സത്വഗുണത്തിന്റെ വിവരണം തുടരുന്നു.
എല്ലാ വസ്തുക്കളേയും നാം കാണുകയും അറിയുകയും ചെയ്യുന്നത് നമ്മുടെ ചേതസ്സിനാല്‍ ആണ്. ചിത്പ്രകാശമായ ആത്മാവ് ബുദ്ധിയില്‍ പ്രതിഫലിച്ചതാണ് ചേതസ്സ്. ബുദ്ധി കലുഷിതമാകുമ്പോള്‍ ചേതസ്സ് മങ്ങുന്നു.
പ്രതിഫലിക്കേണ്ട പ്രതലം മങ്ങിയാല്‍ പ്രതിബിംബവും മങ്ങും. പ്രതലത്തിന്റെ ഇളക്കമോ മാലിന്യ പോരായ്മകളോ പ്രതിബിംബത്തേയും ബാധിക്കും. ബുദ്ധിയില്‍ ബാധിക്കുന്ന തമസ്സും രജസ്സുമാണ് സത്വത്തെ മലിനപ്പെടുത്തരുത്.
തമസ്സും രജസ്സും സത്വവുമായി ചേര്‍ന്നാല്‍ നമ്മുടെ ബുദ്ധി മങ്ങും. എന്നാല്‍ ഇവയുടെ അളവ് കുറഞ്ഞാല്‍ സത്വം വര്‍ദ്ധിക്കും. അപ്പോള്‍ ബുദ്ധിയിലെ ആത്മ പ്രതിബിംബം കൂടുതല്‍ വ്യക്തമായി പ്രകാശിക്കും. അതിനാല്‍ അന്തരീക്ഷം ശുദ്ധമാക്കുക തന്നെ വേണം.
അന്തഃകരണത്തെ കൂടുതല്‍ ശുദ്ധമാക്കാന്‍ ഉപാസന, ജപം, ധ്യാനം തുടങ്ങിയ ആദ്ധ്യാത്മിക സാധനകളെയെല്ലാം ചെയ്യേണ്ടതാണ്. ഇതിലൂടെ ഉള്ളം ശുദ്ധമായാല്‍ ചിത് പ്രകാശം നല്ല തെളിവോടെ വിളങ്ങും.
ശ്ലോകം 118
മിശ്രസ്യ സത്വസ്യ ഭവന്തി ധര്‍മ്മാഃ
ത്വമാനിതാദ്യാഃ നിയമാ യമാദ്യാഃ
ശ്രദ്ധാ ച ഭക്തിശ്ച മുമുക്ഷുതാ ച
ദൈവീ ച സമ്പത്തിരസത് നിവൃത്തിഃ
അമാനിത്വം, യമനിയമങ്ങള്‍, ശ്രദ്ധ, ഭക്തി, മുമുക്ഷുത്വം, ദൈവീ സമ്പത്തി, അസത്തില്‍ നിന്ന് നിവൃത്തി തുടങ്ങിയ ഗുണങ്ങള്‍ മിശ്ര സത്വത്തിന്റെ ധര്‍മ്മങ്ങളാണ്.
രജസ്സും തമസ്സും വളരെ കുറഞ്ഞതും സത്വഗുണം കൂടിയിരിക്കുന്നതുമാണ് മിശ്രസത്വം. തമോഗുണം ഇല്ലെന്ന് തന്നെ. ഇതിന്റെ പ്രവര്‍ത്തനത്തെയാണ് ഇവിടെ വിവരിക്കുന്നത്. സത്വം ഗുണം വര്‍ദ്ധിച്ചിരിക്കുന്ന ഈ അവസ്ഥ ആത്മസാക്ഷാത്കാരത്തിലേക്ക് നമ്മെ നയിക്കും. മോക്ഷേച്ഛ ശക്തമാകുന്നത് സത്വഗുണം കൂടുമ്പോഴാണ്.
രജോഗുണത്തിന്റെ ധര്‍മ്മങ്ങളായ ദുരഭിമാനം മുതലായവ സാധകനില്‍ നിന്ന് ഈ അവസ്ഥയില്‍ ഒഴിഞ്ഞ് പോകും. ദുരഭിമാനമോ മാനമോ തോന്നാതിരിക്കുന്നതാണ് അമാനിത്വം.
ഭഗവദ് ഗീത 13 ാം അദ്ധ്യായത്തില്‍ അമാനിത്വമദംഭിത്വം…. എന്നിങ്ങനെ 20 ല്‍ പരം ഗുണങ്ങളെ ജ്ഞാനമായി വര്‍ണിച്ചിട്ടുണ്ട്. ഇവയെല്ലാം മിശ്ര സത്വത്തില്‍ നിന്നാണ് ഉണ്ടാകുന്നത്.
അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിയാണ് യമങ്ങള്‍. ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണി ധാനം എന്നിവയാണ് നിയമങ്ങള്‍.കാമ്യ കര്‍മ്മങ്ങളില്‍ നിന്ന് പിന്‍വലിച്ച് നിഷ്കാമ കര്‍മ്മത്തിലേക്ക് പ്രേരിപ്പിക്കുകയും നിയമനംചെയ്യുന്നതിനാലു മാണ് നിയമങ്ങള്‍ എന്ന് പറയുന്നത്.
ഗുരുവിലും വേദാന്ത വാക്യത്തിലുമുള്ള അടിയുറച്ച വിശ്വാസമാണ് ശ്രദ്ധ. ശ്രാസ്ത്രത്തെ വേണ്ട വിധത്തില്‍ മനസ്സിലാക്കാനുള്ള കഴിവാണ്. ഈശ്വരനോടുള്ള പരമ പ്രേമമാണ് ഭക്തി. അവനവന്റെ യഥാര്‍ത്ഥ സ്വരൂപത്തെ അനുസന്ധാനം ചെയ്യുന്നതാണ് ഭക്തിയുടെ ഉയര്‍ന്ന തലം. എനിക്ക് മോക്ഷം വേണമെന്ന തീവ്രമായ ആഗ്രഹമാണ് മുമുക്ഷുത്വം. ദൈവീ സമ്പത്തുകളെക്കുറിച്ച് ഭഗവദ് ഗീതാ 16ാം അദ്ധ്യായത്തില്‍ പറയുന്നു. അഭയം സത്വ സംശുദ്ധി….. എന്നിങ്ങനെ 25 ഗുണങ്ങളാണ് ഇവിടെ വിവരിക്കുന്നത്. അസത്തില്‍ നിന്നുള്ള നിവൃത്തിയാണ് മിശ്ര സത്വത്തിന്റെ ധര്‍മ്മമായി അവസാനം ഈ ശ്ലോകത്തില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: