്ല. വിമര്‍ശനങ്ങളുമായെത്തിയവര്‍ സിനിമ കാണാതെ വെറുതെ വിദ്വേഷം പടര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ദുല്‍ഖര്‍ പറയുന്നു. ഈ വിവാദത്തിന്റെ പേരില്‍ തന്നെയും സംവിധായകന് അനൂപിനെയും മാത്രമല്ല തങ്ങളുടെ കുടുംബത്തെ ഒന്നടങ്കം മോശം വാക്കുകള്‍ വിളിച്ച് അപമാനിക്കാന്‍ ശ്രമിച്ചവരുണ്ടെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തുന്നു. അത് ഏറെ വേദനിപ്പിച്ചു. ജീവിക്കുന്നവരോ മരിച്ചവരോ ആയ ആരെയും ഈ ചിത്രത്തിലൂടെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. അത് തെറ്റിദ്ധാരണ മാത്രമാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു. പ്രഭാകരന് എന്നത് കേരളത്തില്‍ പൊതുവായ പേരാണെന്നും വിദ്വേഷപ്രചാരണം തന്നിലും അനൂപിലും ഒതുങ്ങട്ടെയെന്നും ദുല്‍ഖര്‍ പറഞ്ഞു.
തങ്ങളുടെ അച്ഛന്മാരെയും മുതിര്‍ന്ന അഭിനേതാക്കളെയും വിദ്വേഷത്തിലേക്ക് വലിച്ചിഴയ്ക്കരുത്. ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ ഖേദിക്കുന്നുവെന്നും ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു. പട്ടണപ്രവേശത്തിലെ വീഡിയോയും ദുല്‍ഖര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തമിഴ് നടന് പ്രസന്ന, ദുല്‍ഖറിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. തമിഴ് നടനെന്ന നിലയിലും മലയാളം സിനിമകള്‍ കാണുന്ന ആളെന്ന നിലയിലും ദുല്‍ഖറിനോട് മാപ്പു ചോദിക്കുന്നുവെന്ന് പ്രസന്ന കുറിക്കുന്നു. സുരേഷ് ഗോപിയുടെ ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ഡയലോഗ് പോലെ പ്രഭാകരാ എന്ന ആ പേരും വിളിയും സിനിമയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്നും പ്രസന്ന പറയുന്നു. പ്രസന്നയുടെ വാക്കുകള്‍ക്ക് ദുല്‍ഖര്‍ നന്ദി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: