ആലപ്പുഴ: ജില്ലയുടെ വിനോദ സഞ്ചാര മേഖലകളില്‍ പുതിയ സാധ്യതകള്‍ തുറന്നുള്ള കോട്ടയം- ആലപ്പുഴ -കുമരകം പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ട് സര്‍വ്വീസിന് തുടക്കമായി. കുട്ടനാടന്‍ മേഖലകളിലെ കനാല്‍ സൗന്ദര്യം ആസ്വദിക്കാനും കോട്ടയം- ആലപ്പുഴ റൂട്ടില്‍ യാത്രചെയ്യുന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് റോഡ് ഗതാഗത തടസ്സങ്ങളില്‍ ഉള്‍പ്പെടാതെ കുറഞ്ഞ സമയത്തില്‍ ആലപ്പുഴയില്‍ എത്താനും ഇനി സാധിക്കും.
ബോട്ട് സര്‍വീസിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ പൊതുമരാമത്തു രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു. 120പേര്‍ക്ക് ഒരേസമയം ബോട്ടില്‍ യാത്ര ചെയ്യാം. 40 യാത്രക്കാര്‍ക്ക് എ.സി. ക്യാബിനിലും 80 യാത്രക്കാര്‍ക്ക് നോണ്‍ എ.സി. ക്യാബിനിലും ബോട്ട് യാത്ര ആസ്വദിക്കാം. പാതിരാമണല്‍ ദ്വീപ്, കുമരകം പക്ഷിസങ്കേതം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ ഈ ബോട്ടില്‍ സുരക്ഷിതയാത്ര ഒരുക്കും.
ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാസഞ്ചര്‍ സര്‍വ്വീസിനൊപ്പം വിനോദ സഞ്ചാര സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് ഈ ബോട്ടിന്റെ സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്. പാസഞ്ചര്‍ സര്‍വ്വീസ്, ഡേക്രൂയീസ് സര്‍വ്വീസ് എന്നിങ്ങനെ രണ്ട് തരത്തിലാണ് ബോട്ടിന്റെ സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്. ജില്ലയിലെ ആദ്യത്തെ സര്‍ക്കാര്‍ തലത്തിലുള്ള കണ്ടക്ടഡ് ടൂര്‍ പാക്കേജാണിത്.
കോട്ടയത്തു നിന്നും രാവിലെ 7.30ന് പുറപ്പെട്ട് 9.30ന് ആലപ്പുഴയില്‍ എത്തിച്ചേരുന്ന ബോട്ട് വൈകിട്ട് 5.30നു ആലപ്പുഴയില്‍ നിന്നും പുറപ്പെട്ട് രാത്രി 7.30 നു തിരികെ കോട്ടയത്ത് എത്തിച്ചേരുന്ന തരത്തിലാണ് പാസഞ്ചര്‍ സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്. ആലപ്പുഴയ്ക്കും കോട്ടയത്തിനും ഇടയില്‍ പുഞ്ചിരി, മംഗലശ്ശേരി, കമലന്റെ മൂല, കൃഷ്ണന്‍കുട്ടി മൂല, പള്ളം എന്നിങ്ങനെ അഞ്ചു സ്റ്റോപ്പുകളാണ് അനുവദിച്ചിട്ടുള്ളത്. ആലപ്പുഴ -കോട്ടയം റൂട്ടില്‍ ടിക്കറ്റ് നിരക്കായി എ.സി. ക്യാബിനില്‍ 100 രൂപയും നോണ്‍ എസി ക്യാബിനില്‍ 50 രൂപയുമാണ്.
രാവിലേയും വൈകുന്നേരവും ഉള്ള പാസഞ്ചര്‍ സര്‍വ്വീസുകള്‍ക്കിടയില്‍ രാവിലെ 10.00നു ആലപ്പുഴയില്‍ നിന്നും സര്‍വീസ് ആരംഭിച്ച് പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണല്‍, തണ്ണീര്‍മുക്കം ബണ്ട് വഴി ഉച്ചയ്ക്ക് 1.15നു കുമരകം പക്ഷിസങ്കേതത്തില്‍ എത്തുന്ന തരത്തിലും തിരികെ 2.15 നു പുറപ്പെട്ട് വൈകിട്ട് 4.30നു ആലപ്പുഴയില്‍ എത്തിച്ചേരുന്നതരത്തില്‍ രണ്ടു ട്രിപ്പുകളായിട്ടാണ് ഡേക്രൂയീസ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: