കേരളത്തിലെ; അതും പാലക്കാട്ടെ അയ്യര്‍ കുടുംബത്തില്‍ നിന്നും ജ്യോതിഷത്തില്‍ ഡോക്ടറേറ്റെടുത്ത ആള് എന്ന ഖ്യാതി മുംബൈയില്‍ പുയല്‍ പോലെ വീശിപ്പടര്‍ന്നു. അതോടെ പ്രായശ്ചിത്ത പരിഹാരങ്ങള്‍ക്ക് കമ്മീഷന് വാഗ്ദാനം ചെയ്തുകൊണ്ട് ചില പരികര്‍മികളും, രത്നക്കല്ലുകള്‍ക്ക് നിശ്ചിത പര്സെന്റേജ് ഉറപ്പു നല്കി ജ്വല്ലറി ഉടമകളും, രക്ഷകളും യന്ത്രങ്ങളും മുറപ്പടി ചെയ്തു കൊടുക്കുന്ന ചില ഏജന്റുമാരും എന്നെ സമീപിക്കാന്‍ തുടങ്ങി. കോവൈപുതൂരില്‍ കിട്ടിയിരുന്നതിന്റെ എത്രയോ അധികമായിരുന്നു അവ കൂട്ടിയാല്‍ വരുന്ന സംഖ്യ.
ആദ്യമായി ഞാനൊരു ഊക്കന്‍ പരിഹാരം നിര്‍ദ്ദേശിച്ചത് സഹോദരങ്ങള്‍ക്കിടയിലെ കലഹം രമ്യതയില്‍ ഒത്തുതീര്‍പ്പാക്കാനാണ്.
ഒന്നര രണ്ടു വയസ്സു വ്യത്യാസത്തില്‍ മൂന്ന് ആണ്മക്കളാണ് നഡ്കര്ണിക്ക്. ചെമ്പൂരിലെ ഒറ്റമുറി ഫ്ളാറ്റിലാണ് അവരത്രയും താമസം. മുംബൈ പോലൊരു മഹാനഗരത്തില്‍ തനിക്കുടിത്തനം തുടങ്ങാനുള്ള വരുമാനം മൂന്നു മക്കള്‍ക്കുമുണ്ടായിരുന്നില്ല. വെറും രണ്ടു വര്‍ഷത്തിനിടയില്‍ അവര്‍ മൂവരും വിവാഹിതരായതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഒരു കിടപ്പുമുറി മാത്രമുള്ള ഫ്ളാറ്റില്‍ മൂവര്‍ സംഘം തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഏറെ തത്രപ്പെട്ടു. ഏറ്റവുമൊടുവില്‍ വിവാഹിതനായവന്‍ ഒമ്പതു മണിക്ക് ഭാര്യയേയുംകൊണ്ട് കിടപ്പുമുറിയിലേക്ക് കയറും. പത്തുമണി വരെയാണ് അവനനുവദിച്ച സമയം. പത്തു മുതല്‍ പതിനൊന്നു വരെ അതിന് തൊട്ടു മുന്‍പ് വിവാഹിതനായവന്റെ വിഹിതം. അതിനുശേഷമുള്ള ഒരു മണിക്കൂര്‍ കൂട്ടത്തിലാദ്യം വിവാഹം കഴിച്ചവന്. ഇങ്ങനെ സമയം വീതിച്ചുള്ള രാത്രി വ്യവഹാരത്തിനിടക്ക് സഹോദരങ്ങളുടെ പാശത്തില്‍ വിള്ളല്‍ വീഴുകയും അവര്‍ക്കിടയില്‍ അകല്‍ച്ച രൂപപ്പെടുകയും ക്രമേണ അത് ശത്രുതയായി വളരുകയും ചെയ്തു. ഒരുനാള്‍ ഇളയവന് അഞ്ചു മിനിറ്റ് അധികമെടുത്തതിന്റെ പേരില്‍ തുടങ്ങിയ വാക് തര്‍ക്കം കയ്യാങ്കളിയിലെത്തി. അടുത്ത ഫ്ളാറ്റുകാരെത്തിയാണ് തര്‍ക്കം ഒത്തുതീര്‍പ്പാക്കിയത്. തല്ക്കാലം ഒന്നു തീ കെട്ടു എന്നേയുള്ളൂ. സ്വതേ വാശിയും വൈരാഗ്യവുമുള്ള രണ്ടാമന് കൂലിക്ക് ആളെ വെച്ച് ഏറ്റവും ഇളയവനെ ശരിപ്പെടുത്തി. നാലു നാള് ആശുപത്രി വാസം വേണ്ടിവന്നു. ഈ സംഭവങ്ങളില്‍ മനം നൊന്ത് അവന്റെ ഭാര്യ തന്റെ വീട്ടിലേക്ക് പോയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ഇളയവന് പിന്നെ ഫ്ളാറ്റിലേക്ക് വന്നില്ല. ഓഫീസിലെ വിശ്രമമുറി താമസസ്ഥലമാക്കി. ഭാര്യ ബാന്ദ്രയിലെ അവളുടെ സ്റ്റുഡിയോ ഫ്ളാറ്റിലും. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ദമ്പതികള്‍ക്ക് വെവ്വേറെ താമസിക്കേണ്ട ചുഴുനില!
ഇപ്പോള്‍ മകനെ ഒന്നുകാണണമെങ്കില്‍ ഞങ്ങള്‍ക്ക് അവന്റെ ഓഫീസിലേക്ക് ചെല്ലേണ്ട ഗതികേടാണ്. നിലവിലുള്ള സഹോദരങ്ങള്‍ എന്നാണ് കൊമ്പു കോര്‍ക്കുക എന്നറിയില്ല. ചുരുക്കത്തില്‍ സമാധനത്തോടെ കഴിയേണ്ട വയസ്സുകാലത്ത് ഏറ്റവും സംഘര്‍ഷമനുഭവിക്കുകയാണ് ഞങ്ങള്‍.
നഡ്കര്‍ണി വാക്കുകള്‍ കിട്ടാതെ വിങ്ങി മുറിയുമ്പോള്‍ പരിഹാരം നിര്‍ദേശിക്കേണ്ട കൃത്യസമയം സമാഗതമായിരിക്കുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒന്നിനുമേല്‍ ഒന്നായി ഏഴു പരിഹാര പൂജകളാണ് നിര്‍ദേശിച്ചത്. അതെല്ലാം പരികര്മി നാരായണന് തിരുമേനി (തൊഴിലിന്റെ ബലത്തിനുവേണ്ടി പേരിനൊപ്പം തിരുമേനി എന്നു വെച്ചെന്നേയുള്ളൂ. അല്ലാതെ) മുറപ്പടി ചെയ്യുന്ന പക്ഷം പ്രശ്നനിവൃത്തിയുണ്ടായി ജീവിതം ക്ഷേമമാകുമോ എന്നറിയാന്‍ ഒഴിവും നോക്കി. ഒഴിവില്‍ വ്യാഴം മറഞ്ഞിരുന്നു. ബാധകാധിപന് കര്മഭാവത്തിലും അഷ്ടമാധിപന് മന്ത്രഭാവത്തിലും വന്നു. ആകെപ്പാടെ എടങ്ങേറായ ഒരു പ്രശ്നഫലം. പക്ഷേ, നഡ്കര്ണിക്ക് ഇതിനെക്കുറിച്ചൊക്കെ എന്തറിയാന്‍? അതിനാല്‍ വ്യാഴം കേന്ദ്രത്തില്‍ വന്ന് പ്രസാദിച്ചുവെന്നും കര്മമന്ത്രഭാവങ്ങള് കേമമാണെന്നും സൗമ്യഭാവത്തില്‍ ചിരിച്ചുകൊണ്ട് നാരായണന് തിരുമേനിയുടെ വിസിറ്റിങ് കാര്‍ഡ് നീട്ടി. നഡ്കര്‍ണി പോയതും തിരുമേനിയെ വിളിച്ച് വിവരങ്ങള്‍ പറയുകയും ചെയ്തു.
എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. നഡ്കര്‍ണിയുടെ ഫ്ളാറ്റില്‍ പൂജ നടക്കുന്ന അതേസമയം ഇളയമകന് പഴയ വൈരം തീര്‍ക്കാന്‍ സ്വന്തം ജ്യേഷ്ഠനെ കൊട്ടേഷന്‍ കൊടുത്തു. ഏറ്റുമുട്ടലില്‍ ജ്യേഷ്ഠന് കൊല്ലപ്പെട്ടു. അതേ രാത്രി തന്നെ അനിയന് പിടിയിലാവുകയും ചെയ്തു. പ്രശ്നഫലത്തില്‍ ഞാന്‍ പ്രവചിച്ചതിന്റെ നേരെ വിപരീതമാണ് സംഭവിച്ചത്. നഡ്കര്‍ണിയും കൂട്ടരും എന്നെ തേടി വരുന്നു എന്നറിവു കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ തല്ക്കാലം സ്ഥലത്തുനിന്നും വിട്ടു നില്ക്കുക മാത്രമേ എനിക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ.
പൂനയില്‍ ഹഡപ്സാര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ മദ്യക്കുപ്പികള്‍ പാക് ചെയ്യാനുപയോഗിക്കുന്ന കാര്‍ട്ടണുകള്‍ ഉണ്ടാക്കുന്ന ഒരു കമ്പനിയുടെ ഗോഡൗണില്‍ ആരാലും അറിയപ്പെടാത്ത രഹസ്യകേന്ദ്രത്തിലാണ് ഞാനിപ്പോള്‍. മൂന്നു മൊബൈലിലെ സിമ്മുകളും ഊരിയിട്ടു. അതിനാല്‍ പുറംലോകവുമായി ഒരു ബന്ധവുമില്ല. ഈ ഒളിത്താവളം ശരിയാക്കിത്തന്നതും ജാതകം കാണിക്കാന്‍ വന്ന ഒരാളുടെ ഔദാര്യം തന്നെ. ‘മോട്ടു’ എന്ന് വിളിപ്പേരുള്ള തടിയന് ബജാജ്. അയാളുടേതാണ് ഞാന്‍ പ്രാക്ടീസ് ചെയ്യുന്ന കെട്ടിടം. ഞാന്‍ പിടിയിലായാല്‍ ആ കെട്ടിടം ചിലപ്പോള്‍ സീല്‍ ചെയ്യപ്പെടും. അതിന്റെ ഉടമയായ മോട്ടുവും പിടിയിലാവും.
രായ്ക്കുരാമാനം രണ്ടാള് സഹായത്തോടെ അയാളെന്നെ ഊരു കടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: