ഗൗരവത്തോടെ കണക്കിലെടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയാണ് ഈ കുറിപ്പിനാധാരം. കണ്ണൂരിലെ പാനൂരിനടുത്തുള്ള പാലത്തായി യുപിസ്കൂളില്‍ നടന്നതായി പറയപ്പെടുന്ന ബാലികാപീഡനമാണ് വിഷയം. ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത വിഷയം പുതിയ തലത്തിലേക്ക് കടന്നിരിക്കുന്നു. അരോപണ വിധേയനായ അധ്യാപകന് പത്മരാജന്റെ ഭാര്യ ജീജ, സംഭവത്തെക്കുറിച്ച് സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണമാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി സമര്‍പ്പിച്ചു. തന്റെ ഭര്‍ത്താവിനെതിരെ ഗൂഢലക്ഷ്യത്തോടെയാണ് ആരോപണമുയര്‍ത്തിയതെന്ന് പറയുന്ന ജീജ, ഇതിന് പിന്നില്‍ സ്ഥാപിത താല്പര്യങ്ങളുണ്ടെന്നും പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. അതാണ് വിശകലനം ചെയ്യപ്പെടേണ്ടത്. അപ്പോഴാണ് മേല്‍ സൂചിപ്പിച്ച ആശങ്കയ്ക്ക് പ്രസക്തിയേറുന്നത്. മാത്രവുമല്ല, മുന്‍വിധിയോടെയുള്ള സമീപനം തിരുത്തി സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവന്നില്ലെങ്കില്‍ നാലും രണ്ടും മാത്രം പ്രായമുള്ള തന്റെ പിഞ്ചു കുഞ്ഞുങ്ങളോടൊപ്പം ജീവിതമവസാനിപ്പിക്കേണ്ടി വരുമെന്ന നിസ്സഹായതയും പ്രകടമാക്കുന്നുണ്ട് ജീജ ഡിജിപിക്ക് നല്കിയ പരാതിയില്‍.
ആരോപണ വിധേയനായ പത്മരാജന് മാസ്റ്റര്‍ പ്രമുഖ ദേശീയ രാഷ്ട്രീയ കക്ഷിയുടെ പ്രാദേശിക നേതാവായിരുന്നു. കുറ്റാരോപിതനായി അറസ്റ്റ് ചെയ്യപ്പെട്ട ഉടന്‍ അദ്ദേഹത്തെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കം ചെയ്തു. പ്രതി ആരായാലും ആരോപിക്കപ്പെട്ട കുറ്റം ഗുരുതരമാണെന്നും കുറ്റക്കാരനാണെങ്കില്‍ കടുത്തശിക്ഷ തന്നെ പ്രതിവിധിയെന്നും ഇതിനകം പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. കമ്മീഷനെ വെച്ച് പാര്‍ട്ടി അന്വേഷിച്ചോളാമെന്ന് പ്രഖ്യാപിക്കുകയും നിയമനീതിന്യായ സംവിധാനത്തിന് കുറ്റവാളിയെ വിട്ടുകൊടുക്കാതെ കണ്ണില്‍ പൊടിയിടല്‍ നാടകം നടത്തിയും പുകമറ സൃഷ്ടിച്ച് ആരോപണ വിധേയനെ എങ്ങനെയും സംരക്ഷിക്കുന്ന ഞാണിന്മേല് കളികള്‍ ഏറെ കണ്ടവരാണ് കേരളീയര്‍. അതില്‍ നിന്ന് ഭിന്നമാണ് പത്മരാജന് മാസ്റ്ററുടെ പാര്‍ട്ടി സ്വീകരിച്ച നിലപാട്. പ്രശ്നം ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുന്നു. നിയമം അതിന്റെ വഴിക്കു തന്നെ പോകണം. ശാസ്ത്രീയ അന്വേഷണത്തിലൂടെ കുറ്റം തെളിയുന്ന പക്ഷം ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നതില്‍ രണ്ടു പക്ഷമില്ല.
കേസില്‍ ദുരൂഹത ഏറെയുണ്ടെന്ന് കാര്യവിവരമുള്ള ഏതൊരാളും സമ്മതിക്കും. പ്രത്യേകിച്ച് ജീജയുടെ പരാതിയില്‍ പരാമര്‍ശിക്കുന്ന ചില ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയെ ശക്തമായി അനുകൂലിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ തീക്ഷ്ണമായ പ്രതികരണമുയര്‍ത്തിക്കൊണ്ടു വന്നയാളാണ് പത്മരാജന് മാസ്റ്റര്‍. അപ്പോഴൊക്കെ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ട് കലാപം സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമം നടത്തിയ ചില ഇസ്ലാമിക തീവ്രവാദ സംഘടനകളില്‍ നിന്ന് നേരിട്ടും അല്ലാതെയുമുള്ള ഭീഷണി അദ്ദേഹം നേരിടുകയും ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ഒരു പ്രത്യേക സമുദായത്തിലുള്ള കുട്ടികളെ സ്കൂളില്‍ നിന്ന് പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് സ്കൂള്‍ മാനേജ്മെന്റിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമവും നടന്നതായറിയുന്നു. ഇതിന്റെയൊക്കെ തുടര്‍ച്ചയായി വേണം പീഡനാരോപണത്തെ കാണാന്‍.
സിഎഎ വിരുദ്ധ കലാപത്തിന് നേതൃത്വം കൊടുത്ത എസ്ഡിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ സംഘടനകളാണ് പത്മരാജന് മാസ്റ്റര്‍ക്കെതിരെയുള്ള പ്രചാരണത്തിനും നേതൃത്വം നല്‍കുന്നതെന്നും ജീജ ഡിജിപിക്ക് നല്കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ചില ദ്യശ്യമാധ്യമ പ്രവര്‍ത്തകര്‍ കാണിക്കുന്ന അമിതാവേശവും സംശയമുണര്‍ത്തുന്നതാണ്. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി, ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിച്ചുകൊണ്ടാണ് ഒരു ചാനല്‍ ഇക്കാര്യം സംപ്രേഷണം ചെയ്തത്. സിഎഎക്കെതിരെ ദല്‍ഹിയില്‍ നടന്ന ജിഹാദി കലാപത്തിന് എരിവു പകരുന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ടതിന്റെ പേരില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചെറുതെങ്കിലുമുള്ള പിടി വീണ ചാനലാണിതെന്നോര്‍ക്കണം. എന്നാല്‍ ജനവികാരം തീര്‍ത്ത തിരിച്ചറിവുകൊണ്ടോ എന്തോ, ഒടുവിലായി അവര്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ പത്മരാജന് മാസ്റ്റര്‍ കുറ്റവാളിയാണെന്ന് തങ്ങള്‍ പറയുന്നില്ലെന്നും അക്കാര്യം കോടതി തീരുമാനിക്കട്ടെ എന്നും പറഞ്ഞു വെയ്ക്കുന്നുണ്ട്. എന്നാല്‍ തുടക്കത്തില്‍ അതായിരുന്നില്ല ഈ ചാനലിന്റെ നിലപാട്. മനല്‍ റിപ്പോര്‍ട്ടറുടെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലവും ബന്ധങ്ങളും പരക്കെ സംശയിക്കപ്പെടുന്നുണ്ടെന്നതും കണക്കിലെടുക്കേണ്ടതാണ്.
പരാതി ഉയര്‍ന്നപ്പോള്‍ തന്നെ പാനൂര്‍ പോലീസ് ചടുലമായ അന്വേഷണം ആരംഭിച്ചതാണ്. കുറ്റാരോപിതനായ വ്യക്തി സംഭവദിവസം സ്ഥലത്തുണ്ടായിരുന്നില്ലെന്നതിന് ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള അന്വേഷണത്തിലൂടെ ബോധ്യപ്പെടുത്താനാവുമെന്ന് പത്മരാജന്റെ ഭാര്യ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല, പത്മരാജന്റെ സഹപ്രവര്‍ത്തകരും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. പീഡനം നടന്നുവെന്ന് പറയപ്പെടുന്ന ശുചിമുറി ക്ലാസ് മുറികള്‍ക്ക് അഭിമുഖമായി ഏതാണ്ട് മൂന്നു മീറ്റര്‍ മാത്രം അകലത്തിലുള്ളതാണ്. കുട്ടി നല്കിയ മൊഴിയില്‍ അസ്വാഭാവികതയും പൊരുത്തക്കേടുകളുമുണ്ട് എന്ന വാദം പ്രസക്തമാവുന്നതും അവിടെയാണ്. അരുതാത്തത് സംഭവിച്ചിട്ടുണ്ടെങ്കില്‍ ആര്, എപ്പോള്‍, എവിടുന്ന് എന്ന് തെളിയിക്കപ്പെടുക തന്നെ വേണം. ആക്രമിക്കപ്പെട്ട ആ കുരുന്നിനും കുടുംബാംഗങ്ങള്‍ക്കും നീതി ലഭ്യമാക്കണം. തങ്ങളുടെ കുത്സിത പ്രവൃത്തികള്‍ക്ക് തടസ്സമായേക്കാവുന്നവരെ തെരഞ്ഞുപിടിച്ച് ഇല്ലായ്മ ചെയ്യാന്‍ ഇത്തരം സംഭവങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കു നേരെ നിസ്സംഗത പാലിച്ചാല്‍ ഭാവിയില്‍ ഏറെ വില നല്‍കേണ്ടി വരും.
പത്മരാജന് മാസ്റ്ററുടെ അറസ്റ്റിനെത്തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ സംഘടിത പ്രചാരണത്തിന്റെ മലവെള്ളപ്പാച്ചിലായിരുന്നു. പലതിന്റെയും ഉറവിടം ജിഹാദി മുദ്രാവാക്യങ്ങളുയര്‍ത്താറുള്ള കേന്ദ്രങ്ങളായിരുന്നുവെന്നത് യാദൃച്ഛികമല്ല. അവര്‍ക്ക് മംഗളപത്രങ്ങളെഴുതി പൊന്നാട സ്വീകരിക്കുന്ന ചില പ്രതികരണ പ്രതിഭകളും ദേശീയ പ്രസ്ഥാനങ്ങളെന്ന് കേള്‍ക്കുമ്പോള്‍ സമനില തെറ്റി തെറിപ്പാട്ടുമായി ഉറഞ്ഞ് തുള്ളുന്ന ഫേസ്ബുക്ക് ജീവികളായ കഥയെഴുത്തുകാരും അതേറ്റു പിടിച്ചു. സ്ത്രീത്വത്തിന്റെ കാവലാളുകളെന്ന കാപട്യം മുഖാവരണമായണിഞ്ഞ അത്തരക്കാരില്‍ ചിലര്‍ ഈ വിഷയത്തില്‍ ചീമുട്ടയെറിയാന്‍ ഒരു യുവതിയെയും തെരഞ്ഞുപിടിച്ചു. എബിവിപിയുടെ സംസ്ഥാന സമിതി അംഗമായിരുന്ന ശ്രുതി പൊയിലൂര്‍ എന്ന പൊതുപ്രവര്‍ത്തകയായിരുന്നു അത്. പാനൂര്‍ പ്രദേശത്ത് ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് ശ്രുതി. അവരുടെ ഭര്‍ത്താവ് ബിജെപി പ്രാദേശിക നേതാവും അധ്യാപകനുമായ മനോജും നിന്ദ്യമായ സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടി വന്നു. ഇപ്പോള്‍ ഈ ദമ്പതിമാരെക്കൂടി കേസില്‍ കുരുക്കാനുള്ള സംഘടിത നീക്കം ആരംഭിച്ചിട്ടുണ്ട്. പലതിന്റെയും പരീക്ഷണശാലയാണ് കേരളം. മതമൗലിക തീവ്രവാദ സംഘടനകള്‍ പല ബ്രാന്‍ഡുകളില്‍ പല തലങ്ങളില്‍ സജീവമാണിവിടെ. തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും പടര്‍ന്നു കയറാനും പുത്തന്‍ മാര്‍ഗങ്ങള്‍ തേടുന്നതില്‍ വിദഗ്ധര്‍. ഏറെ കുപ്രസിദ്ധി നേടിയ ലൗ ജിഹാദ് പോലുള്ള പ്രതിഭാസങ്ങള്‍ക്ക് ഹരിശ്രീ കുറിച്ചതും കേരളത്തിലാണെന്ന് മറക്കരുത്. പുതിയ തരം ജിഹാദിന്റെ അരങ്ങേറ്റം പോക്സോ കേസുകളിലൂടെ പരീക്ഷിക്കപ്പെടില്ലെന്ന് ഉറപ്പിക്കാനാവില്ല. ആള്പിടിയന് ആള് ഭേദമില്ലെന്നാണല്ലോ. സാധ്യമായ ഒരു മാര്‍ഗമായി ഇത്തരം സംഭവങ്ങള്‍ ഉപയോഗപ്പെടുമ്പോള്‍ അത്തരക്കാര്‍ വെറുതെയിരിക്കില്ലെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും കാര്യകര്‍ത്താക്കളുമായി അനേകം പേര് അധ്യാപന രംഗത്തും മറ്റും ജനകീയാംഗീകാരം നേടിയവരായുണ്ട്. അവരെ വീഴ്ത്താനുള്ള ഒന്നാന്തരം ഉപകരണമായി പോക്സോ നിയമം കൈകാര്യം ചെയ്യപ്പെടാന്‍ ഇടയായിക്കൂടാ. സൂക്ഷ്മതയും ജാഗ്രതയും കൂടുതല്‍ അനിവാര്യമാകുന്നു.
ബലിയാടുകളെ തേടിപ്പോവുകയല്ല സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും ചെയ്യേണ്ടത്. എന്നാല്‍ ഇവിടെ കാണുന്നത് അതാണ്. ഭരണകക്ഷിയും പ്രതിപക്ഷവും കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. സംഘടിത മതസമൂഹത്തിന്റെ മുമ്പില്‍ നല്ല കുട്ടികളാവാന്‍ ശ്രമിക്കുന്നത് ദൂരവ്യാപക ഫലങ്ങളുളവാക്കും. ഇക്കഴിഞ്ഞ ദിവസം പത്മരാജന് മാസ്റ്ററുടെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമര നാടകത്തിന് കാര്‍മികത്വം വഹിച്ചത് കണ്ണൂരിലെ പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ പട്ടണത്തില്‍ ഒരു പശുക്കുട്ടിയെ പരസ്യമായി കഴുത്തറുത്ത് കൊന്ന് ബീഫ് ഫെസ്റ്റ് നടത്തിയതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ശാസന നേരിട്ട് കേള്‍ക്കുകയും, ഇതിന്റെ പേരില്‍ പാര്‍ട്ടി നടപടി നേരിടുകയും ചെയ്തയാളാണ് ഈ മാന്യന്. ഇപ്പോള്‍ നടത്തുന്ന ഈ കളി എന്താണെന്നും എന്തിനാണെന്നും മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഒറ്റക്കാര്യമേ പറയാനുള്ളൂ, ശിശുക്കളും ബാലികാബാലന്മാരും എല്ലാം കൊണ്ടും സുരക്ഷിതരാകണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. നിരപരാധികള്‍ വേട്ടയാടപ്പെടുകയുമരുത്, എന്തിന്റെ പേരിലായാലും.
സി. സദാനന്ദന് മാസ്റ്റര്‍
(ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: