കുവൈത്ത് സിറ്റി: കൊറോണ വൈറസ് സ്ഥിരീകരിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ കുവൈത്തിൽ വൈറസ് ബാധിതരുടെ എണ്ണം ഉയരുകയാണ്. എട്ട് പേർക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം നൂറ്റി പന്ത്രണ്ടായി.
നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേ സമയം ഒമ്പത് പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇറാനിൽ നിന്ന് ഖൈറാനിലെ റിസോട്ടിലെത്തിച്ച് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നവരില്‍ 195 പേർ വീടുകളിലേക്ക് മടങ്ങിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മിഷ്‌രിഫിലെ പരിശോധ ക്യാമ്പിൽ പോയി അവസാനവട്ട പരിശോധനയും നടത്തി പൂർണ്ണ ആരോഗ്യമുണ്ടെന്ന് ഉറപ്പ് വരുത്തിയാണ് ഇവരെ വീട്ടിലേക്ക് വിടുന്നത്.
534 പേർ നിലവിൽ നിരീക്ഷണത്തിലാണ്. അതിനിടെ നിലവിലെ പ്രതിസസി മറികടക്കുന്നതിന്റെ ഭാഗമായി ഫ്ലാറ്റുകളുടെയും വാണിജ്യ സമുച്ചയങ്ങളുടെയും വാടക കുറയ്‌ക്കുന്നത് റിയൽ എസ്റ്റേറ്റ് അസോസിയേഷന്റെ പരിഗണനയിലാണ്. ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി ബാർബർഷോപ്പുകൾ, ലേഡീസ് സലൂണുകൾ, കുട്ടികളുടെ വിനോദ കേന്ദ്രങ്ങൾ എന്നിവ കൂടി അടച്ചിടാനും സർക്കാർ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: