മാഡ്രിഡ്: എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയെ തോല്‍പ്പിച്ച റയല്‍ മാഡ്രിഡിന് ഇന്നലെ അടിതെറ്റി. റയല്‍ ബെറ്റിസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡിനെ അട്ടിമറിച്ചു. തോല്‍വിയോടെ അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്. 27 കളികളില്‍ നിന്ന് 58 പോയിന്റ്. റയലിന് അത്രയും മത്സരങ്ങളില്‍നിന്ന് 56 പോയിന്റും.
40-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം സിദ്നി, 82-ാം മിനിറ്റില്‍ ബാഴ്സ മുന്‍ താരം ക്രിസ്റ്റിയന്‍ ടെല്ലോ എന്നിവരാണ് റയല്‍ ബെറ്റിസിനായി ലക്ഷ്യം കണ്ടത്. റയല്‍ മഡ്രിഡിന്റെ ആശ്വാസഗോള്‍ കരിം ബെന്‍സേമ ആദ്യ പകുതിയുടെ പരിക്ക് സമയത്ത് പെനാല്‍റ്റിയില്‍നിന്ന് നേടി.
പന്ത് കൈവശംവെക്കുന്നതില്‍ റയല്‍ മുന്നിട്ടുനിന്നെങ്കിലും മികച്ച പ്രതിരോധം കെട്ടിപ്പൊക്കിയാണ് റയല്‍ ബെറ്റിസ് കളി സ്വന്തമാക്കിയത്. ഒപ്പം കിട്ടിയ അവസരങ്ങളില്‍ നല്ല പ്രത്യാക്രമണങ്ങള്‍ നടത്താന്‍ കഴിഞ്ഞതും ബെറ്റിസിന് തുണയായി. ബെന്‍സേമ, വിനീഷ്യസ് ജൂനിയര്‍, ക്രൂസ്, ലൂക്കാ മോഡ്രിച്ച് എന്നിവരടങ്ങിയ താരനിരയെ പിടിച്ചുകെട്ടുന്നതില്‍ വിജയിച്ചതും ബെറ്റിസിനെ തുണച്ചു.
തുടക്കം മുതല്‍ റയല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബെറ്റിസ് പ്രതിരോധം പൊളിക്കാനായില്ല. ബെറ്റിസ് താരങ്ങളും മികച്ച പ്രത്യാക്രമണങ്ങള്‍ നടത്തിയതോടെ കളി ആവേശകരമായി. 40-ാം മിനിറ്റില്‍ ബെറ്റിസ് ലീഡ് നേടി. നബില്‍ ഫെകിര്‍ ഒരുക്കിയ അവസരത്തില്‍ നിന്ന് സിദ്നി പായിച്ച ഷോട്ടാണ് മാഡ്രിഡ് വലയില്‍ കയറിയത്. കളി പരിക്ക് സമയത്തേക്ക് നീങ്ങിയപ്പോള്‍ ബെറ്റിസിന് വേണ്ടി ഗോളടിച്ച സിദ്നി മത്സരത്തിലെ വില്ലനായി. മാഴ്സെലോയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് മാഡ്രിഡിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ബെന്‍സേമ ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു.
പിന്നീട് 82-ാം മിനിറ്റില്‍ ഗ്വാര്‍ഡാഡോയുടെ പാസില്‍ നിന്ന് ക്രിസ്റ്റിയന്‍ ടെല്ലോ ബെറ്റിസിന് വേണ്ടി ലക്ഷ്യം കണ്ടതോടെ വിജയം അവര്‍ക്ക് സ്വന്തം. ജയത്തോടെ 27 കളികളില്‍ നിന്ന് 33 പോയിന്റുമായി ബെറ്റിസ് 12-ാം സ്ഥാനത്തേക്കുയര്‍ന്നു.
മറ്റു മത്സരങ്ങളില്‍ ഒസാസുന ഏകപക്ഷീയമായ ഒരു ഗോളിന് എസ്പാന്യോളിനെയും, അത്ലറ്റിക്കോ ബില്‍ബാവോ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് റയല്‍ വല്ലാഡോളിഡിനെയും, ലെഗാനസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിയ്യാ റയലിനെയും തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: