നെയ്യാറ്റിന്‍കര: സിപിഎം ബ്രാഞ്ച് സെക്രട്ടറി കമ്പിപ്പാര കൊണ്ട് യുവാവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചു. നെയ്യാറ്റിന്‍കര പൊറ്റയില്‍ക്കട ജങ്ഷനില്‍ പൊറ്റയില്‍ക്കട ബ്രാഞ്ച് സെക്രട്ടറി അനില്‍ രാജിന്റെ നേതൃത്വത്തില്‍ ആറയൂര്‍ ഈന്തിക്കാലവീട്ടില് ബെന്‍സിഗര്‍ മകന് സുബിന് (25) നെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വെള്ളിയാഴ്ച രാത്രി 8.30 നാണ് സംഭവം. പൊറ്റയില്‍ക്കട ജങ്ഷനില്‍ ഫോണില്‍ സംസാരിച്ചു നില്ക്കുമ്പോള് ഒരു പ്രകോപനവുമില്ലാതെ സുബിനെ ഇരുമ്പുകമ്പി കൊണ്ട് തലയില്‍ അടിക്കുകയും അടിച്ചുവീഴ്ത്തിയ ശേഷം ഇടതുകാല് അടിച്ചൊടിക്കുകയുമായിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
മൂന്ന് വര്‍ഷം മുമ്പ് ബിഎസ്എന്‍എല്ലിന്റെ ടെലിഫോണ്‍ പോസ്റ്റുകള്‍ മോഷ്ടിച്ച് മുറിച്ച് കടത്തുന്നത് സുബിന് നേരില്‍ക്കണ്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. അന്നു മുതല്‍ സുബിനെ എവിടെ വച്ചു കണ്ടാലും ചീത്ത വിളിക്കുന്നതും തുറിച്ചു നോക്കുന്നതും അനില്‍ രാജിന്റെ പതിവായിരുന്നു. പല പ്രാവശ്യവും മര്‍ദിക്കാന്‍ ശ്രമിച്ചിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. ഇയാള്‍ നിരവധി കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ്. ഞാറക്കാലയില്‍ വീടുകയറി ആക്രമിച്ച കേസിലും പൊഴിയൂര്‍ സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പല കേസുകളില്‍ നിന്നു രക്ഷപ്പെടുന്നതാണ് പതിവ്. അതേസമയം, സംഭവം നടന്ന് മൂന്ന് ദിനങ്ങള്‍ പിന്നിട്ടിട്ടും പോലീസ് ഇന്നലെ വൈകിട്ടാണ് മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. പാറശ്ശാല ഗവ. ആശുപത്രിയില്‍ കഴിയുന്ന സുബിന് അടിയന്തര ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: