കോഴിക്കോട്: കോഴിക്കോട് നഗരസഭയ്ക്ക് 35.61 കോടിയുടെ കമ്മി ബജറ്റ്. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള കോഴിക്കോട് കോര്‍പ്പറേഷന്റെ ബജ്ജറ്റും 2019 – 20 വര്‍ഷത്തേയ്ക്കുള്ള മതിപ്പ് ബജറ്റും ഇന്നലെ ടാഗോര്‍ ഹാളില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പാസാക്കി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടാഗോര്‍ സെന്ററിനറി ഹാളില്‍ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളോടെ നടന്ന പ്രത്യേക യോഗം രാവിലെ 10ന് ആരംഭിച്ച് 11ന് അവസാനിച്ചു.
ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് ബജറ്റ് അവതരണം. മുന്‍ വര്‍ഷങ്ങളെപ്പോലെ സര്‍ക്കാര്‍ ഗ്രാന്റുകളുടെ പിന്‍ബലത്തിലാണ് മിച്ചബജറ്റ് പ്രതീക്ഷിക്കുന്നത്. 703.44 കോടി രൂപ വരവും 667.83 കോടി ചെലവുമാണ് പ്രതീക്ഷിക്കുന്നത്. 416.56 കോടി റവന്യു വരുമാനവും 238.96 കോടി മൂലധന വരുമാനമാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ചെലവ് 395.35 കോടിയും മൂലധന ചെലവ് 272.48 കോടിയുമാണ്.
8 മിനുട്ട് നീണ്ടു നിന്ന മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ ആമുഖ പ്രസംഗത്തിന് ശേഷം ഡെപ്യൂട്ടി മേയര്‍ മീരാദര്ശകാണ് ബജറ്റവതരിപ്പിച്ചത്. ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ കൗണ്‍സില്‍ അംഗങ്ങള്‍ ഇടകലര്‍ന്ന് ആവശ്യമായ ദൂരം പാലിച്ചുകൊണ്ടായിരുന്നു ടാഗോര്‍ ഹാളിലെ യോഗത്തില്‍ പങ്കെടുത്തത്. അമൃത് പദ്ധതി, പി.എം.എ.വൈ, ഐ. എന്‍.യു.എല്‍.എം തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതിള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചത്.
698.44 കോടി രൂപ വരവും 650.52 കോടി ചെലവും വരുന്ന 2019- 20 വര്‍ഷത്തെ പുതുക്കിയ ബജറ്റും യോഗം അംഗീകരിച്ചു. പുതുതായി പ്രധാന പ്രഖ്യാപനങ്ങളൊന്നുമില്ലാതെയാണ് ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ നാല് ബജറ്റുകളുടെ ആവര്‍ത്തനമാണ് ബജറ്റിലുടനീളം. പല പദ്ധതികളും പൂര്‍ത്തിയായില്ലെന്ന പ്രഖ്യാപനമായിരുന്നു ബജറ്റിലുണ്ടായിരുന്നത്.
മാലിന്യ സംസ്കരണം, അടിസ്ഥാന സൗകര്യ വികസനം, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, സ്ത്രീ സംരക്ഷണം, ഭരണ നിര്‍വഹണം, വിദ്യാഭ്യാസം, കായികം, ആരോഗ്യം, ഭവന നിര്‍മാണം, സ്ത്രീ പക്ഷ വികസനം, പട്ടികജാതി ക്ഷേമം എന്നീ മേഖകളിലെല്ലാം നിലവിലെ പദ്ധതികളുടെ തുടര്‍ച്ചയ്ക്ക് ഫണ്ട് നീക്കിവെച്ചാണ് ഡെപ്യൂട്ടി മേയര്‍ ബജറ്റ് അവതരിപ്പിച്ചത്.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 1.77 കോടി രൂപയും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 91 ലക്ഷം രൂപയും മാര്‍ക്കറ്റുകളുടെ വികസനത്തിന് 29 ലക്ഷം രൂപയും വകയിരുത്തി. ശുചീകരണത്തിന് 2.25 കോടി, തെരുവ് വിളക്കിന് 63 ലക്ഷം, പ്രത്യുത്പാദന സംരഭങ്ങള്‍ക്ക് 10 ലക്ഷം, ശ്മശാനങ്ങളുടെ വികസനത്തിനും നവീകരണത്തിനും 46 ലക്ഷം വകയിരുത്തി. യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി നേതാവ് അഡ്വ. പി.എം. സുരേഷ്ബാബു തന്റെ ഒരു മാസത്തെ ഹോണറേറിയം മേയറുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയായി നല്കി. ചെക്ക് കൈമാറിയതിന് ശേഷം ഹസ്തദാനത്തിന് മുതിര്‍ന്ന മേയര്‍ തോട്ടത്തില്‍ രവീന്ദ്രനോട് നമസ്കാരം പറഞ്ഞുകൊണ്ട് കൊറോണ ചട്ടങ്ങള്‍ ഓര്‍മിപ്പിച്ചത് യോഗഹാളില്‍ ചിരി പടര്‍ത്തി.
യോഗത്തിന് ശേഷം കോ ര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബി.ഡി. ജലജാമണിക്ക് യാത്രയയപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: