ലോകം മുഴുവന്‍ ഭീതിയുടെ മുള്‍മുനയിലാണ്. കോവിഡ് 19 എന്ന കൊറോണ വൈറസ് പല ഹതഭാഗ്യരുടെയും പ്രാണന് എടുത്തു കഴിഞ്ഞു. കാട്ടുതീ പോലെ കൊറോണ വൈറസ് പടരുകയാണ്. ചൈനയിലെ വുഹാന്‍ നഗരത്തിലെ ഒരു മാര്‍ക്കറ്റില്‍ നിന്നു തുടങ്ങിയെന്നു കരുതപ്പെടുന്ന കൊറോണയുടെ വിലാപ യാത്രയ്ക്ക് ഇനിയും ശമനമായില്ലെന്നത് ലോകമെങ്ങും കനത്ത പരിഭ്രാന്തിയാണുണ്ടാക്കിയിട്ടുള്ളത്.
ഇതിനകം ലോകമെങ്ങുമായി 3000ത്തില്‍ കൂടുതല്‍ മരണമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. വൈറസ് എങ്ങനെ, ഏതു രീതിയില്‍ പടര്‍ന്നു എന്നത് ഇപ്പോഴും ദുരൂഹമായിരിക്കുന്നു. ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മൃഗങ്ങളില്‍ നിന്നാണെന്നൊക്കെയുള്ള പ്രാഥമിക വിവരങ്ങളേ അറിവായിട്ടുള്ളൂ. രോഗത്തെ പിടിച്ചുകെട്ടാന്‍ ആവുംവിധമുള്ള ശ്രമങ്ങള്‍ മിക്ക രാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇത് തടയാന്‍ പര്യാപ്തമായ വാക്സിനുകള്‍ ഇനിയും വികസിപ്പിച്ചിട്ടില്ല എന്നത് പരിഭ്രാന്തിക്ക് ആക്കം കൂട്ടുന്നു. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നു നല്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. അതു തന്നെയാണ് ഈ രോഗത്തിന്റെ ഭീകരതയും.
ഭാരതത്തില്‍ നിലവില്‍ മൂന്നു പേരെ മാത്രമേ കൊറോണ ബാധിച്ചിട്ടുള്ളൂവെന്നത് ആശ്വാസകരമെങ്കിലും ഭീതി ഒഴിഞ്ഞു എന്നു പറയാനാവില്ല. ഒന്നും പേടിക്കാനില്ലെന്നും എല്ലാ വകുപ്പുകളും കൂട്ടായി ഇക്കാര്യത്തില്‍ വേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി നല്കിയ ഉറപ്പ് വലിയ ആത്മവിശ്വാസമാണ് ജനങ്ങളില്‍ വളര്‍ത്തിയിട്ടുള്ളത്. ഗവേഷണവും പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും ഭാരതം ഊര്‍ജിതമായി നടപ്പില്‍ വരുത്തിയിട്ടുണ്ടെന്ന വ്യക്തമായ സൂചനയാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.
വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ ജോലിയെടുക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ഭാരതീയരുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പകര്‍ച്ചവ്യാധിയായ ഒരു അസുഖത്തിന് കൃത്യമായ വാക്സിന് കണ്ടെത്താത്തിടത്തോളം കാലം അതീവ ജാഗ്രതയും കരുതലും തന്നെയാണ് ഫലപ്രദമായ വാക്സിന്. മരുന്നുണ്ടെങ്കില്‍ പോലും അസുഖത്തിന്റെ വ്യാപനം തടയാനും
ഗുരുതരമാകാതിരിക്കാനും ഇതു വേണ്ടിവരുമെന്ന് വ്യക്തമല്ലേ? എന്നാല്‍ അക്കാര്യത്തില്‍ പലരും വിമുഖത കാട്ടുന്നു എന്നതത്രേ സങ്കടകരം. വിദേശവാസം കഴിഞ്ഞെത്തുന്നവര്‍ പരിശോധനയ്ക്ക് ഹാജരാകാതിരിക്കുക, നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവ ഉണ്ടാകുന്നു. എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ ആരുമറിയാതെ സ്ഥലംവിട്ടത് ഇത്തരുണത്തില്‍ ഏറെ ഗൗരവമുണര്‍ത്തുന്നതാണ്.
സമൂഹത്തിന് ഭീഷണിയായവ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ നടത്തുന്ന ശ്രമങ്ങളെ അവഗണിക്കുകയും പ്രശ്നം രൂക്ഷമാവുമ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് സാക്ഷരസമൂഹത്തിന് ഭൂഷണമല്ല. കാരണം സമൂഹത്തിന്റെ ഭാഗം തന്നെയാണല്ലോ സര്‍ക്കാര്‍. അതില്‍ ഭാഗഭാക്കാണല്ലോ വ്യക്തികളും. അങ്ങനെ വരുമ്പോള്‍ സമൂഹത്തിനൊപ്പം നില്ക്കാന് അത്യാവശ്യം ത്യാഗം സഹിക്കാനും തയാറാവേണ്ടേ?
ക്രിയാത്മകമായി സമൂഹം എങ്ങനെയാണ് പെരുമാറുന്നതെന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് പയ്യന്നൂരിനടുത്ത് വെള്ളൂര്‍ ഗ്രാമത്തിലെ ജനങ്ങളുടെ ഇടപെടല്‍. കൊറോണ സംശയത്തോടെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ജൈനേഷിന്റെ സംസ്കാര ചടങ്ങുകള്‍ അതീവ ജാഗ്രതയോടെ അവര്‍ നിര്‍വഹിച്ചു. കൊറോണയല്ല ജൈനേഷിനെ ബാധിച്ചതെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചെങ്കിലും മരണകാരണം കണ്ടെത്താനായില്ല. അതിനാല്‍
ബന്ധുക്കളെ പോലും മൃതദേഹത്തിനടുത്തേക്ക് അടുപ്പിച്ചില്ല. പ്രത്യേക സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞ ആറോളം പേരാണ് സംസ്കാര ക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയത്. വൈകാരിക താല്പര്യങ്ങളെക്കാള് സമൂഹതാല്പര്യത്തിന് പ്രാധാന്യം നല്‍കിയത് ശ്ലാഘനീയമായി. കൊറോണ പോലുള്ള ഭീതി പടര്‍ത്തുന്ന രോഗങ്ങളെ തടഞ്ഞു നിര്‍ത്താന്‍ ഇത്തരം ഇടപെടലുകളും പ്രവര്‍ത്തനങ്ങളുമാണ് വേണ്ടത്. ലോക സമ്പദ് വ്യവസ്ഥയ്ക്കു പോലും ഭീഷണിയായ കൊറോണ വൈറസിന്റെ കാര്യത്തിലും ഇത് അങ്ങേയറ്റം പ്രസക്തം തന്നെ. ‘ഭീതി വേണ്ട ഒന്നിച്ചു നേരിടാം’ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന്റെ ഉള്‍പ്പൊരുളും ഈ ജാഗ്രതയാണ് നമുക്കു പകര്‍ന്നു നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: