ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടിന്റെ രണ്ടാം മന്ത്രിസഭ താഴെ വീണത് സിപിഐ നിലപാട് കടുപ്പിച്ചപ്പോഴായിരുന്നല്ലോ. മന്ത്രിസഭയില്‍ നിന്നും രാജിവച്ചതുകൊണ്ട് അന്ന് സിപിഐ നേതാവ് ടി.വി. തോമസ് നിയമസഭയില്‍ പറഞ്ഞത് ‘ഇനി കുരുക്ഷേത്രത്തില്‍ വച്ച് കാണാമെന്നാണ്. അന്ന് മുന്നില്‍ കണ്ട കുരുക്ഷേത്രം കോണ്‍ഗ്രസ് പാളയമെന്നാരും കരുതിയതല്ല. പക്ഷെ പിന്നെ സിപിഐയെ കണ്ടത് കോണ്‍ഗ്രസ് ക്യാമ്പിലാണ്. സിപിഐ ഉള്‍പ്പെടെ ഘടകകക്ഷികള്‍ വഞ്ചിച്ചു എന്നായിരുന്നു സിപിഎം വിലയിരുത്തിയത്. ആ വഞ്ചന തുറന്നുകാട്ടാന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയ റാലികളില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം പ്രധാനവും കൗതുകമുളവാക്കുന്നതുമാണ്.
”എമ്മാ തൊമ്മാ തെമ്മാടി അട്ടിമറിക്കാന്‍ നോക്കണ്ടാ-ചുട്ടുകരിക്കും സൂക്ഷിച്ചോ” മുദ്രാവാക്യം പാലിക്കാന്‍ അവര്‍ തയ്യാറായി. ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി. പെട്രോള്‍ ഒഴിച്ച് കത്തിച്ചത് വിസ്മരിച്ചുകൂടാ. യാത്രക്കാരെ ചുട്ടുകൊണ്ടായിരുന്നു അത്. ആ സംഭവം കേട്ടവരുടെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല.
അന്ന് കോണ്‍ഗ്രസ് ബാന്ധവത്തിലേര്‍പ്പെട്ട സിപിഐ അടിയന്തിരാവസ്ഥ തീരുംവരെ അവര്‍ക്കൊപ്പമായിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐ നേതാവ് സി. അച്യുതമേനോന് മുഖ്യമന്ത്രിയായും ഇരുന്നു. ബോണസിനേക്കാള്‍ പത്തിരട്ടി നല്ലത് അടിയന്തിരാവസ്ഥയാണെന്ന് അന്ന് ബോധ്യപ്പെട്ട സിപിഐ തെറ്റു തിരുത്തിയത് കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയും ദയനീയമായി തോറ്റപ്പോഴായിരുന്നല്ലോ. എങ്കിലും സിപിഐയില്‍ കോണ്‍ഗ്രസിന് ഇപ്പോഴും പ്രതീക്ഷയുണ്ട്. അവര്‍ നേര്‍വഴിക്കു വരുമെന്നാണവരുടെ പ്രതീക്ഷ.
കോണ്‍ഗ്രസിനെ മോഹിപ്പിക്കും വിധം ചിലപ്പോള്‍ ഇപ്പോഴും സിപിഐ നിലപാടെടുക്കും. സിപിഐ ഒരു മുതുകാളയായി തീര്‍ന്നെന്ന വസ്തുത നേരത്തെ പശുവിനെ മുന്നില്‍ നിര്‍ത്തി വോട്ടുചോദിച്ച കോണ്‍ഗ്രസ് വിസ്മരിക്കുന്നു. എം.എന്‍. ഗോവിന്ദന്‍നായരും ടി.വി. തോമസുമല്ല ഇപ്പോഴത്തെ സിപിഐയുടെ തലപ്പത്തുള്ളതെന്ന തിരിച്ചറിവും കോണ്‍ഗ്രസിന് ഇല്ലാതെ പോയിരിക്കുന്നു.
ഗതാഗത മന്ത്രിയായിരിക്കെ തോമസ് ചാണ്ടി കായല്‍ നികത്തി റിസോര്‍ട്ട് പണിതത് ഏറെ കോളിളക്കമുണ്ടാക്കിയ വിഷയമായിരുന്നല്ലോ. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയുടെ നിലപാടുകളെ ഒട്ടും ഗൗനിക്കാതെ മുഖ്യമന്ത്രി ഗതാഗതമന്ത്രിക്കൊപ്പം നില്‍ക്കുകയായിരുന്നു. രണ്ടാമത്തെ കക്ഷിയായ സിപിഐയ്ക്ക് ഒട്ടും സഹിക്കാന്‍ പറ്റാത്ത സംഭവമായിരുന്നു അത്. പിന്നീടെന്തുണ്ടായി? ചരിത്രത്തിലാദ്യമായി സിപിഐ മന്ത്രിമാര്‍ ഒന്നടങ്കം മന്ത്രിസഭായോഗം ബഹിഷ്ക്കരിച്ചു.
നേതാക്കള്‍ തമ്മില്‍ വാക്പോര് തുടര്‍ന്നു. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്ത നടപടിയെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി സിപിഐ നിയമസഭാ കക്ഷി നേതാവ് കൂടിയായ മന്ത്രി ഇ. ചന്ദ്രശേഖരന് രംഗത്തെത്തി. സാധാരണമല്ലാത്ത കാര്യങ്ങള്‍ നടന്നതിനാല്‍ മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടു നിന്നു. അസാധാരണമായ സംഭവം എന്തെന്ന് പൊതുജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അസാധാരണ സാഹചര്യത്തില്‍ എന്തും ചെയ്യാമെന്ന് സാരം.
മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്നത് പാര്‍ട്ടിയുടെ നിലപാടായിരുന്നു. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഉപാധികളോടെ രാജിവെക്കുമെന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും ചന്ദ്രശേഖരന് പറഞ്ഞു. കോടതിയുടെ രൂക്ഷ പരാമര്‍ശം ഏറ്റുവാങ്ങിയിട്ടും രാജിവെക്കാത്ത തോമസ് ചാണ്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്ക്കരിച്ചത്.
ചാണ്ടിക്കൊപ്പം മന്ത്രിസഭാ യോഗത്തില്‍ ഇരിക്കാന്‍ തങ്ങളില്ലെന്ന് സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇതില്‍ ഇടപെടുകയോ സിപിഐ മന്ത്രിമാരെ വിളിക്കുകയോ ചെയ്തില്ല. മന്ത്രി ഇ. ചന്ദ്രശേഖരന്റെ മുറിയില്‍ സമാന്തരമായി സിപിഐയുടെ നാല് മന്ത്രിമാരും യോഗം ചേരുകയും ചെയ്തു.
തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ചോദിച്ച കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടില്ലേ എന്ന ചോദ്യം ശരിവെക്കുന്നതായി അന്നത്തെ രാഷ്ട്രീയ സാഹചര്യം. സിപിഐയുടെ നാല് മന്ത്രിമാരും രാവിലെ സെക്രട്ടേറിയറ്റിലേക്ക് എത്തിയെങ്കിലും ഒന്‍പത് മണിമുതല്‍ അവരെല്ലാം മന്ത്രി ഇ. ചന്ദ്രശേഖരന്റെ മുറിയില്‍ ഇരിക്കുകയായിരുന്നു. രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിന് എത്തിയത്. സിപിഐ ആഗ്രഹിച്ചപ്പോള്‍ തോമസ് ചാണ്ടി രാജിവയ്ക്കാതിരുന്നപ്പോള് ഏറെ മോഹിച്ചു കോണ്‍ഗ്രസ് നേതൃത്വം. ഒടുവില്‍ നിരാശരുമായി.
സ്പ്രിങ്ക്ളര്‍ കരാറിലാണ് ഒടുവില്‍ സിപിഐയ്ക്ക് കലി പിടിച്ചത്. മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല. തങ്ങളാരും ഈ കരാറിനെക്കുറിച്ച് കേട്ടിട്ടില്ല, കണ്ടിട്ടില്ല എന്നൊക്കെ വലിയ വായില്‍ വര്‍ത്തമാനം പറയുകയും പാര്‍ട്ടി പത്രം മുഖപ്രസംഗമെഴുതുകയുമൊക്കെ ചെയ്തു. മുഖ്യമന്ത്രി സിപിഐ ഓഫീസിലേക്ക് ഐടി സെക്രട്ടറിയെ പറഞ്ഞുവിട്ടു. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനെക്കണ്ട് കാര്യം ബോധ്യപ്പെടുത്തുകയായിരുന്നു സെക്രട്ടറിയുടെ ദൗത്യം. ഇക്കണ്ടതൊന്നും കണക്കല്ല മന്നവ എന്ന മട്ടില്‍ പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട്. ഗവണ്മെന്റ് സെക്രട്ടറി പോര പാര്‍ട്ടി സെക്രട്ടറിമാര്‍ തമ്മില്‍ തീര്‍ക്കാനായി കോടിയേരി ബാലകൃഷ്ണനെ കാണാന്‍ കാനം രാജേന്ദ്രന് ഓടി. അവര്‍ കണ്ടു. ആര് ആരെ കീഴടക്കി എന്നൊന്നും വ്യക്തമല്ലെങ്കിലും ഇപ്പോഴെങ്കിലും എന്തെല്ലാമോ നടക്കുമെന്ന് കോണ്‍ഗ്രസ് മോഹിച്ചു. ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നപ്പോള്‍ ബോധ്യമായി. അസാധാരണ സാഹചര്യം നിലനില്ക്കുമ്പോള് സാധാരണ നടപടി ക്രമങ്ങള്‍ മാറ്റിവയ്ക്കേണ്ടിവരും.
പ്രശ്നം കോടതിയിലെത്തി നില്ക്കുന്നു. വിശദമായ പരിശോധനയും അന്തിമ പ്രതികരണങ്ങളും വരാനിരിക്കുന്നതേയുള്ളു. എന്തൊക്കെ സംഭവിക്കും എന്ന് അപ്പോഴേ കാണാന്‍ കഴിയൂ. സിപിഐ പൊന്നുരുക്കുന്നിടത്തെ പൂച്ചയെ പോലെ ഇരിക്കും. കോണ്‍ഗ്രസിനാകട്ടേ നേരിയ പ്രതീക്ഷയ്ക്കുപോലും വകയില്ലാതാകും. പ്രശ്നം അതല്ല. പ്രത്യയ ശാസ്ത്രമാണ് മുഖ്യം. അമേരിക്കയിലെ ചികിത്സ മാത്രമല്ല അമേരിക്കന്‍ കമ്പനിയും സിപിഎമ്മിന് സ്വീകാര്യമായി. ടാറ്റാ-ബിര്‍ള-ഗോയങ്ക എന്നിവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് പല്ലുന്തിയ സഖാക്കളുടെ ചിന്തയെന്താകും. ടാറ്റയുടെ ഉദ്യോഗസ്ഥരാണ് സര്‍ക്കാരിന്റെ വിശ്വസ്തര്‍. ടാറ്റയുടെ ആശുപത്രിക്ക് കാസര്‍കോട് നിലമൊരുക്കുന്നു തകൃതിയായി. എന്താല്ലെ, അസാധാരണ കാലത്ത് എല്ലാം അസാധാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: