കൊല്ലം: ശിവശങ്കരാശ്രമം മഠാധിപതിയായിരുന്ന ശങ്കരാനന്ദസ്വാമിയുടെ ഭൗതികശരീരം ആചാരപ്രകാരം സമാധിയിരുത്തി. ചടങ്ങുകള്‍ക്ക് നിയുക്ത മഠാധിപതി സ്വാമി ആത്മാനന്ദ നേതൃത്വം നല്കി. ആശ്രമത്തിന്റെ അഗ്നികോണില്‍ പ്രത്യേകം നിര്‍മിച്ച അറയില്‍ ദര്‍ഭയും ചമതയും വിരിച്ച് അതിനു മുകളില്‍ ചുറ്റിനും കര്‍പ്പൂരം, ഭസ്മം, കൂവളത്തില എന്നിവ നിറച്ച് വിധിപ്രകാരാണ് സമാധി ഇരുത്തിയത്. സ്വാമിശിവ തീര്‍ഥ, ദിവാകരാനന്ദ ഭാരതി, ബോധേന്ദ്ര തീര്‍ഥ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഗോപാലപിള്ളയും കൃഷ്ണപിള്ളയും യൗവനകാലത്തുതന്നെ ആധ്യാത്മികതയില്‍ താത്പര്യം ഉണ്ടാവുകയും ഗുരുവിനെത്തേടി ദേശം വിട്ടുപോലും അലയുകയും അവസാനം ചവറ തെക്കുംഭാഗത്ത് ശിവശങ്കരഗുരുവിന്റെ അടുത്ത് എത്തുകയും ഉപദേശം തേടുകയുമായിരുന്നു. മഹാജ്ഞാനിയായ അദ്ദേഹത്തിന്റെ പ്രേരണയില്‍ ആശ്രമം സ്ഥാപിക്കുകയും ദീക്ഷ സ്വീകരിച്ച് ശിവാനന്ദയും ശങ്കരാനന്ദയും ആവുകയുമായിരുന്നു.
1997ല്‍ ശിവാനന്ദസ്വാമി സമാധിയായശേഷമാണ് ശങ്കരാനന്ദ മഠാധിപതിയാകുന്നത്. തികഞ്ഞ ലാളിത്യവും വാത്സല്യവും നിറഞ്ഞ അദ്ദേഹം എല്ലാവര്ക്കും പ്രിയപ്പെട്ടയാളായി. തന്നെ സമീപിക്കുന്നവരുടെ നിലയനുസരിച്ച് അവരോട് പെരുമാറുകയും ക്രമേണ അവരെ ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും. ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണമായ ആത്മാര്‍ഥതയും ശ്രദ്ധയും തീരുമാനങ്ങളില്‍ ഉറപ്പും ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതകള്‍. പരമ്പരാഗത ആചാരക്രമങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിച്ച് ആര്‍ഭാടങ്ങളും ഭ്രമങ്ങളുമില്ലാതെ ഇന്നത്തെ നിലയില്‍ ആശ്രമം എത്തിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനും വീടുകളില്‍ പ്രാര്ഥനാനിരതയാരിക്കാനുമുള്ള നിര്‍ദ്ദേശം പാലിച്ചതിന് ഭക്തജനങ്ങളോട് ആശ്രമം ഭാരവാഹികള്‍ നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: