ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികളെ ശുശ്രൂഷിച്ച നഴ്സുമാരെ അവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. കൊറോണ ബാധിച്ചവരെയും, നിരീക്ഷണത്തിലുള്ളവരെയും പ്രവേശിപ്പിച്ചിരുന്ന പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന മൂന്ന് പുരുഷ നഴ്സുമാര്‍ക്കാണ് ഈ ദുരവസ്ഥ.
ഗാന്ധിനഗറിലെ വാടക വീട്ടില്‍ താമസിച്ചാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ വീട്ടുടമ വീട് ഒഴിഞ്ഞു തരണമെന്ന് നിര്‍ബന്ധം പിടിച്ചു. രോഗം പകരുമെന്ന ഭീതിയാണ് വീട്ടുടമയെ ഇതിനു പ്രേരിപ്പിച്ചത്. തല ചായ്ക്കാന്‍ ഇടമില്ലാതെ വന്നതോടെ ഇവര്‍ പ്രിന്‍സിപ്പാളിനെ സമീപിച്ചു. എന്നാല്‍, സഹായം ഒരുക്കുന്നതിന് പകരം പ്രിന്‍സിപ്പാള്‍ ആക്രോശിച്ചു കൊണ്ട് ഇവരെ പുറത്താക്കി. അച്ചടക്ക നടപടി ഭയന്ന് സംഭവത്തെപ്പറ്റി പുറത്തു പറയാന്‍ പോലും മടിച്ചു. സംഭവം വിവാദമായപ്പോള്‍ ജില്ലാ കളക്ടര്‍ ഇടപെട്ടു. നഴ്സുമാര്‍ക്ക് താമസിക്കാന്‍ പേവാര്‍ഡിന് സമീപം താത്കാലിക സൗകര്യമൊരുക്കി. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: