തിരുവനന്തപുരം: കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ രോഗികളുടെ അടക്കം വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയെ നിയോഗിച്ചതിനു പിന്നില്‍ വന്‍ അഴിതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഐടി വകുപ്പ് പുറത്തുവിട്ട രേഖകള്‍ എല്ലാം തട്ടിക്കൂട്ടാണ്. കരാറിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്. സ്പ്രിന്ക്ലെര് കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സംബന്ധിച്ച വിശദ അന്വേഷണം നടത്തിയാല്‍ പലതും പുറത്തുവരും, അതൊന്നും ഇപ്പോള്‍ പറയുന്നില്ല. അന്താരാഷ്ട്ര കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട് കേന്ദ്ര-സംസ്ഥാന മാനദണ്ഡങ്ങള്‍ ഒന്നും ഇതില്‍ പാലിക്കപ്പെട്ടില്ല. കരാറുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഫയല്‍ പോലുമില്ല. ഇതുമായി ബന്ധപ്പെട്ട ഫയല്‍ ആവശ്യപ്പെട്ടിട്ടും തനിക്ക് നല്‍കിയിട്ടില്ല. കരാറില്‍ ഏര്‍പ്പെട്ട അമേരിക്കന്‍ കമ്പനി ഡേറ്റാ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടിട്ടുള്ള കേസില്‍ ഉള്‍പ്പെട്ടവരാണ്. രണ്ടുവര്‍ഷമായി കേസ് തുടരുകയാണ്. കരാറുമായി ബന്ധപ്പെട്ട് ഏതെങ്കിലും കേസ് ഉണ്ടായാല്‍ കേസ് കൊടുക്കേണ്ടത് ന്യൂയോര്‍ക്കിലെ കോടതിയിലാണെന്നു കമ്പനി നല്കിയ രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ നിയമസംവിധാനവുമായി ഇപ്പോഴത്തെ കരാറിന് ഒരു ബന്ധവുമില്ല.
കരാറുമായി ബന്ധപ്പെട്ട് കമ്പനിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയോ എന്നു വ്യക്തമാക്കണം. കോവിഡുമായി ബന്ധപ്പെട്ട് മാത്രമല്ല, സംസ്ഥാനത്തെ റേഷന്‍ വാങ്ങുന്ന 80 ലക്ഷത്തോളം ജനങ്ങളുടെ വിവരങ്ങളും ഈ കമ്പനി ശേഖരിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനി ചോര്‍ത്തുകയാണ്. പ്രളയകാലത്തും സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചവരാണ് ഈ കമ്പനി എന്നാണ് ഇപ്പോള്‍ മന്ത്രിമാര്‍ പറയുന്നത്. എന്നാല്‍, ഇത്തരത്തില്‍ ഒരു വിവരവും മാധ്യമങ്ങള്‍ക്കോ പ്രതിപക്ഷത്തിനോ ഇല്ല. ഈ കമ്പനിയുമായി ബന്ധപ്പെട്ട ദുരൂഹത ഏറുകയാണ്. വിഷയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിക്കുള്ള പങ്ക് വ്യക്തമാക്കണം. കമ്പനിയുടെ സര്‍വീസ് സൗജന്യമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, കോവിഡിനു ശേഷം തങ്ങളുടെ സര്‍വീസ്തുക എത്രയെന്ന് അറിയിക്കുമെന്നാണ് കമ്പനി നല്കിയ രേഖകള്‍ വ്യക്തമാക്കുന്നത്. താന്‍ ഡേറ്റാ ചോര്‍ച്ച ആരോപണം ഉന്നയിച്ച ശേഷം കമ്പനി അയച്ച ഇ മെയ്ലുകളാണ് ഇപ്പോള്‍ കരാറുമായി ബന്ധപ്പെട്ട് പുറത്തുവിട്ടിരിക്കുന്നത്. എല്ലാ സുതാര്യമെങ്കില്‍ എന്താണ് കരാര്‍ നേരത്തേ പുറത്തുവിടാത്തതെന്നും ചെന്നിത്തല. ഇക്കാര്യങ്ങള്‍ മുഖ്യന്ത്രി ഇനിയും ഒന്നും പറയില്ലെന്നും കൂടുതല്‍ പറഞ്ഞാല്‍ കുടങ്ങുമെന്ന് മുഖ്യമന്ത്രിക്കറിയാം. കോവിഡുമായി ബന്ധപ്പെട്ടുള്ള ഒരു വകുപ്പുകള്‍ക്കും അമേരിക്കന്‍ കമ്പനിയുമായി ബന്ധപ്പെട്ട കരാര്‍ സംബന്ധിച്ച് ഒരു വിവരവും ഇല്ലെന്നും ഐടി സെക്രട്ടറിയെ മാറ്റിയില്ലെങ്കില്‍ ഇനിയും തട്ടിപ്പു രേഖകള്‍ സൃഷ്ടിക്കപ്പെടുമെന്നും ചെന്നിത്തല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: