മലപ്പുറം: കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ പഞ്ചായത്ത് മെമ്പറുടെ മകന് അപമാനിച്ചതില്‍ മനംനൊന്ത് വയോധികന് പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തി ഭക്ഷണത്തിന്റെ പണം അടച്ചു. നിലമ്പൂര്‍ കരുളായി പഞ്ചായത്തിലാണ് വിവാദമായ സംഭവം നടന്നത്. ‘വേണമെങ്കില്‍ ഞണ്ണിക്കോ തന്തേ മൂന്നാല് ദിവസമായിട്ട് ഫ്രീയായി ഞണ്ണുന്നതല്ലേ’ എന്നു ഭക്ഷണം കൊണ്ടുവന്ന് നല്കിയ സന്നദ്ധ പ്രവര്ത്തകന് കൂടിയായ പഞ്ചായത്ത് മെമ്പറുടെ മകന് പറഞ്ഞുവെന്ന് ഇദ്ദേഹം ആരോപിക്കുന്നു. ഇതിനെപറ്റി ഒരു വീഡിയോ പുറത്തായതോടെയാണ് സംഭവം വിവാദമായത്. സന്നദ്ധ പ്രവര്‍ത്തകനായ അബു നൗഫല്‍ കഴിച്ച ഭക്ഷണത്തിന് കണക്കു പറഞ്ഞുവെന്ന് പരാതിക്കാരനായ ഖാലിദ് പറയുന്നു.
സൗജന്യ റേഷന്‍ കിട്ടുന്നില്ലേ, പിന്നെന്തിന് ഭക്ഷണം വാങ്ങുന്നുവെന്ന് ഇയാള്‍ ചോദിച്ചതായി ഖാലിദ് പറയുന്നു. അവഹേളനത്തെ തുടര്‍ന്ന് ഭക്ഷണപൊതി തിരിച്ചുകൊടുത്ത ഇദ്ദേഹം അഞ്ചു ദിവസം കഴിച്ച ഭക്ഷണത്തിന് വിലയായി മൂന്നൂറ് രൂപ പഞ്ചായത്ത് ഓഫീസില്‍ കൊണ്ടുപോയി കൊടുത്തു. എന്നാല്‍, പണം വാങ്ങാതെ ക്ഷമ ചോദിച്ച് പഞ്ചായത്ത് സെക്രട്ടറി മടക്കിവിട്ടുകയായിരുന്നു. അപമാനിക്കപ്പെട്ട സങ്കടത്തിലാണ് സമൂഹ അടുക്കള വഴി ഭക്ഷണം വാങ്ങിതിന് പണം തിരിച്ച് നല്കാന് തയ്യാറായതെന്ന് ഖാലിദ് വ്യക്തമാക്കുന്നു. സിപിഎം വനിതാ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫാത്തിമ സലിമിന്റെ മകനാണ് സന്നദ്ധ പ്രവര്‍ത്തകനായ അബു നൗഫല്‍.
സന്നദ്ധപ്രവര്‍ത്തകനില്‍ നിന്ന് നേരിട്ട അപമാനത്തെപ്പറ്റി ഖാലിദ് വീഡിയോയില്‍ പറയുന്നത് ഇങ്ങനെ: ഒരു വളണ്ടിയര്‍ ഒരു വീട്ടില്‍ ചെന്നാല്‍ അവരോട് എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന മര്യാദയുള്ളവരെ അയക്കാവൂ എന്ന് സെക്രട്ടറിയോട് പറഞ്ഞു. എനിക്ക് അവരുടെ ഭക്ഷണമേ വേണ്ട. പഞ്ചായത്തില്‍ ഭക്ഷണത്തിന്റെ പൈസ കൊടുക്കാനായിട്ട് പോയതാണ്. ഞാന്‍ നക്കിയതല്ലേ അതിന്റെ പൈസ കൊടുക്കണ്ടേ? ഞണ്ണിയല്ലോ എന്നതിന്റെ അര്‍ത്ഥം എന്താ ?, നാലഞ്ചുദിവസം ഞണ്ണിയല്ലോ എന്നാ പറഞ്ഞതെന്ന് ഇദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: