മുക്കം: കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് മുക്കം അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ നടുത്തൊടികയില്‍ വിജയന് ഒരു ഫോണ്‍ വന്നത്. ഫോണിന്റെ മറുഭാഗത്ത് ഒരു പഴയ സന്നദ്ധ സേനാംഗം. തന്റെ സുഹൃത്തായ എടവണ്ണപ്പാറ സ്വദേശി ജവാദിന് രക്താര്‍ബുദത്തിന് മുംബെയില്‍ നിന്നും ഒരു മരുന്ന് എത്തിക്കണം. ലോക്ഡൗണായതിനാല്‍ മരുന്ന് കൊണ്ടുവരാന്‍ ഒരു രക്ഷയുമില്ല. എങ്ങിനെയെങ്കിലും സഹായിക്കണം.
റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള മരുന്നാണ്. മരുന്ന് മുംബൈ താനെക്ക് സമീപമുള്ള ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. പക്ഷെ ഒരു ഉപാധി, നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ ഒഴിവായ ആറ് ബോട്ടിലുകള്‍ കമ്പനിയിലെത്തിക്കണം. ഗതാഗതത്തിന് തടസ്സമുള്ള ഈ സമയത്ത് കിലോമീറ്ററുകള്‍ അപ്പുറത്തേക്കും അവിടെ നിന്ന് ഇങ്ങോട്ടും മരുന്ന് എങ്ങനെ എത്തിക്കും.
ശ്രമിക്കാമെന്ന് മറുപടി പറഞ്ഞ് ഫോണ്‍ വെച്ച നടുതൊടികയില്‍ വിജയനും അഗസ്ത്യന്മുഴി സ്വദേശിയായ റൈനീഷ് നീലാംബരിയും ഉടന്‍ തന്നെ തന്റെ സുഹൃത്ത് ഇന്ത്യന്‍ ആര്‍മിയിലെ മേജര്‍ റിനൂപിനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. മരുന്ന് ഉള്‍പ്പെടെ ലഭിക്കാതെ ആരും ബുദ്ധിമുട്ടിലാവരുതെന്ന സംസ്ഥാന അഗ്നി രക്ഷാ മേധാവിയുടെ നിര്‍ദേശവും മുക്കം അഗ്നി രക്ഷാ സേനക്ക് കരുത്തായി. വിവരമറിഞ്ഞപ്പോള്‍ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരന് രണ്ടാമതൊന്ന് ആലോചിക്കാതെ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
ബോട്ടിലുമായി മുംബെയിലേക്കും തിരിച്ചും രണ്ട് യാത്രകള്‍ പ്രായോഗികമല്ലന്ന് മനസിലാക്കിയ റിനൂപ് മരുന്ന് കമ്പനിയുമായി ബന്ധപ്പെട്ടു. കാര്യങ്ങള്‍ ബോധ്യപ്പെട്ട കമ്പനി തല്ക്കാലം ബോട്ടിലുകള്‍ ഇല്ലാതെ തന്നെ മരുന്ന് നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. ലോക്ഡൗണ്‍ കഴിഞ്ഞ് മേജര്‍ റിനൂപിന്റെ ഉത്തരവാദിത്വത്തില്‍ ബോട്ടിലുകള്‍ തിരിച്ചെത്തിക്കാമെന്ന ഉറപ്പിലായിരുന്നു കമ്പനി സമ്മതം മൂളിയത്.
അടുത്ത ദൗത്യം മരുന്ന് മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിക്കുക എന്നതായിരുന്നു. ഒരു വാഹനം പോലും ഈ റൂട്ടില്‍ യാത്രയില്ലാത്ത ഈ അവസ്ഥയില്‍ എന്ത് ചെയ്യും. തന്റെ പരിചയക്കാരായ ട്രക്കിംഗ് ടീമുമായി ബന്ധപ്പെട്ട് പദ്ധതി ആസൂത്രണം ചെയ്തു. ഒരു വനിത താരം ഉള്‍പ്പെടെയുള്ള സംഘം സന്തോഷപൂര്‍വ്വം ഈ പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നു. ഈ സമയത്ത് തന്നെ മുംബൈ അസിസ്റ്റന്റ് കമ്മീഷണറെയും മേജര്‍ റിനൂപ് ബന്ധപ്പെട്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു. ഏതെങ്കിലും ഒരു പോലീസ് സ്റ്റേഷനില്‍ മരുന്ന് എത്തിച്ചാല്‍ മുംബൈ വിമാനത്താവളത്തില്‍ മരുന്ന് താന്‍ എത്തിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കുകയും മരുന്ന് എയര്‍പോര്‍ട്ടില്‍ എത്തിക്കുകയും ചെയ്തു. തപാലുമായി വരുന്ന വിമാനത്തില്‍ മരുന്ന് ചെന്നെയിലും എത്തി. ഈ മരുന്ന് ശേഖരിക്കുന്നതിനായി 3.30 ന് അടക്കുന്ന തപാലാഫീസ് ബുധനാഴ്ച പ്രവര്‍ത്തിച്ചത് 3.45 വരെ. വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരുന്ന് ചെന്നൈ എയര്‍പോര്‍ട്ടിലെത്തി. ചെന്നയില്‍ നിന്ന് പാലക്കാട് കേരള അതിര്‍ത്തി വരെ തപാല്‍ വകുപ്പ് തന്നെ മരുന്ന് എത്തിച്ചു. തുടര്‍ന്ന് തപാല്‍ വകുപ്പ് തന്നെ ജവാദിന് മരുന്ന് എത്തിച്ചു നല്‍കുകയായിരുന്നു. രാജ്യത്തിന്റെ പ്രധാനപ്പെട്ട നാല് വകുപ്പുകള്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അവസാനിച്ചത് ഒരു രക്താര്‍ബുദരോഗിയുടെ മരുന്നിനായുള്ള കാത്തിരിപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: