തിരുവനന്തപുരം: മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ രണ്ടു സംന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് മാടമ്പ് കുഞ്ഞുകുട്ടന്. മഹര്ഷിമാരുടെയും സന്യാസിമാരുടെയും നാടാണ് ഭാരതം. ആര്‍ഷഭാരതം എന്നാണ് പ്രസിദ്ധി. ഒരു ‘ഓങ്കാരവും ഒരു ഹിമാലയവും, നമ്മുടെ പുണ്യഫലമാകുന്നു. സംന്യാസിമാര്‍ മതാധ്യക്ഷന്മാരോ പുരോഹിതന്മാരോ അല്ല. മതവും മതാധ്യക്ഷന്മാരും ഉണ്ടാകുന്നതിനു മുന്‍പും സന്യാസിമാരുണ്ടായിരുന്നു. സര്‍വസംഗപരിത്യാഗികളായ സന്യാസിമാരാണ് ഭാരതത്തിന്റെ മഹിമയ്ക്ക് കാരണം. ഒരു നൂറ് ഉദാഹരണങ്ങളുടെ ആവശ്യമില്ല. ഭാരതത്തിന്റെ മഹാനായ പുത്രന് സ്വാമി വിവേകാനന്ദന്റെ പവിത്രനാമം ഇന്ന് ലോകം മുഴുവനും ഭാരതത്തിന്റെ പര്യായമെന്നോണം ജപിച്ചുവരുന്നു.
കാഷായവസ്ത്രധാരിയായ ആ പുണ്യത്മാവ് ഭാരതത്തിന്റെ ആത്മാവിനെ ലോകസമക്ഷം വെളിപ്പെടുത്തി. ഉറങ്ങിക്കിടന്നിരുന്ന നമ്മെ വിളിച്ചുണര്‍ത്തി. ഇന്നും യുവമനസ്സുകളെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു.ഈ സന്ദര്‍ഭത്തിലാണ് അങ്ങ് വടക്ക് രണ്ട് സന്യാസിമാരേയും അവരുടെ ഡ്രൈവറേയും വധിച്ച വാര്‍ത്ത എത്തുന്നത്. മിണ്ടിയാല്‍ മിണ്ടുന്നതിനൊപ്പം മനുഷ്യാവകാശത്തിന്റെ പേരു പറഞ്ഞ് സമരത്തിനിറങ്ങുന്ന നമ്മുടെ അതിപുരോഗമനക്കാര് ഇപ്പോള്‍ മിണ്ടാട്ടം നിലച്ചവരായി. അതിന്റെ രാഷ്ട്രീയ കാരണങ്ങള്‍ എല്ലാവര്‍ക്കുമറിയാം.
അതല്ല വിഷയം. ആര്‍ഷഭാരതത്തില്‍ ഇനി ഒരു സന്യാസിയും കൊലചെയ്യപ്പെടരുത്. കാവിനിറം കൂടി നമുക്ക് പവിത്രമാകുന്നു. അത് നാംകാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നഷ്ടപ്പെടുന്നത് ഭാരതം എന്ന സങ്കല്‍പ്പമാണ്. ഭാരതം ഒരിക്കല്‍ വെട്ടിമുറിക്കപ്പെട്ടു. ഇനിയും തുണ്ടംതുണ്ടമാവാതിരിക്കുവാന് ജാഗ്രത പുലര്‍ത്തിയേ തീരൂ. ഭാരതം നശിച്ചാല്‍ ലോകമാനവികത നശിക്കും. ഭാരതമാതാവിന് ആയിരം നമസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: