തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നല്കിയ റേഷന്‍ അട്ടിമറിക്കാന്‍ ശ്രമനടക്കുന്നുവെന്ന് ബിജെപി സെക്രട്ടറി അഡ്വ. കെപി പ്രകാശ്ബാബു. സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ വരെ റേഷന്‍ നല്‍കിയത് റേഷന്‍കാര്‍ഡ് നമ്പര്‍ മാത്രം രേഖപ്പെടുത്തിയിട്ടാണ്. റേഷന്‍ കടകളിലൂടെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സൗജന്യ റേഷന്‍ ലഭിക്കുന്നതിന് ഇന്നലെ വരെ ഇല്ലാത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത് കേന്ദ്രറേഷന്‍ വിതരണം അട്ടിമറിക്കാനുള്ള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പരിശ്രമത്തിന്റെ ഭാഗമാണെന്ന് അദേഹം ആരോപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഇതു വരെ റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്തത് മാനുവല്‍ സംവിധാനം വഴിയായിരുന്നു. എന്നാല്‍ നാളെ മുതല്‍ വിതരണം ചെയ്യുന്ന കേന്ദ്ര സൗജന്യ അരി വാങ്ങുന്നതിന്, ഗൃഹനാഥ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ കൊണ്ടുപോയി, കടക്കാരന് ഒടിപി പരിശോധിച്ച് മാത്രമേ റേഷന്‍ നല്‍കൂ എന്ന നിബന്ധന വച്ചിരിക്കയാണ്.ഇതു കോവിഡ് ദുരിതകാലത്ത് കഷ്ടതയനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
രജിസ്റ്റര്‍ ചെയ്ത മൊബൈലുള്ളയാള് ഒരു പക്ഷെ മറ്റെവിടെയെങ്കിലും ആയിരിക്കുകയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് രജിസ്റ്റര്‍ ചെയ്ത നമ്പര്‍ നിലവിലില്ലാതിരിക്കുകയോ ചെയ്യാമെന്നിരിക്കെ ഇത് അരി നിഷേധിക്കുന്നതിനുള്ള കാരണമായി റേഷന്‍ ഉടമ കണക്കാക്കുകയും കേന്ദ്രത്തിനെതിരെ പ്രചരണം നടത്താനുമാണ്. മൂന്ന് മാസമാണ് കേന്ദ്രം മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്ക് സൗജന്യ റേഷന്‍ അരി ഒരു വ്യക്തിക്ക് 5 കിലോ എന്ന രീതിയില്‍ നല്‍കുന്നത്.
അടിയന്തിരമായി സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ഇറക്കിയ ഉത്തരവ് പിന്‍വലിച്ച് പാവങ്ങള്‍ക്ക് അരി ലഭിക്കുന്നതിന് പഴയ മാന്വല്‍ രീതിതന്നെ തുടരണം. ഇന്നലെ വരെ കൊടുത്ത മാന്വല്‍ രീതിയില്‍ നിന്ന് പൊടുന്നനെ മൊബൈല്‍ ഒടിപി സംവിധാനത്തിലേക്ക് മാറ്റിയതിന് പിന്നില്‍ കേന്ദ്രം നല്കുന്ന അരി വിതരണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണ്. അഴിമതി തടയാനാണ് ഇത് ചെയ്തതെങ്കില്‍ കഴിഞ്ഞ ഒരു മാസക്കാലത്തെ അരി വിതരണത്തില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: