ഇത്തവണത്തെ ഇത്തവണത്തെ സംഘപഥത്തിന്റെ തുടക്കത്തില്‍ത്തന്നെ ഒരു ഖേദപ്രകടനം ആവശ്യമാകുന്നു. അതു കേവലം ‘പ്രകടന’മല്ല ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുതന്നെ ഉയരുന്നതാണ്. കഴിഞ്ഞയാഴ്ച ഈ പംക്തിയിലെ പരാമര്‍ശങ്ങളില്‍ വസ്തുതാപരമായി വന്ന തെറ്റ് അക്ഷന്തവ്യം തന്നെയായിരുന്നു. കേസരിച്ചേട്ടന്‍ എന്ന ആ പ്രകരണത്തില്‍ കൂരോപ്പടയിലെ മൂന്നു പഴയ സ്വയംസേവകരെ പരാമര്‍ശിച്ചിരുന്നു. അവരില്‍ പൂനെയില്‍ ഉയര്‍ന്ന ചുമതലവഹിച്ചിരുന്ന സദാശിവന് എന്നു പറഞ്ഞിരുന്നത് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠന് ശ്രീനിവാസനെപ്പറ്റി ആയിരുന്നു. പാതായ്ക്കര വാസുദേവന്‍ മാസ്റ്ററുമായി അവസാന സ്ഥാനത്തിന് മത്സരമുണ്ടായത്, അപ്പുക്കുട്ടന് എന്നു പരാമര്‍ശിച്ചതും ശരിയല്ല അവിടെ സദാശിവന് എന്നായിരുന്നു വേണ്ടിയത്. ശ്രീനിവാസന് സ്വര്‍ഗസ്ഥനായി. മറ്റു രണ്ടു പേരോടുമാണ് ഖേദം അറിയിക്കുന്നത്. പ്രസ്തുത ലേഖനം വായിച്ച രണ്ടുമൂന്നു പേര് ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചുവെങ്കിലും ഈ പിശക് അവരുടെ ശ്രദ്ധയില്‍ പെടില്ല എന്നുതോന്നുന്നു. ജന്മഭൂമിയിലെ ദല്‍ഹി ലേഖകന്‍ സന്ദീപ് അതു ചൂണ്ടിക്കാട്ടി സന്ദേശമയച്ചതിന് അപാരമായ നന്ദി.
തലച്ചോറില്‍ ഓര്‍മകള്‍ സൂക്ഷിക്കുന്ന ഹാര്‍ഡ് ഡിസ്കിന് എവിടെയോ ശൂന്യസ്ഥലമുണ്ടായി എന്നു സംശയിക്കുന്നു. പ്രായാധിക്യമായപ്പോള്‍ അവിടെ പൂപ്പല്‍ പിടിച്ചിട്ടുണ്ടാവാം. അതു ലേസര്‍ പ്രയോഗംകൊണ്ടു മാറ്റാന്‍ കഴിയുമെന്നു തോന്നുന്നില്ല.
മാവേലിക്കരയിലെ പഴയകാല സ്വയംസേവകനും, ഇപ്പോള്‍ ആലപ്പുഴയില്‍ വിശ്രമജീവിതം നയിക്കുന്ന ആളുമായ ആര്. രുദ്രന് മൂന്നാഴ്ച മുന്‍പ് നീണ്ട ഒരു കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ അച്ഛന് സി.ആര്. രാഘവന് നായര്‍ അവിടെ സംഘത്തിന്റെ അക്ഷരാര്‍ത്ഥത്തില്‍ രക്ഷാധികാരിയായ സംഘചാലകനായിരുന്നു. 1987 മുന്‍പ് മിക്ക സംഘാധികാരിമാര്‍ക്കും അദ്ദേഹം ആതിഥേയനായിട്ടുണ്ട്. അവര്‍ക്കൊക്കെ ഭക്ഷണം വിളമ്പാന്‍ അവസരം ലഭിച്ചതിന്റെ കൃതാര്‍ത്ഥത രുദ്രന്റെ വാക്കുകളിലുണ്ട്. പൂജനീയ ഗുരുജിക്കൊഴികെ എല്ലാ ഉയര്‍ന്ന സംഘാധികാരിമാര്‍ക്കും ആഹാരം നല്‍കിയതിനെക്കുറിച്ചു അമ്മയുടെ ചാരിതാര്‍ത്ഥ്യവും കത്തില്‍ പറയുന്നുണ്ട്. ഇഡലിയില്‍ വിരല്‍കൊണ്ടു കുഴിയുണ്ടാക്കി അതില്‍ നെയ് ഉരുക്കിയൊഴിച്ച് സാമ്പാറില്‍ മുക്കി കഴിച്ച ഏകനാഥ്ജി രുദ്രനു വിസ്മയമായിരുന്നുവത്രേ, ആ വീട്ടിലെ കുട്ടികള്‍ക്കും, കന്യാകുമാരിയിലെ സമുദ്ര ത്രിവേണിയില്‍ പൊങ്ങിക്കിടന്ന, ഇഡ്ഡലിപോലത്തെ പാറയില്‍ എത്രയോ വരകളും കുഴികളും ഇട്ട് അതിനുമേല്‍ പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ നൂറു നൂറു തടസ്സങ്ങളെയും ഉടക്കുകളെയും തരണം ചെയ്ത് ലോകൈക മനോഹരവും ദേശീയാന്തസ്സിന്റെ പ്രതീകവുമായ സ്മാരകം പടുത്തുയര്‍ത്തിയ ഏകനാഥജി ഇഡ്ഡലി തിന്നുന്നതില്‍ പോലും തനതായ വ്യക്തിത്വം കാട്ടിയെന്നു മാത്രം.
സി.ആര്. രാഘവന് നായരും തലശ്ശേരിയിലെ കെ.വി. ഗോപാലന് അടിയോടിയും ഓരേ തരത്തില്‍പ്പെട്ട സംഘചാലകന്മാരായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. സാത്വിക പ്രകൃതിയും സംഘത്തോടുള്ള സമ്പൂര്‍ണ പ്രതിബദ്ധതയും നമ്മുടെ ശ്രദ്ധയില്‍ മായാതെ കിടക്കും. അടിയോടി വക്കീലിന്റെ വീട്ടില്‍ ആറുവര്‍ഷം ഞാന്‍ അന്തേവാസിയായിരുന്നു. സി.ആറിന്റെ വീട്ടില്‍ താമസിച്ചത് ഒറ്റ ദിവസം. പിന്നെ പലപ്പോഴും പോയിരുന്നുവെന്നുമാത്രം. 1968-ല്‍ എന്റെ അച്ഛനെ ശ്രീഗുരുജി തൊടുപുഴയിലെ സംഘചാലകനായി പ്രഖ്യാപിച്ചശേഷം അദ്ദേഹവും മേല്‍പ്പറഞ്ഞ രണ്ടുപേരുമായി സവിശേഷമായ അടുപ്പം ഉണ്ടായി. ബൈഠക്കുകളില്‍ പങ്കെടുക്കുമ്പോള്‍ അനൗപചാരിക സമയങ്ങളില്‍ അവരെ ഒരുമിച്ചു കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
ഫെബ്രുവരി മാസം ഒടുവില്‍ ‘മരണത്തെ വെല്ലുവിളിച്ചവരി’ലെ ശിവദാസന്റെ വീട്ടില്‍ കുടുംബത്തോടൊപ്പം പോയതിന്റെ വിവരം സംഘപഥത്തില്‍ വന്നതാണ് രുദ്രനെ ദീര്‍ഘമായി എഴുതാന്‍ പ്രചോദിപ്പിച്ചത്. മാവേലിക്കര പ്രചാരകനായിരിക്കെയായിരുന്നു ശിവദാസനെ പോലീസ് അറസ്റ്റ് ചെയ്ത് പൈശാചികമായ പീഡനങ്ങള്‍ക്കു വിധേയനാക്കിയത്. ഒട്ടേറെ പീഡനങ്ങള്‍ക്കും, ഹൈക്കോടതി വരെയെത്തിയ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കും ശേഷമാണ് ശിവദാസന്‍ ജീവിച്ചിരിപ്പുണ്ടെന്ന വിവരം പുറത്തറിയുന്നത്. അന്നദ്ദേഹത്തിനു വേണ്ടി ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചത് സംഘചാലകനായിരുന്ന സി.ആര്. സാറായിരുന്നു. അഡ്വക്കേറ്റ് കെ.രാംകുമാറും. ഹര്‍ജിയുടെ പകര്‍പ്പും രുദ്രന് അയച്ചുതന്നിട്ടുണ്ട്. ഹര്ജിക്കാരനെത്തന്നെ മിസാ തടവുകാരനാക്കുകയാണ് അന്ന് അധികൃതര്‍ ചെയ്തത്. വൈക്കം ഗോപകുമാറും ശിവദാസനും, സി.ആര്. സാറും മറ്റു മിസക്കാരോടൊപ്പം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടിയന്തരാവസ്ഥയുടെ ശിഷ്ടകാലം കഴിച്ചു. സി.ആര്. സാറിന്റെ ഷഷ്ടിപൂര്‍ത്തി ജയിലില്‍ തന്നെ ആയിരുന്നു. സെന്‍ട്രല്‍ ജയിലില്‍നിന്ന് രുദ്രന്റെ അമ്മയ്ക്ക് ദാസന് അയച്ച കത്തുകളുടെ ഫോട്ടോസ്റ്റാറ്റും കൂടെ ചേര്‍ത്തിട്ടുണ്ട്.
1967 ലെ പാലക്കാട് നൂറണി ഹൈസ്കൂളില്‍ നടന്ന സംഘശിക്ഷാവര്‍ഗില്‍ രുദ്രന് പരിശീലനത്തിനെത്തിയിരുന്നു. ആ വര്‍ഗില്‍ എനിക്ക് ബൗദ്ധിക് വകുപ്പിലായിരുന്നു ചുമതല. പരമേശ്വര്‍ജിയും ബൗദ്ധിക് പ്രമുഖായി മുഴുവന്‍ സമയവും ഉണ്ടായിരുന്നു. തമിഴ്നാടും കേരളവും ഒരുമിച്ചായിരുന്നു ആ വര്‍ഷത്തെ ശിബിരം. തമിഴ് ബൗദ്ധിക് പ്രമുഖ് രാമഗോപാലനും.
ശിബിരത്തിന്റെ അനുഭവങ്ങള്‍ രുദ്രന് ഓര്‍മിക്കുന്നുണ്ട്. അവസാന ദിവസങ്ങള്‍ വരെ അനുശാസനത്തിന്റെ കയര്‍ കെട്ടിമുറുക്കിയ നിലയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് പരീക്ഷകളും മറ്റും കഴിഞ്ഞ് ചര്യകളിലും മനസ്സിനും അയവു വരുത്താന്‍ ‘ഹാപ്പി പ്രോഗ്രാം’ എന്നു അന്നു വിളിച്ചിരുന്ന ഒരു അനൗപചാരിക പരിപാടി ഉണ്ടായിരുന്നു. രുദ്രന്റെ നേതൃത്വത്തില്‍ മാവേലിക്കരയിലെ ശിക്ഷാര്ത്ഥികള് തയാറാക്കിയ ഒാട്ടന്തുള്ളല് രുദ്രന് അയച്ചുതന്ന കടലാസുകളില്പ്പെടുന്നു. അതിന്റെ ഏതാനും ഭാഗങ്ങള്‍ അരനൂറ്റാണ്ടിനുശേഷം അനുസ്മരിക്കുന്നതു രസകരമായിരിക്കും. അതില്‍ പരാമര്ശിക്കപ്പെട്ടവര്തന്നെ തുറന്നാസ്വദിച്ച പരിപാടിയായിരുന്നു അത്.
സംഘസുവിശേഷം (25-5-1967)
അക്കാലത്താ പാലക്കാട്ട്
ചൊല്ക്കൊണ്ടീടും ആറണിതന്നില്
സംഘത്തിന്നുടെ ശിക്ഷാശിബിരേ
വന്നിഹപെട്ടു കുടുങ്ങീ ഞങ്ങള്‍
ശിബിരവിശേഷമുരച്ചീടുവതിനായ്
ഭാസ്കര്‍റാവുജി തുണ ചെയ്യ്യേണം
എന്നാലിനിയൊരു കഥയുരചെയ്യാം
എന്നുടെ വായില്‍ തോന്നിയപ്പോലെ
അടുക്കളതന്നിലുരുണ്ടുനടക്കും
നമ്മുടെ ശ്രീമാന്‍ ഹരിയേട്ടന്തന്
പയറും മുതിരയുമൊക്കെക്കൂട്ടി
തന്നതുതിന്നുതുടങ്ങിയമൂലം
കുതിരകള്‍പോലെ പ്രഡീനും സണ്ടീന്
ചാടിത്തുള്ളി നടപ്പൂ ഞങ്ങള്‍
സെര്‍വിങ് ലീഡര്‍ സി.പി. ചേട്ടന്
കണ്ണുകള്കൊണ്ടുക്രമിക തുടങ്ങി
ചുരികാമീശന് അപ്പുക്കുട്ടന്
ഗുസ്തിയിലടിയറവായികൂവേ!
പാറ്റണ്ടാങ്കിന് സമമായിട്ട്
തടിച്ചുകൊഴുത്ത പെരച്ചേട്ടന്‍ താന്‍
പെരുമലപോലെ സിദ്ധയില്നിന്ന്
്രകമികകളിങ്ങനെ ചെയ്തീടുന്നു
വണ്ണന്വാഴകണക്കെതടിച്ചൊരു
പൊണ്ണന് പി.പി. ഗോപാലേട്ടന്.
ജാനകീരാമന്തന്നുടെ തൊപ്പി
നോക്കാന്‍ ‘ഛോട്ടാ’ പ്ലെയിനേറുന്നു.
വാടോമുത്തു മെഡിക്കല്‍ കഞ്ഞിയി-
ലുള്ളൊരു വറ്റുകള്‍ തപ്പാനായി
മുങ്ങിത്തപ്പാനിന്നിഹ ബഹുപണി
ശ്വാസംമുട്ടി ചത്തുംപോകും.
കിടന്നാലും ഇരുന്നാലും നടന്നാലും ഒരേപോലെ
ഉയരമുള്ളൊരു വീരന് വയനാടന്‍ രത്നാകരന്
കുളിക്കാനായ് എണ്ണതേച്ച് സോപ്പിട്ടങ്ങിരിക്കുമ്പോള്
കുഴലിലെ ജലം നിര്‍ത്തി കുഴക്കിക്കും മഹാവീരന്
ഇനിയും കഥ പലതുര ചെയ്തിടാന്‍
ഉണ്ടെന്നാലും സമയം നാസ്തി.
രുദ്രന് പരാമര്‍ശിച്ച സംഘപഥത്തിലെ ചിത്രത്തില്‍ പഴയ പ്രചാരകന് പി. വാസുദേവിന്റെയും ചിത്രമുണ്ട്. അദ്ദേഹം സംഘശിക്ഷാവര്‍ഗില്‍ വ്യായാമ യോഗ് പഠിപ്പിച്ചതിന്റെ കാര്‍ക്കശ്യം രുദ്രന് വിവരിക്കുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ യോഗത്തില്‍ അദ്ദേഹത്തെ കണ്ടതിന്റെ ഓര്‍മയും അതില്‍നിന്നു പുതിയതായി ഉണര്‍ന്നുവത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: