അരിമ്പൂര്‍: ചേറ്റുപുഴ കിഴക്കേ കോള്‍പ്പടവില്‍ കൊയ്തെടുത്ത നെല്ല് ഏറ്റെടുക്കാതെ മില്ലുകാരുടെ ക്രൂരത. അയ്യായിരം ചാക്ക് നെല്ല് പാടത്തുതന്നെ കിടക്കുകയാണ്. വേനല്‍മഴയെ പേടിച്ച് കഴിയുന്ന കര്‍ഷകര്‍ക്കിത് ഇരുട്ടടിയായി. ഒരു മഴ പെയ്താല്‍ നെല്ല് മുഴുവന്‍ ഉപയോഗ ശൂന്യമാകും. മഴ പേടിച്ച് മൂന്ന് യന്ത്രങ്ങളുപയോഗിച്ച് രാപകലില്ലാതെയാണ് കര്‍ഷകര്‍ നൂറേക്കറിലെ കൊയ്ത്ത് നടത്തിയത്.
150 ടണ്‍ നെല്ലാണ് പാടത്ത് കിടക്കുന്നത്. നെല്ലിന് ഈര്‍പ്പം കൂടുതലാണെന്ന് പറഞ്ഞാണ് മില്ലുകാര്‍ പിന്‍വാങ്ങിയത്. സപ്ലൈക്കോയുടെ നിര്‍ദ്ദേശാനുസരണം പവിഴം മില്ലുകാരുമായിട്ടാണ് പടവ് കമ്മിറ്റി ധാരണയിലെത്തിയത്. കരാര്‍ പ്രകാരം 5,000 കാലിചാക്കുകള്‍ മില്ലുകാര്‍ പടവ് കമ്മിറ്റിക്ക് നല്‍കുകയും അവരത് കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്തു. വിളവെടുപ്പ് വളരെ വേഗം നടക്കുകയും ചാക്കിലാക്കി അട്ടിയിട്ട നെല്ല് കയറ്റി കൊണ്ട് പോകാന്‍ നാല് ലോറികള്‍ വരികയും ചെയ്തു.
എന്നാല്‍ നെല്ലിന് ഈര്‍പ്പ മുള്ളതിനാല്‍ ക്വിന്റലിന് ഒന്ന് മുതല്‍ ഏഴ് കിലോ വരെ തൂക്കത്തില്‍ കുറക്കണമെന്ന വിചിത്ര വാദം ഉയര്‍ത്തിയതോടെ കര്‍ഷകര്‍ വിസമ്മതിച്ചു. ചാക്കിലാക്കിയ നെല്ലെല്ലാം ഒന്ന് കൂടി ഉണക്കി വീണ്ടും ചാക്കിലാക്കി തന്നാല്‍ തൂക്കത്തില്‍ കുറക്കാതെയെടുക്കാമെന്ന അപരിഷ്കൃത നിലപാടിലേക്ക് മില്ല് ഉടമകള്‍ മാറിയതോടെ കര്‍ഷകര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
തുടര്‍ന്ന് നെല്ല് എടുക്കാതെ പവിഴം മില്ലുകാര്‍ സ്ഥലം വിട്ടു. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് പടവ് കമ്മിറ്റി പ്രസിഡന്റ് പി. കെ. ഡേവിഡും സെക്രട്ടറി കെ. വി .സുരേന്ദ്രനും മന്ത്രി എ.സി.മൊയ്തിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നെല്ല് കയറ്റി കൊണ്ട് പോകുന്നതിനുള്ള നടപടി മന്ത്രി ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: