ന്യൂദല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാ പ്രവേശനത്തിന് വിലങ്ങുതടിയായി പാര്‍ട്ടിയുടെ കേരളാ ഘടകത്തിന്റെ എതിര്‍പ്പ്.
വിഷയവുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറിന് ദല്‍ഹിയില്‍ അവെയ്ലബിള് പോളിറ്റ് ബ്യൂറോ യോഗം കൂടിയിരുന്നു. യോഗത്തില്‍ യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ നിര്‍ദ്ദേശത്തിനെതിരെ കേരളഘടകം കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്.
കോണ്‍ഗ്രസ് പിന്തുണയില്‍ എംപിയാകുന്നത് തിരിച്ചടിയാവുമെന്ന ഭയമാണ് സിപിഎം കേരളാ ഘടകത്തിന്റെ എതിര്‍പ്പിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ പ്രതിപക്ഷം കോണ്‍ഗ്രസായതിനാല്‍ രാഷ്ട്രീയ എതിരാളിക്കൊപ്പം കൈകോര്‍ത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ രാജ്യസഭ എം.പിയാകുന്നത് കേരളത്തില്‍ തിരിച്ചടിയാവുമെന്നാണ് വാദം.
ഇതിന് മുമ്പും യെച്ചൂരിക്ക് തലവേദന സൃഷ്ടിക്കുന്ന നിലപാട് കൈകൊണ്ടിട്ടുള്ളത് പാര്‍ട്ടിയുടെ കേരള ഘടകം തന്നെയാണ്. 2005 മുതല്‍ 2017 വരെ യെച്ചൂരി രാജ്യസഭാംഗമായിരുന്നു. വീണ്ടും എം.പിയാകാന്‍ കോണ്‍ഗ്രസ് അക്കാലത്ത് തന്നെ പിന്തുണയറിയിച്ചിരുന്നു. എ്ന്നാല്‍ അന്ന് കേരള ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് എം.പി സ്ഥാനം വേണ്ടെന്ന് പാര്‍ട്ടി നിലപാടെടുക്കുകയായിരുന്നു.
മാര്‍ച്ച് 26 നാണ് ബംഗാളില്‍ രാജ്യസഭ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിലും ഒരാളെ പോലും രാജ്യസഭയിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബംഗാളില്‍ നിന്ന് ഒരു രാജ്യസഭ എം.പി പോലുമില്ലാത്ത അവസ്ഥയിലാകും സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: