കോഴിക്കോട്: കൊറോണ രോഗം വ്യാപിക്കുന്നതിനിടെ ആശുപത്രികളില്‍ അടിയന്തര ശസ്ത്രക്രിയകള്‍ക്ക് പോലും രക്തദൗര്‍ലഭ്യമുണ്ടായത് പരിഹരിക്കാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്ത്. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സംസ്ഥാനതല രക്തദാന ദൗത്യത്തിന് ഇന്നലെ കോഴിക്കോട്ട് തുടക്കം.
സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രക്തം ദാനം ചെയ്തു. കേരളത്തിലെ വിവിധ ആശുപത്രികളില്‍ അടിയന്തര ശസ്ത്രക്രിയകള്‍ പോലും മുടങ്ങുന്ന തരത്തില്‍ രക്ത ദൗര്‍ലഭ്യമുണ്ടായ സാഹചര്യത്തിലാണ് യുവമോര്‍ച്ച ഇത് പരിഹരിക്കാന്‍ രംഗത്തെത്തിയതെന്ന് പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. എട്ട് ജില്ലകളില്‍ ഇന്നലെ രക്തദാനത്തിന് തുടക്കം കുറിച്ചു. കൊറോണ ബോധവത്കരണ പരിപാടികളോടൊപ്പം മറ്റു കേന്ദ്രങ്ങളിലും രക്തദാന പ്രവര്‍ത്തനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് കോഴിക്കോട് നഗരത്തില്‍ ബീച്ച് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ രക്തം ദാനം ചെയ്യും. രക്തം ആവശ്യമുള്ളവര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിന് മൂന്ന് ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍: 9745334700, 9567811181, 9847444322.
















