കൊച്ചി: സിപിഎം നേതാക്കള്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിച്ചത് കോഴിക്കച്ചവടത്തിനെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സിപിഎം പ്രാദേശിക നേതാവ് എം.എം. അന്‍വറിന്റെ നേതൃത്വത്തിലാണ് പ്രളയ ഫണ്ടില്‍ തിരിമറി കോഴിഫാം വാങ്ങിയത്. 10.54 ലക്ഷം രൂപയാണ് ഇവര്‍ വെട്ടിച്ചത്.
എറണാകുളം കളക്ട്രേറ്റ് സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനും സുഹൃത്ത് മഹേഷും ചേര്‍ന്ന് ദുരിതാശ്വാസ ഫണ്ട് തൃക്കാക്കര അയ്യനാട് സഹകരണ ബാങ്കിന്റെ പേരിലുള്ള ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റി ചെലവഴിക്കുകയായിരുന്നു. ദുരിതാശ്വാസ ഫണ്ടുള്ള എഡിഎമ്മിന്റെ പേരിലുള്ള അക്കൗണ്ടിന്റെ യൂസര്‍ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഇയാള്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചതായാണ് കണ്ടെത്തല്‍ ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ വിഷ്ണു കുറ്റം സമ്മതിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ഫണ്ട് വിതരണ വിഭാഗത്തിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഫെഡറല്‍ ബാങ്ക് ശാഖയിലും പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
മൂന്ന് ദിവസങ്ങളിലായി അഞ്ച് തവണയായിട്ടാണ് അയ്യനാട് സഹകരണ ബാങ്കിലേക്ക് വിഷ്ണു 10,54,000 രൂപ ഇട്ടത്. ഈ തുകയാണ് സിപിഎം നേതാവ് അന്‍വര്‍ അയ്യനാട് സഹകരണബാങ്കില്‍ നിന്നും പിന്‍വലിച്ചത്. വിഷ്ണുപ്രസാദിനെ എറണാകുളം കളക്ട്രേറ്റിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. ദുരിതാശ്വാസ സെല്ലിലെത്തിച്ച പ്രതിയില്‍നിന്ന് അന്വേഷണസംഘം കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും ക്രൈംബ്രാഞ്ച് സംഘം പറഞ്ഞിരുന്നു.
തട്ടിപ്പ് നടത്താനായി 2019 നവംബര്‍ 28ന് വിഷ്ണു രണ്ട് തവണയായി 2,50,000 രൂപ വീതം വിഷ്ണു അയ്യനാട് ബാങ്കില്‍ നിക്ഷേപിച്ചശേഷമാണ് ബാക്കി തുക കൈമാറിയത്. ഈ തുക ഉപയോഗിച്ച് അന്‍വറും മറ്റ് രണ്ട് പേരും ചേര്‍ന്ന് പൊള്ളാച്ചിയില്‍ കോഴി ഫാം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ആര്‍ഭാട ജീവിതം ലക്ഷ്യമിട്ടാണ് പ്രതികള്‍ ഈ വെട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
സമാന രീതിയില്‍ മറ്റൊരു സിപിഎം നേതാവുമായി ബന്ധമുള്ള അക്കൗണ്ടിലേക്കും രണ്ടരലക്ഷം രൂപ എത്തിയതായും പറയുന്നുണ്ട്. ഇതുസംബന്ധിച്ചും ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചുവരികയാണ്. അതേസമയം, കേസില്‍ ഉള്‍പ്പെട്ട അന്‍വറും മഹേഷും ഇപ്പോഴും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: