പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍. നാട്ടിലേക്ക് മടങ്ങാന്‍ കാത്തുനില്ക്കുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഊര്ജ്ജിതമാക്കിരിക്കുന്നു. മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ എംബസികളില്‍ ആരംഭിച്ച ഹെല്‍പ്പ് ലൈനുകളുടെ മേല്‍നോട്ടം കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന് നേരിട്ടേറ്റെടുത്തു നിര്വഹിക്കുകയാണിപ്പോള്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലും ദല്‍ഹിയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുകള്‍ ആരംഭിച്ചതായി വി. മുരളീധരന് ജന്മഭൂമിയോട് പ്രതികരിച്ചു.
പ്രവാസികള്‍ക്ക് യാതൊരു തരത്തിലുള്ള ആശങ്കകളും ആവശ്യമില്ലെന്നും എല്ലാ ഇന്ത്യക്കാരുടേയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കേന്ദ്രവിദേശകാര്യ സഹമന്ത്രിയും നേരിട്ടാണ് ഗള്‍ഫ് മേഖലയിലെ അടക്കമുള്ള പ്രവാസികളുടെ പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാക്കുന്നത്. ഇതിന് പുറമേ പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര ആഭ്യന്തര-ആരോഗ്യ മന്ത്രിമാരടക്കമുള്ള സമിതിയും സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നു. ഗള്‍ഫ് മേഖലയിലെ എല്ലാ രാജ്യങ്ങളുടേയും ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് സംസാരിച്ചതോടെയാണ് പ്രവാസി വിഷയങ്ങളില്‍ ഇന്ത്യ നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്.
ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്കായി അടിയന്തര നടപടികള്‍ സ്വീകരിക്കാനാണ് ഗള്‍ഫ് മേഖലയിലെ എംബസികള്‍ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ആരംഭിച്ച് പ്രവാസികളുടെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാനാണ് ശ്രമം. നേരത്തെ ലേബര്‍ ക്യാമ്പുകളില്‍ ജോലി നഷ്ടപ്പെട്ടും ഭക്ഷണ ദൗരലഭ്യം നേരിട്ടും ഇന്ത്യക്കാര്‍ കഴിയുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇവര്‍ക്ക് അടിയന്തിര ആശ്വാസം എന്ന നിലക്കാണ് പരിഹാര നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുന്നത്.
ഗള്‍ഫ് മേഖലയിലേക്ക് മരുന്നുകള്‍ ലഭ്യമാക്കുകയാണ് നിലവില്‍ പ്രധാനമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന് പറഞ്ഞു. മരുന്നുകള്‍ അടക്കമുള്ള അവശ്യ വസ്തുക്കള്‍ ലഭ്യമാക്കാനാണ് ശ്രമം. രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലാണ്. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും നിര്‍ത്തിവെച്ച സാഹചര്യമുണ്ട്. ഇത് പ്രവാസികള്‍ മനസിലാക്കണം. പ്രവാസികളുടെ ആശങ്കകളകറ്റാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.
ഗള്‍ഫിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നടത്തിയ സംഭാഷണത്തില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകളാണ് പ്രധാനമായും നടത്തിയത്. മാര്‍ച്ച് 26ന് തന്നെ യുഎഇ ഭരണാധികാരി ഷെയ്ക് അല്‍ സെയ്ദുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. ഗള്‍ഫ് മേഖലയിലെ ആറ് ഭരണാധികാരികളുമായി പ്രധാനമന്ത്രി ഇതിനകം സംസാരിച്ചുകഴിഞ്ഞു. ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സന്ദര്‍ശക വിസയില്‍ എത്തിയവരുടേയും വിസാ കാലാവധി അവസാനിച്ചവരുടേയും വിഷയത്തില്‍ അനുഭാവപൂര്‍വ്വമായ നടപടിയുണ്ടാവുമെന്നാണ് ഗള്‍ഫിലെ ഭരണാധികാരികള്‍ കേന്ദ്രസര്‍ക്കാരിന് നല്കിയ ഉറപ്പ്.
ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളില്‍ താരതമ്യേന സാമ്പത്തിക സ്ഥിതി കുറഞ്ഞ നിരവധി ആളുകളുണ്ട്. അവര്‍ക്കാവശ്യമായ ചില പ്രത്യേക നടപടികളാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം ആവിഷ്ക്കരിക്കുന്നത്. രണ്ടോ മൂന്നോ വിമാനത്തില്‍ തിരികെ എത്തിക്കാനാവുന്നതല്ല ഗള്‍ഫിലെ ഇന്ത്യന്‍ പൗരന്മാരുടെ എണ്ണമെന്ന് എല്ലാവരും മനസിലാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് പ്രവാസികള്‍ക്ക് അവിടെ തന്നെ തുടരാന്‍ സാധിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങള്‍ക്കാണ് എംബസികള്‍ പരിശ്രമിക്കുന്നത്. ഇന്ത്യന്‍ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള സ്കൂളുകളും സ്ഥാപനങ്ങളും പ്രത്യേക ക്വാറന്റൈന് കേന്ദ്രങ്ങളാക്കാനുള്ള അനുമതിക്കായി ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. ലേബര്‍ ക്യാമ്പുകളില്‍ മരുന്നും ഭക്ഷണവും എത്തിക്കുകയെന്നത് ഉറപ്പുവരുത്താനാണ് ആദ്യശ്രമം. പ്രവാസി സംഘടനകളെക്കൂടി സഹകരിപ്പിച്ചാണ് എംബസികളുടെ പ്രവര്‍ത്തനം.
എന്നാല്‍ വിമാന സര്‍വ്വീസുകള്‍ മെയ് വരെ പുനരാരംഭിക്കരുത് എന്ന നിലപാടാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതുവരെ പ്രവാസികള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. ഇത്രയധികം ആളുകളെ കൊണ്ടുവന്നാല്‍ തന്നെ ക്വാറന്റൈന് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരു സംസ്ഥാനത്തിനുമില്ല താനും. അതിനാല്‍ തന്നെ പ്രവാസികളെ അവര്‍ കഴിയുന്നിടത്ത് തന്നെ സുരക്ഷിതരാക്കാനുള്ള ശ്രമമാണ് ഇന്ത്യന്‍ എംബസികള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: