രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്ക് വീട് നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്. ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് നടത്തിയതെങ്കിലും പ്രഖ്യാപനത്തിനൊപ്പം വിവാദവും ഉടലെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വീടുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ മാത്രം നേട്ടമാണെന്ന് സാധാരണക്കാരില്‍ തോന്നലുണ്ടാക്കും വിധം പ്രചാരണം അഴിച്ചുവിട്ടതാണ് വിവാദങ്ങള്‍ക്ക് കാരണം. യുഡിഎഫ് ഭരണകാലത്ത് ഫണ്ട് നല്‍കിയിട്ടും പൂര്‍ത്തീകരിക്കാനാകാതെ കിടന്ന അരലക്ഷത്തോളം വീടുകളും ലൈഫ് പദ്ധതിയുടെ രണ്ട് ലക്ഷം വീടുകളില്‍ ഉള്‍പ്പെടുത്തിയെന്ന് പ്രതിപക്ഷവും ആക്ഷേപം ഉന്നയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ വിഹിതം അനുവദിച്ചിട്ടും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ സ്വന്തം വിഹിതം അനുവദിക്കാതിരുന്നതിനാലാണ് അരലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണം പാതിവഴിയിലായതെന്ന വാസ്തവം ഇപ്പോഴത്തെ സര്‍ക്കാര്‍ പറഞ്ഞതുമില്ല. ഈ സമീപനങ്ങള്‍ ഭരണ-പ്രതിപക്ഷ മുന്നണികളുടെ രഹസ്യ അജണ്ടകളെ പൊതുജനം മനസിലാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. രാജ്യത്ത് ഭവനരഹിതരായ ആളുകളുണ്ടാകരുതെന്ന ലക്ഷ്യത്തോടെ ആറ് വര്‍ഷമായി പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ആയിരക്കണക്കിന് വീടുകള്‍ അനുവദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വീടിനായി അനുവദിച്ച തുകയെക്കുറിച്ചും നിര്‍മ്മിച്ച വീടകളെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിച്ചത് ഗൗരവമായി കാണേണ്ടതാണ്. നഗരമേഖലയിലും ഗ്രാമീണ മേഖലയിലും വീടിനായി കേന്ദ്രം നല്‍കിയത് 827 കോടിയിലധികമാണ്. കൃത്യമായി പറഞ്ഞാല്‍ വീട് നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ലൈഫ് മിഷന് പദ്ധതിയുടെ ചുമതലക്കാരെങ്കിലും ഔദ്യോഗിക സൈറ്റില്‍ വ്യക്തമാക്കേണ്ടതായിരുന്നു. ഇതിന് പകരമായി സൈറ്റില്‍ കേന്ദ്രസര്‍ക്കാരിന്റെ പണം ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളുടെ ജില്ലതിരിച്ചുള്ള എണ്ണം മാത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ സമീപനത്തിലൂടെ കേന്ദ്രസര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമമാണ് നടത്തുന്നത്.
പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പ്രധാനമന്ത്രി ആവാസ് യോജന (നഗരം) എന്നീ പദ്ധതികള്‍ പ്രകാരം വിവിധ ഘട്ടങ്ങളിലായി 65,092 വീടുകള്‍ കേരളത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 2,14,262 വീടുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്കി നിര്‍മ്മിച്ച ഈ 65,092 വീടുകളും ഉള്‍പ്പെടുന്നു. എന്നാല്‍ ഇത് വിളിച്ചുപറയാനുള്ള ആര്‍ജ്ജവം നമ്മുടെ ഭരണാധികാരികള്‍ക്കില്ല. വസ്തുത വെളിപ്പെടുത്തിയിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മാമാങ്കമാക്കിയ വീടുകളുടെ താക്കോല്‍ദാനത്തിന്റെ മാറ്റ് കുറയില്ലായിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പ്രകാരം ഒരു വീടിന് 72,000 രൂപ നല്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന (നഗരം) വീടൊന്നിന് 1,50,000 രൂപയും നല്കുന്നു.
കേന്ദ്രസര്‍ക്കാര്‍ വിഹിതം അനുവദിച്ച 65092 വീടുകളുടെ കണക്ക് – 48,445 വീടുകള്‍ക്ക് (നഗരം) ഒന്നരലക്ഷം രൂപ വച്ച് 7071600000- 16,647 വീടുകള്‍ക്ക് (ഗ്രാമം) 72,000 രൂപ വച്ച് 1198584000.
രണ്ട് പദ്ധതികളിലുമായി 8270184000 എന്നതാണ് അനുവദിച്ച തുകയുടെ കൃത്യമായ കണക്ക്. എസ്സിഎഎസ്ടി വിഭാഗങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ ഈ കണക്കില്‍പ്പെടുന്നില്ല. 2016ലാണ് ലൈഫ് മിഷന് എന്ന പദ്ധതി പ്രഖ്യാപിച്ചത്. 2017ല്‍ പ്രവര്‍ത്തനം തുടങ്ങിയ പദ്ധതി പാതി വഴിപോലും എത്തിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം 5,21,671 ലക്ഷം ഗുണഭോക്താക്കള്‍ക്കായിരുന്നു വീടില്ലാതിരുന്നത്. ഭവനരഹിതരും ഭൂരഹിത ഭവനരഹിതരും ഉള്‍പ്പെടെയുള്ള കണക്കാണിത്. ഭൂരഹിത ഭവനരഹിതര്‍ 3,37,416 ലക്ഷമാണ്. ഭൂമിയുള്ള ഭവനരഹിതര്‍ 1,84,255 ലക്ഷവും. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കണക്ക് പ്രകാരം രണ്ട് ലക്ഷം പേര്‍ക്ക് വീട് നല്‍കിയെന്ന് സമ്മതിച്ചാല്‍പ്പോലും മൂന്ന് ലക്ഷം പേര്‍ക്ക് ഇനിയും വീട് ലഭിക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇനിയും സഹായം ആവശ്യമെന്ന് ചുരുക്കം. കേന്ദ്രസര്‍ക്കാര്‍ വീടുകള്‍ക്ക് സഹായം അനുവദിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം കിട്ടാതെ നിര്‍മ്മാണം നിലച്ചിരിക്കുന്ന സ്ഥിതിയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: