കണ്ണൂര്‍: കൊടുംവേനലിന്റെ വറുതിയില്‍ ചെയ്ത ജോലിക്ക് കൂലിപോലുമില്ലാതെ വനവാസികളുള്‍പ്പെടെ നൂറുകണക്കിന് തൊഴിലാളികള്‍. ദൂരിതപര്വ്വം തള്ളിനീക്കാന്‍ കൂട്ടിന് ആനകളുള്‍പ്പെടെയുള്ള വന്യജീവികളും. കൊറോണയുമായി ബന്ധപ്പെട്ട സമ്പര്‍ക്ക വിലക്കിനിടയില്‍ അവര്‍ ദിനങ്ങള്‍ എണ്ണിക്കഴിയുന്നു, തങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് എന്നെങ്കിലും പരിഹാരമാവുമെന്ന പ്രതീക്ഷയുമായി.
സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ആറളം കൃഷി ഫാമിലെ തൊളിലാളികള്‍ക്കാണ് മാസങ്ങളായി ഈ ദുരവസ്ഥ. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അനാസ്ഥ കാരണം വനവാസിസകളുള്പ്പെടെയുള്ള നാനൂറിലധികം തൊഴിലാളികളാണ് നാല് മാസക്കാലമായി ശമ്പളം ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്നത്. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കണ്ണൂര്‍ ജില്ലയിലെ ആറളം ഫാമിംഗ് കോര്പ്പറേഷന് കേരള ലിമിറ്റഡിന് കീഴിലുള്ള ആറളം ഫാമിലെ സ്ത്രീകളടക്കമുളള തൊഴിലാളികളാണ് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം ദുരിതം പേറി ജീവിതം തളളി നീക്കുന്നത്.
തൊഴിലാളി സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുകയും നാഴികയ്ക്ക് നാല്പത് വട്ടം തൊഴിലാളി സ്നേഹത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് സ്വന്തം തൊഴിലാളി പ്രസ്ഥാനത്തില്‍പെട്ട നൂറുകണക്കിന് തൊഴിലാളികള്‍ ഉള്പ്പെടെയുളള്ളവര് വേല ചെയ്ത കൂലി യഥാസമയം ലഭിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നത്. സംസ്ഥാനം മാറിമാറി ഭരിച്ച ഭരണകൂട കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണ് ഇന്ന് ആറളം ഫാം.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ആറളം ഫാം 3500 ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഭൂപ്രദേശമാണ്. ഒരുപക്ഷേ രാജ്യത്തെതന്നെ കാര്‍ഷികമേഖലയിലെ ഏറ്റവും വലിയ ഒരു സര്‍ക്കാര്‍ സംരംഭമാണ് ഫാം. ഒരു കാലത്ത് പ്രതാപത്തോടെ തലയുയര്‍ത്തി നിന്നിരുന്ന, കേള്‍വിക്കേട്ട ഫാം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ഇവിടെ ജോലി ചെയ്യുന്ന 420 ഓളം തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ട് നാലുമാസം പിന്നിടുകയാണ്. ഇതോടെ 60 ശതമാനത്തോളം വരുന്ന വനവാസി തൊഴിലാളികള്‍ കടുത്ത ദുരിതത്തിലും പട്ടിണിയിലാണ്.
മൂന്ന് മാസത്തിലേറെയായി സ്ഥാപനം നാഥനില്ലാ കളരിയാണ്. നിലവിലുളള മാനേജിങ് ഡയറക്ടര്‍ കഴിഞ്ഞ ഡിസംബറില്‍ വിരമിച്ച ശേഷം ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഫാമിന്റെ താല്‍ക്കാലിക ചുമതല തലശ്ശേരി സബ്ബ് കലക്ടര്‍ക്ക് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. കാര്യക്ഷമമല്ലാത്ത മാനേജ്മെന്റും സര്‍ക്കാരും ചേര്‍ന്നാല്‍ ഒരു പൊതുമേഖലാ സ്ഥാപനത്തെ എങ്ങിനെ തകര്‍ക്കാമെന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ് ഇന്ന് ഫാം.
കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുവെന്ന് കുറ്റപ്പെടുത്തുന്ന ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനത്തിനാണ് ഇത്തരമൊരു ഗതി വന്നുചേര്‍ന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരുന്ന ഫാം 2004ല്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുകയും പൊതുമേഖലാ കമ്പനിയാക്കി മാറ്റുകയും ചെയ്തതോടെയാണ് സ്ഥാപനത്തിന് ഇന്നത്തെ ദുസ്ഥിതി വന്നുചേര്‍ന്നതെന്ന് ഫാമിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും നാട്ടുകാരും ഏകസ്വരത്തില്‍ പറയുന്നു.
2010ല്‍ ആറളം ഫാമിംഗ് കോര്പ്പറേഷന് കേരള ലിമിറ്റഡ് എന്ന പേരില്‍ രൂപം കൊണ്ട കമ്പനിയുടെ ഓഹരികള്‍ നൂറുശതമാനവും ഇന്നും സര്‍ക്കാറിന്റെ കൈകളിലാണ്. 7000 ഏക്കര്‍ ഉണ്ടായിരുന്ന ഭൂമിയില്‍ 3500 ഏക്കര്‍ ഭൂമി വിവിധ ഘട്ടങ്ങളിലായി വനവാസി പുനരധിവാസത്തിനായി മാറ്റിവയ്ക്കുകയും മൂവായിരത്തിലധികം പേര്‍ക്ക് ഒരേക്കര്‍ വീതം ഭൂമി പതിച്ചു നല്‍കുകയും ചെയ്തു. ഭൂമി ലഭിച്ച പലരും വന്യമൃഗശല്യം അടക്കമുള്ള പല കാരണങ്ങളാല്‍ ഭൂമി ഏറ്റെടുക്കാതിരിക്കുകയോ ഏറ്റെടുത്തവ പിന്നീട് ഉപേക്ഷിക്കുകയോ ചെയ്തു. ഇന്ന് 1670 താമസക്കാര്‍ മാത്രമാണ് സര്‍ക്കാര്‍ ഭൂമിയില്‍ താമസിച്ചു വരുന്നത്. മിച്ചഭൂമിയായി ലഭിച്ച ഭൂമി പലരും ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തി വീണ്ടും സര്‍ക്കാര്‍ ഏറ്റെടുത്തു മറ്റുള്ളവര്‍ക്ക് വിതരണംചെയ്യാന്‍ തയ്യാറെടുപ്പുകള്‍ നടക്കുകയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: