തിരുവനന്തപുരം: സര്‍ക്കാര്‍ ഏറ്റെടുത്ത കിഴക്കേക്കോട്ട തീര്‍ഥപാദ മണ്ഡപവും ചട്ടമ്പിസ്വാമി സ്മാരക ക്ഷേത്രവും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു. അര്‍ധരാത്രിയുടെ മറവില്‍ നടത്തിയ ഏറ്റെടുക്കല്‍ നടപടി മത സ്വാത്രന്ത്ര്യത്തോടും ആരാധനാസ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കൈയൂക്കിന്റെ ബലത്തില്‍ ഒരു തീര്‍ഥാടന കേന്ദ്രം ഏറ്റെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് മത സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധ നടപടി ഉണ്ടാവുമെന്നും ക്ഷേത്രം പൂട്ടിയവരെക്കൊണ്ട് തന്നെ തുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പിടിച്ചെടുക്കുന്നതിന് മുന്നോടിയായുള്ള നടപടിയായ് വേണം ഇതിനെ കാണാന്‍. ഇന്നലെ ശിവഗിരി മഠം, ഇന്ന് തീര്‍ഥപാദ മണ്ഡപം, നാളെ പദ്മനാഭസ്വാമി ക്ഷേത്രം എന്ന നിലക്കാണ് സര്‍ക്കാര്‍ നീക്കമെന്ന് സംശയമുണ്ട്. സി.എച്ച്. മുഹമ്മദ് കോയയ്ക്കും കെ.എം.മാണിക്കുമൊക്കെ സ്മാരകങ്ങള്‍ പണിയാന്‍ സ്ഥലവും പണവും നല്കുന്ന സര്‍ക്കാര്‍ കേരളത്തിന്റെ ആധ്യാത്മിക രംഗത്തെ ഉന്നത വ്യക്തിയായിരുന്ന ചട്ടമ്പി സ്വാമിയുടെ സ്മാരകത്തോട് കാണിച്ചത് നീതീകരിക്കാനാവാത്ത തെറ്റാണ്.
അര നൂറ്റാണ്ടോളം ആരാധന നടത്തിയിരുന്ന ക്ഷേത്രമാണ് അടച്ചു പൂട്ടിയിരിക്കുന്നത്. ദേവസ്വം സ്വത്ത് സംരക്ഷിക്കേണ്ട ദേവസ്വം മന്ത്രി ഇതിന് മറുപടി പറയണം. ചട്ടമ്പിസ്വാമികളുടെ സ്മാരകം ഉയരേണ്ട ഇടമാണിത്. ചട്ടമ്പിസ്വാമിയുടെ ഈ ക്ഷേത്രത്തില്‍ ആരാധന നടത്തുക എന്നത് ജന്മാവകാശമാണ്. ഏറെക്കാലമായി അത് നിര്‍വഹിച്ചു വരികയാണ്. രണ്ട് പട്ടിക കഷണങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ അത് അടച്ചു പുട്ടുന്നത് ശരിയല്ല. സിപിഐ-സിപിഎം പോരിന്റെ ഭാഗമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു. പാത്രക്കുളം നികത്തിയതില്‍ തെറ്റില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പതിച്ചു നല്കിയ സ്ഥലത്തിന് മുഴുവന്‍ പണവും നല്‍കാത്തതാണ് ഏറ്റെടുക്കാന്‍ കാരണമായി പറയുന്നത്. മുഴുവന്‍ പണവും നല്‍കിയെന്നാണ് വിദ്യധിരാജ ട്രസ്റ്റിന്റെ നിലപാട്. ഇതു സംബന്ധിച്ച് തര്‍ക്കം ഉണ്ടെങ്കില്‍ പണം ഈടാക്കാന്‍ നിയമപരമായ നിരവധി മാര്‍ഗങ്ങളുണ്ട്. വസ്തുവും സ്ഥലവും ഏറ്റെടുക്കലല്ല. ഇതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. അത് പുറത്തു വരണം, കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: