പാലാ: മേലുകാവ് ഇരുമാപ്രാ പള്ളിക്ക് സമീപം കൊക്കയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ശല്യക്കാരനായ മകനെ അച്ഛന്‍ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയശേഷം കൊക്കയില്‍ തള്ളുകയായിരുന്നു. ഇളയ മകന്‍ ജോണ്‍സണ്‍ ജോബി (ഗോവിന്ദന്‍-37) കൊല്ലപ്പെട്ട കേസില്‍ അച്ഛന്‍ മൂന്നിലവ് കൊന്നക്കല്‍ ചാക്കോ(പാപ്പന്‍-68)യെ ആണ് പോലീസ് അറസ്റ്റു ചെയ്തത്.
മേലുകാവ് കോണിപ്പാട്-ഇരുമാപ്രാ റോഡില്‍ പള്ളിക്ക് സമീപം കൊക്കയില്‍ 20 അടിയോളം താഴ്ചയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. വയറില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടിയ നിലയിലുമായിരുന്നു.
പോലീസ് പറയുന്നതിങ്ങനെ: സ്ഥിരം മദ്യപാനിയും ലഹരിക്ക് അടിമയുമായിരുന്ന ജോണ്‍സണ്‍ വെള്ളറയിലെ വീട്ടിലായിരുന്നു താമസം. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ ഇയാളുടെ മദ്യപിച്ചുള്ള ശല്യവും ഉപദ്രവവും കാരണം ഭാര്യ കുട്ടിയുമായി പിണങ്ങി പോയിരുന്നു. ഇതിന് ശേഷം വീട് നശിപ്പിച്ചു കളഞ്ഞ ജോണ്‍സണ്‍ പലപ്പോഴും മദ്യപിച്ച് വഴിയരികിലായിരുന്നു കിടന്നിരുന്നത്. ഇയാളുടെ ശല്യം മൂലം അച്ഛന്‍ ചാക്കോയും ഭാര്യയും ചാക്കോയുടെ അമ്മയും മൂന്നിലവ് എട്ടൊന്നില്‍ വാടക വീട്ടിലായിരുന്നു താമസം.
കഴിഞ്ഞ ഒമ്പതിന് ചാക്കോയുടെ വീട്ടിലെത്തിയ ജോണ്‍സന്‍ അച്ഛനുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. ഗതികെട്ട ചാക്കോ കമ്പിവടിക്ക് ജോണ്‍സന്റെ കാലില്‍ അടിച്ചു. ഇതില്‍ വൈരാഗ്യം തോന്നിയ ജോണ്‍സണ്‍ 11ന് രാത്രി ഒമ്പതോടെ വീണ്ടും മൂന്നിലവിലെ വീട്ടിലെത്തി അകത്തുള്ള സാധന സാമഗ്രികള്‍ നശിപ്പിച്ചു. ഇതിന് ശേഷം പ്രധാന മുറിയിലിരിക്കുകയായിരുന്ന ജോണ്‍സനെ ചാക്കോ ചുറ്റിക കൊണ്ട് തലയ്‌ക്ക് പിന്നിലും ചെവിയുടെ ഭാഗത്തും ഇടിച്ചു.
ജോണ്‍സനെ കൊലപ്പെടുത്തുന്നത് ചാക്കോയുടെ ഭാര്യയും അമ്മയും കാണാനിടയായി. കുഴഞ്ഞുവീണ അമ്മയെ ചാക്കോയും ഭാര്യയും ചേര്‍ന്ന് ഈരാറ്റുപേട്ടയിലെ പിഎംസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് മൃതദേഹം സഹോദരന്റെ അഞ്ചുകുടിയാറിലുള്ള വീട്ടിലെത്തിച്ച ശേഷം ചാക്കോ തിരികെ വാടക വീട്ടിലെത്തി പുലര്‍ച്ചെ മൂന്ന് മണിയോടെ ജോണ്‍സന്റെ മൃതദേഹം പ്ലാസ്റ്റിക് കയര്‍ കെട്ടി വലിച്ച് ജീപ്പില്‍ കയറ്റി മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വിജനമായ ഇരുമാപ്രായിലെ കൊക്കയില്‍ തള്ളുകയായിരുന്നു. ഇതിന് ശേഷം അമ്മയുടെ സംസ്‌കാര ചടങ്ങിലും പങ്കെടുത്തു.
11-ന് രാത്രി ഓട്ടോറിക്ഷയില്‍ ജോണ്‍സണ്‍ മൂന്നിലവില്‍ വന്നിറങ്ങിയതായും രാത്രി വീട്ടില്‍ വഴക്കുണ്ടായതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചാക്കോയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൂന്നിലവിലെ വാടക വീട്ടില്‍ കണ്ട രക്തക്കറകള്‍ പോലീസിന് തെളിവായി. കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയറിന്റെ ബാക്കി ഭാഗങ്ങളും കണ്ടെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും.
ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തില്‍ നേരിട്ടായിരുന്നു അന്വേഷണം. പാലാ ഡിവൈഎസ്പിഷാജിമോന്‍ ജോസഫ്, മേലുകാവ് എസ്‌ഐ ലെബിമോന്‍, നൗഷാദ്, സുനില്‍,പാലാ എസ്‌ഐ ഹാഷിം, തോമസ് സേവ്യര്‍, അരുണ്‍ചന്ദ്, ബിജു, രാംദാസ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
















