തിരുവനന്തപുരം: കോവിഡ് 19ന്റ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ അതീവജാഗ്രത നിര്‍ദേശം. സംസ്ഥാനത്ത് മുന്‍പൊരിടത്തും പ്രഖ്യാപിക്കാത്ത നിയന്ത്രണങ്ങളാണ് ജില്ല ഭരണകൂടം നിര്‍ദേശിച്ചത്. ജനങ്ങള്‍ വീട്ടിലിരിക്കണമെന്നും ആവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ എന്നും ജില്ലാ കളക്റ്റര്‍. ജില്ലയിലെ ഷോപ്പിങ് മാളുകള്‍, ബീച്ചുകള്‍, ജിമ്മുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ പൂട്ടും. തിരുവനന്തപുരത്തെ രോഗി കൃത്യമായ നിരീക്ഷണം പാലിച്ചില്ലെന്നും ഇയാള്‍ പല സ്ഥലങ്ങളിലും സഞ്ചരിച്ചുവെന്നും കണ്ടെത്തി. ഇയാള്‍ ഓട്ടോറിക്ഷയിയാണ് ആശുപത്രി അടക്കം സ്ഥലങ്ങളില്‍ സഞ്ചരിച്ചത്. വര്‍ക്കല അടക്കം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാക്കും. ഉത്സവങ്ങളും ആഘോഷങ്ങളും പൂര്‍ണമായും ഒഴിവാക്കി. രോഗബാധിതന് ഉത്സവത്തിനു പോയാതായും കണ്ടെത്തി. പൊതുഗതാഗത സംവിധാനങ്ങള്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും കളക്റ്റര്‍. ജില്ലയില്‍ 249 പേര് നീരീക്ഷണത്തിലാണ്. അസുഖബാധിതനായ ഇറ്റലി സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തുക വന്പ്രയാസമാണെന്ന വിലയിരുത്തലിലാണ് അധികൃതര്‍.
ജില്ലകള്‍ കടന്ന് കൊറോണ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ സര്‍ക്കാര്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയായിരുന്നു. മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും കോവിഡ് 19 ക്ലിനിക് സര്‍ക്കാര്‍ ആരംഭിച്ചു. 226 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 208 പേര് വീടുകളിലാണ്. ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ 18 പേരാണുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ഉടനീളം നടക്കുന്നത്. കളക്ടറുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്റെയും മുനിസിപ്പാലിറ്റിയുടെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും യോഗം വിളിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി വരുന്നവരെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനം ശക്തിപ്പെടുത്തി. ടൂറിസം മേഖലയിലെ ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് 19 രോഗ ബാധിത രാജ്യങ്ങളില്‍ നിന്ന് താമസിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് രോഗം ഇല്ലെന്ന് ഉറപ്പ് വരുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: