കൊറോണ എന്ന മഹാമാരി മനുഷ്യരാശിക്കുതന്നെ ഭീഷണിയായി വളരുകയാണ്. ശാസ്ത്രീയമായി ഏറ്റവും വികസിച്ചിരുന്നത് എന്ന് കരുതുന്ന രാജ്യങ്ങള്‍ പോലും ഇതിനു മുന്നില്‍ വിറങ്ങലിച്ചുനില്ക്കുന്നു.
ഇതുപോലെയുള്ള പകര്‍ച്ചവ്യാധികളെക്കുറിച്ച് വൈദ്യശാസ്ത്രങ്ങളുടെയെല്ലാം മാതാവായി കരുതുന്ന ആയുര്‍വേദത്തിലും പരാമര്‍ശങ്ങളുണ്ട്.
രോഗമുള്ളവരെ തൊടുമ്പോള്‍, അവരുടെ ശ്വാസമേറ്റാല്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചാല്‍, ഒരുമിച്ച് കിടക്കുകയും ഇരിക്കുകയും അവര്‍ ഉപയോഗിച്ച വസ്ത്രം മുതലായവ ഉപയോഗിക്കുകയും ചെയ്താല്‍ ത്വക് രോഗങ്ങള്‍, ജ്വരം, ക്ഷയം എന്നിവ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നതായി പറയുന്നു (സുശ്രുതസംഹിത).
അഷ്ടാംഗഹൃദയത്തില്‍ ദിനചര്യ എന്ന അധ്യായത്തില്‍ സത്പ്രവൃത്തികളെക്കുറിച്ച് പറയുമ്പോള്‍ അരോഗാവസ്ഥയിലും ചിരിക്കുക, തുമ്മുക, കോട്ടുവായ വിടുക എന്നിവ ചെയ്യുമ്പോള്‍ കൈകള്‍ കൊണ്ടോ തുണികൊണ്ടോ മുഖം മറയ്ക്കണമെന്നും പറയുന്നു.
ഭൂതവും ജ്വരത്തിനു കാരണമായി ആയുര്‍വേദഗ്രന്ഥങ്ങള്‍ പറയുന്നു.’ശരീരോ അന്തര്‍ഗത മനുഷ്യോപദ്രവകരണ യ ജന്തു വിശേഷ ഭൂതയാന്തി ച’ എന്ന ഉപനിഷത് മന്ത്രം ഭൂതം എന്താണ് എന്ന് വ്യക്തമായി നിര്‍വചിക്കുന്നു. ഈ നിര്‍വചനം അനുസരിച്ച് ഭൂതമെന്നത് ആധുനിക വൈദ്യശാസ്ത്രം പറയുന്ന വൈറസ്, ബാക്ടീരിയ, പരാസൈറ്റും എല്ലാം ഉള്‍പ്പെടുന്നതാണ്.
രോഗങ്ങള്‍ വരാതിരിക്കാനുള്ള ചില നിര്‍ദേശങ്ങളും ആയുര്‍വേദ ഗ്രന്ഥങ്ങളിലുണ്ട്. എല്ലാ നാളും ഹിതമായും മിതമായ ഭക്ഷണത്തോടുകൂടിയവനായും ശരീര പ്രവൃത്തികളോടുകൂടിയവനായും – സ്വാര്‍ത്ഥത കൂടാതെ പരോപകാരാര്ഥം പ്രവര്‍ത്തിക്കുന്നവനായും ആലോചനാപൂര്വമായി എല്ലാ കാര്യങ്ങളും ചെയ്യുന്നവനായും ശബ്ദാദി വിഷയങ്ങളില്‍ അത്യാസക്തി ഇല്ലാത്തവനായും ദാനശീലത്തോടുകൂടിയവനായും സുഖദുഃഖങ്ങളില്‍ മനസാമ്യത്തോട് കൂടിയവനായും, സത്യവാനായും ഇരിക്കുന്ന മനുഷ്യന് വ്യാധികൂടാത്തവനായി ഭവിക്കുന്നു. (അഷ്ടാംഗഹൃദയസൂത്രസ്ഥാനം)
രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും വിധിക്കുന്ന രസായന ചികിത്സയിലെ ഒരു ഭാഗവും ഇവിടെ പ്രധാനമാണ്. സത്യവാദിയായും കോപത്തോടു കൂടാത്തവനായും ആധ്യാത്മിക ചിന്തയോടുകൂടിയവനായും (ഞാനാരാണ് എന്ന അന്വേഷണമാണ് ആദ്ധ്യാത്മിക ചിന്ത) ശാന്തനായും സദാചാരപരനായുമിരിക്കുന്നവന്, എന്നും രസായനം ഔഷധം സേവിക്കുന്നു. ഇവിടെ ഒരു മരുന്നും പറയുന്നില്ല. മനസ്സും ബുദ്ധിയും ആരോഗ്യകരമായിരിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.
രോഗ പ്രതിരോധത്തിനുതകുന്ന വാക്സിനും ഭാരതത്തിലാണ് ആദ്യം ചെയ്തിരിക്കുന്നത്. ഡോ. വല്യത്താന് എഴുതിയിരുന്ന ലേഖനം ഓര്‍മ്മയില്‍ വരുന്നു. ഭാരതത്തിലെ ചില സ്ഥലങ്ങളിലെ സന്യാസിമാര്‍ മസൂരി രോഗികളുടെ കുരുക്കളുടെ പഴുപ്പ് തുണിയിലെടുത്ത് ചുരുട്ടി ഉണക്കി സൂക്ഷിച്ചിരുന്നു. അടുത്തവര്‍ഷം ഉഷ്ണകാലം തുടങ്ങുന്നതിന് മുന്‍പ് ഗ്രാമങ്ങളില്‍ പോയി ശരീരത്തില്‍ ഗ്ലാസ് വച്ച് മുറിവുണ്ടാക്കി പഴുപ്പ് അതില്‍ വച്ചുകെട്ടുമായിരുന്നു. ഇതിനു ടിക്ക എന്നാണ് പറഞ്ഞിരുന്നത്. Dr.B.M Hegde(what doctors don’t get to study in medical school) പുസ്തകത്തിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്.
പ്രകൃതി സംരക്ഷണവും ഇതുപോലുള്ള മഹാമാരി തടയുന്നതില്‍ പ്രധാനമാണ്. അതിനെക്കുറിച്ച് പറയുന്ന ഒരു ഭാഗവും ഉദ്ധരിക്കാം. അഷ്ടാംഗഹൃദയത്തില്‍ ഉറുമ്പ്, പുഴുപോലെയുള്ള ജീവികളെ പോലും സതതം എല്ലായ്പ്പോഴും തന്നെപോലെ കരുതണം എന്നു പറയുന്നു. (സതതം എന്ന സംസ്കൃത പദത്തിന് ചിന്മയാനന്ദസ്വാമികള് പറയുന്ന അര്‍ഥം 24 മണിക്കൂറും 365 ദിവസവുമെന്നാണ്) ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. ഭൂമിയിലെ സസ്യലതാദികള്‍ ഉള്‍പ്പെടെ സകല ജീവജാലങ്ങളെയും തന്നെപ്പോലെ കരുതി സംരക്ഷിക്കണം.
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഡോ. സൈമണ്‍, ഇഞ്ചി ലോകത്തിലെ ഏറ്റവും ശക്തമായ വൈറസ് പ്രതിരോധ മരുന്നാണ് എന്ന് പറയുന്നു. (Dr.B.M Hegde യുടെ പ്രസംഗത്തില്‍ നിന്ന്). പി.കെ.വാര്യര്‍ ഇഞ്ചിയും ശര്‍ക്കരയും കൂടെ അരച്ചുകഴിക്കാന് പറയുന്നതും ഇത്തരത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്. ഞാന്‍ സിസിആര്എഎസില് ജോലി ചെയ്തിരുന്നപ്പോള്‍ മലേറിയ രോഗത്തിന് പരീക്ഷിച്ചിരുന്ന സിസിആര്‍എഎസ് വികസിപ്പിച്ച ആയുഷ്64 എന്ന മരുന്ന് malaria vivax മലേറിയയില്‍ ഫലപ്രദമാണെന്ന് കണ്ടിരുന്നു. പാര്‍ശ്വഫലങ്ങളും ഉണ്ടായിരുന്നില്ല.
ഭാരതീയ ചിന്ത അനുസരിച്ച് ശരീരത്തേക്കാള്‍ പ്രധാനമാണ് മനസ്സ്. ഭയവും, ശോകവും, ജ്വരം ഉള്‍പ്പെടെയുള്ള എല്ലാ രോഗങ്ങള്‍ക്കും കാരണമാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റിന്റെ ഒരു പ്രഖ്യാപനം ഇത്തരത്തില്‍ പ്രസക്തമാണ്. cure rarely, comfort mostly, console always. കൊറോണ രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും ആയുര്‍വേദം ഉള്‍പ്പെടുത്തുക. മറ്റ് വൈദ്യശാസ്ത്രങ്ങളും തുറന്ന മനസ്സോടെ മുന്‍വിധിയില്ലാതെ ഉള്‍പ്പെടുത്തേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: