തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിരീക്ഷണത്തിലും നിയന്ത്രണങ്ങളിലും കടുത്ത വീഴ്ച. രോഗബാധിതരായ നാലുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണക്കുറവില്‍ സമൂഹമധ്യത്തിലേക്കിറങ്ങിയത്. വര്‍ക്കലയില്‍ ഇറ്റാലിയന്‍ പൗരന് ഉത്സവത്തില്‍ പങ്കെടുത്തു. പേട്ട സ്വദേശിയും വെള്ളനാട് സ്വദേശിയും നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മൂന്നാറില്‍ നിന്ന് ബ്രിട്ടീഷ് പൗരനും സംഘവും വിമാനത്തിനുള്ളില്‍ വരെ എത്തി. ഇതെല്ലാം ആരോഗ്യവകുപ്പിന്റെ കടുത്ത വീഴ്ചയാണെന്ന് ആരോപണം ഉയരുന്നു.
രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരെ 14 ദിവസം നിരീക്ഷിക്കണമെന്ന് ഫെബ്രുവരി 26ന് കേന്ദ്രസര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ല. അതിനാലാണ് ഇറ്റലിയില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് വന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അതിനെ ബലപ്പെടുത്തുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. തിരുവനന്തപുരം വെള്ളനാടുള്ള യുവാവ് താന്‍ രോഗബാധിത പ്രദേശത്ത് നിന്ന് വരുന്നതാണെന്നും തനിക്ക് രോഗലക്ഷണം ഉണ്ടെന്നും വിമാനത്താവളത്തില്‍ വ്യക്തമാക്കി. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. സ്വകാര്യവാഹനത്തില്‍ വീട്ടിലെത്തിയപ്പോള്‍ രോഗലക്ഷണത്തെ തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലെത്തി. സ്രവങ്ങള്‍ പരിശോധനയ്ക്ക് നല്‍കിയിട്ടും ആംബുലന്‍സ് വിട്ടുനല്‍കിയില്ല. ഓട്ടോറിക്ഷ പിടിച്ച് വീട്ടില്‍ പോകേണ്ടി വന്നു. രോഗം സ്ഥിരീകരിച്ചശേഷമാണ് ആംബുലന്‍സില്‍ ഐസൊലേഷനിലേക്ക് മാറ്റിയത്. നിരീക്ഷണത്തിലുണ്ടായിരുന്ന പേട്ട സ്വദേശി തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലെ ജനറല്‍ ഒപിയിലെത്തി. ഓട്ടോറിക്ഷയില്‍ നഗരം ചുറ്റി. രോഗം കടുത്തതോടെയാണ് അയാളെയും മെഡിക്കല്‍കോളേജിലേക്ക് മാറ്റിയത്.
അതിനിടെയാണ് രോഗം സ്ഥിരീകരിച്ച വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലെ ഇറ്റാലിയന്‍ പൗരന് നിരീക്ഷണത്തിനിടെ ഉത്സവത്തില്‍ പങ്കെടുത്തത്. അയാള്‍ക്കൊപ്പമുണ്ടായിരുന്ന കശ്മീരി യുവാവിന് വേണ്ടി തെരച്ചില്‍ തുടരുകയാണ്. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭയപ്പാടിലായതോടെ തലസ്ഥാന ജില്ല ഹര്‍ത്താലിന് സമാനമായി. ഇതിന് പിന്നാലെ സംസ്ഥാനത്താകെ ഭീതി പരത്തിയാണ് മൂന്നാറില്‍ നിന്നും കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനും 17 അംഗസംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി വിമാനത്തിനുള്ളില്‍ കയറിയത്.
കെടിഡിസിയിലെ ഉന്നതന് ഇടപെട്ടാണ് ഇവര്‍ക്ക് പോകാനുള്ള സൗകര്യം ഒരുക്കിയതെന്നാണ് സൂചന. റിസോര്‍ട്ട് മാനേജര്‍ പറയുന്നത് ഏജന്റ് വന്ന് ബലംപ്രയോഗിച്ച് ഇറക്കിക്കൊണ്ട് പോയെന്നാണ്. ആരോഗ്യവകുപ്പിന്റെ മാത്രമല്ല സര്‍ക്കാരിന്റെ നിരീക്ഷണത്തിലുള്ളവരെ രാത്രി ഒളിച്ചു കടത്തിയിട്ടും സംഭവം അറിയുന്നത് രാവിലെയാണെന്നത് സംശയം ഉയര്‍ത്തുന്നു. പോലീസും ഇത്രയധികം സന്നാഹങ്ങളും ഉള്ളപ്പോള്‍ വിദേശ പൗരന്റെ പാസ്പോര്‍ട്ട് നമ്പര്‍ വച്ച് മാത്രം വിമാനത്തില്‍ കയാറാതെ തടയാനാകും. മാത്രമല്ല പോലീസിന് ഇവര്‍ സഞ്ചരിച്ച വാഹനം മൂന്നാര്‍ ടൗണ്‍ കടക്കാന്‍പോലും കഴിയാതെ തടയാനാകും. ഇതൊക്കെ പകല്‍പോലെ വ്യക്തമാകുമ്പോഴാണ് വിദേശികള്‍ കടന്നുകളഞ്ഞുവെന്ന ന്യായം ആരോഗ്യമന്ത്രി ഉയര്‍ത്തുന്നത്. ബ്രിട്ടീഷ് പൗരന് നിരീക്ഷണത്തില്‍ കഴിഞ്ഞ കെടിഡിസി ഹോട്ടലിലെ ജീവനക്കാര്‍ക്ക് യാതൊരു നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നല്‍കിയിട്ടില്ലെന്നും പലരും അവധിയില്‍ വരെ പോയിട്ടുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: