കൊച്ചി: അധ്യാപക വിദ്യാഭ്യാസത്തിന്റേയും പരിശീലനത്തിന്റേയും മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര ഏജന്‍സിയായ ദേശീയ അധ്യാപക പരിശീലന കൗണ്‍സില്‍ (എന്‍സിടിഇ) കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. 2017-ല്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് പുനഃസംഘടന. ഡോ. സദ് വീര്‍ ബേഡി, ഐഎഎസ് അധ്യക്ഷയായ സമിതിയില്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ 40 പേരാണ് അംഗങ്ങളായുള്ളത്.
ഏഴ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ചുമതലയുള്ള ഓഫീസര്‍മാരും, എന്‍സിടിഇയുടെ നാല് റീജണല്‍ സമിതി അധ്യക്ഷന്‍മാരും ഈ സമിതിയില്‍ അംഗങ്ങള്‍ ആണ്. കേരളത്തില്‍ നിന്നും അട്ടപ്പാടി മുള്ളി ഗവ.എല്‍പി സ്‌കൂള്‍ അധ്യാപകനും അധ്യാപക പരിശീലന രംഗത്ത് നീണ്ട കാലത്തെ പരിചയസമ്പന്നനുമായ ജോബി ബാലകൃഷ്ണന്‍ അംഗമാണ്.
അധ്യാപനവും അധ്യാപക ശാക്തീകരണ പ്രവര്‍ത്തനങ്ങളും ജീവിത വ്രതമാക്കിയ ജോബി ബാലകൃഷ്ണന്റെ വേറിട്ട പ്രവര്‍ത്തനം കൂടി കണക്കിലെടുത്താണ് അധ്യാപക പരിശിലനപ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന കേന്ദ്ര ഏജന്‍സിയായ ദേശീയ അധ്യാപക പരിശീലന കൗണ്‍സില്‍ (എന്‍സിടിഇ) അംഗമായി കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തത്.
നിയമ പഠനത്തിന് ശേഷം വിദ്യാഭ്യാസ വകുപ്പില്‍ ജോലി നേടിയ ശേഷമാണ് പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് തന്റെ ജീവിതം സമര്‍പ്പിക്കണം എന്ന ഉദ്ദേശത്തോടെ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി പ്രാഥമിക തലത്തില്‍ അധ്യാപകനായത്. എറണാകുളം ജില്ലയിലെ പിന്നോക്കാവസ്ഥകള്‍ അനുഭവിക്കുന്ന നിരവധി വിദ്യാലയങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുകയും വ്യത്യസ്തമായ പ0ന പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാലയങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കൈ പിടിച്ചുയര്‍ത്തുകയും ചെയ്തിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്ന എറണാകുളം സ്വദേശിയായ ജോബി ബാലകൃഷ്ണന്‍ ഇപ്പോള്‍ അട്ടപ്പാടിയിലേക്ക് പ്രത്യക അപേക്ഷയില്‍ സ്ഥലം മാറ്റം നേടിപോയിരിക്കയാണ്. വനവാസി ഗോത്ര വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ മുന്‍ സംസ്ഥാന സംയോജകനായ ജോബി മാസ്റ്റര്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ വികാസ കേന്ദ്രവുമായി ബന്ധപ്പെട്ട ബദല്‍ വിദ്യാഭ്യാസത്തിന്റെ സംസ്ഥാന സംയോജകനുമാണ്. വിശ്വ ശാന്തി ഫൗണ്ടേഷന്റെ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന വിദ്യാഭ്യാസ ഗുണമേന്മ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: