ഗുരുവായിവരിച്ച ദേവരാജന്‍ മാസ്റ്ററെ മനസാ സ്മരിക്കാതെ ഒരു പാട്ടിനും അര്ജ്ജുനന് മാസ്റ്റര്‍ ഈണമൊരുക്കിയിട്ടില്ല. എന്നാല്‍ ഇടയ്ക്ക് ദേവരാജന്‍ അര്‍ജ്ജുനനോട് അകല്‍ച്ചയുണ്ടായി. കാളിദാസ കലാകേന്ദ്രം അച്ഛനും വാപ്പയും എന്ന നാടകം ചെയ്തു. അതില്‍ ഒഎന്‍വി എഴുതി ദേവരാജന്‍ ഈണമിട്ടിരുന്നു. അതൊന്ന് മാറ്റി ചെയ്യണമെന്ന് നാടകക്കാര് അര്‍ജ്ജുനനോട് പറഞ്ഞു. ഗുരുശാപം തലയിലേറ്റാനാവില്ലെന്ന നിലപാടെടുത്ത അര്ജ്ജുനന് പറ്റില്ലെന്ന് പറഞ്ഞു. ഒഎന്‍വിയെക്കൊണ്ട് പുതിയൊരു പാട്ടെഴുതിച്ചാല്‍ സംവിധാനം ചെയ്യാമെന്നായി. അതിനൊന്നും സമയമില്ലെന്ന് നാടകക്കാര്. കുറേ പേരുടെ ജീവിതമാണ് സഹായിക്കണമെന്ന അഭ്യര്‍ത്ഥനയും. ഒടുവില്‍ സമ്മതിക്കേണ്ടിവന്നു. പാട്ടിന് ഈണമിട്ടു. വിവരമറിഞ്ഞ ദേവരാജന്‍ മാസ്റ്റര്‍ അര്ജ്ജുനന് ഒരു കത്തെഴുതി. ഇനിയെന്നെ കാണുകയോ ഫോണ്‍ ചെയ്യുകയോ കത്തെഴുതുകയോ ചെയ്യരുതെന്ന്. ആ പിണക്കം ഏറെക്കാലം നീണ്ടു.
1995ല്‍ അര്ജ്ജുനന് മാസ്റ്ററുടെ മകന് തിരുവനന്തപുരത്ത് റിക്കോര്‍ഡിങ് സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ ദേവരാജന്‍മാസ്റ്ററെ വിളിക്കാന്‍ അര്ജ്ജുനന് ദേവരാജന്‍ മാസ്റ്ററുടെ വീട്ടിലെത്തി. മദ്രാസിലെ വീട്ടിലെത്തി ബെല്ലടിച്ചു. അദ്ദേഹത്തിന്റെ ഭാര്യ വന്ന് കതക് തുറന്നു. അര്ജ്ജുനന് വന്നിരിക്കുന്നെന്ന് പറഞ്ഞു. കുറേ നേരമായും അകത്തേക്ക് ക്ഷണിക്കാത്തതിനാല്‍ അകത്തേക്ക് കടന്നു. ദേവരാജന്‍ മാസ്റ്റര്‍ ഒന്നും സംസാരിക്കുന്നില്ല. അര്ജ്ജുനന് മാസ്റ്റര്‍ പൊട്ടിക്കരഞ്ഞു.
”ഞാനെന്റെ മകന്റെ ഒരാവശ്യത്തിന് വന്നതാണ്. മകന് തിരുവനന്തപുരത്ത് റിക്കോര്‍ഡിങ് സ്റ്റുഡിയോ തുടങ്ങുന്നു. അങ്ങ് വന്ന് ഉദ്ഘാടനം ചെയ്യണം”
കുറേനേരം മിണ്ടാതിരുന്നിട്ട് മാസ്റ്റര്‍ തീയതി ചോദിച്ചു. തീയതി പറഞ്ഞപ്പോള്‍ അന്ന് കൊള്ളില്ലെന്ന് പറഞ്ഞു. നല്ല തീയതി ദേവരാജന്‍ മാസ്റ്റര്‍ തന്നെ നിശ്ചയിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ദേവരാജന്‍മാസ്റ്റര്‍ക്ക് അര്ജ്ജുനന് മാസ്റ്ററുമായുള്ള പിണക്കത്തിന്റെ മഞ്ഞുരുകിയത് അങ്ങനെയാണ്.
ഫോര്‍ട്ടുകൊച്ചിയിലെ ശ്രദ്ധേയനായ സംഗീതജ്ഞനും നടനുമായിരുന്നു യേശുദാസിന്റെ പിതാവ് അഗസ്റ്റിന് ജോസഫ്. യേശുദാസ് അന്നൊരു ചെറിയ കുട്ടി. പിതാവ് കച്ചേരിക്ക് പോകുന്നയിടത്തെല്ലാം യേശുദാസിനെയും കൊണ്ടുപോകും. അക്കാലത്ത് പത്രത്തില്‍ പൊന്‍കുന്നം ദാമോദരന്റെ കവിത വന്നു. സുഹൃത്തുക്കള്‍ പറഞ്ഞു അര്ജ്ജുനന് ഇതൊന്ന് ഈണമിടണമെന്ന്. ചിട്ടപ്പെടുത്തിയ കവിത പാടാന്‍ യേശുദാസിനെ വിളിച്ചു. യേശുദാസ് പാടി. ഒരു ടേപ്പ് റിക്കോര്‍ഡറിലാണ് റിക്കോഡ് ചെയ്തത്. ദാസിന്റെ ശബ്ദം ആദ്യം റിക്കോര്‍ഡ് ചെയ്തതും പാട്ടിന് ആദ്യം ഈണമിട്ടതും അങ്ങനെ അര്ജ്ജുനന് മാസ്റ്ററായി.
എ.ആര്. റഹ്മാന്റെ പിതാവ് ആര്.കെ. ശേഖറും അര്ജ്ജുനന് മാസ്റ്ററിന്റെ സുഹൃത്തായിരുന്നു. റഹ്മാനെ ആദ്യമായി ഒരു സ്റ്റുഡിയോയില്‍ കൊണ്ടുപോകുന്നതും കീബോര്‍ഡ് വായിപ്പിക്കുന്നതും അര്ജ്ജുനന് മാസ്റ്ററാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: