മുംബൈ: ശിവസേന മുഖപത്രം സാമ്‌നയുടെ എഡിറ്ററായി മഹരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയെ നിയമിച്ചു. മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കാന്‍ ഉദ്ധവ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് ഈ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. സാമ്‌നയുടെ ആദ്യ വനിതാ എഡിറ്ററാണ് രശ്മി.
എക്‌സിക്യൂട്ടീവ് എഡിറ്ററായി സഞ്ജയ് റാവത്ത് എംപി തുടരും. നവംബറില്‍ ഉദ്ധവ് സ്ഥാനമൊഴിഞ്ഞതോടെ റാവത്താണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇത് ശിവസേനയില്‍ അതൃപ്തിക്ക് കാരണമായിരുന്നു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ക്ക് വിരുദ്ധമായി റാവത്ത് പലപ്പോഴും നിലപാടെടുത്തിരുന്നത് താക്കറെ കുടുംബത്തെ അസ്വസ്ഥമാക്കിയിരുന്നു. ഇതോടെയാണ് രശ്മിയെ എഡിറ്റര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഇന്നലെ ഇറങ്ങിയ പത്രത്തില്‍ എഡിറ്റര്‍ സ്ഥാനത്ത് രശ്മിയുടെ പേരാണുണ്ടായിരുന്നത്.
ഇതോടെ, പാര്‍ട്ടിയുടെ പൂര്‍ണനിയന്ത്രണം താക്കറെ കുടുംബത്തിനായി. നേരത്തെ, സംഘടനയിലും സര്‍ക്കാരിലും രണ്ടാമനായി മകന്‍ ആദിത്യ താക്കറെയെ ഉദ്ധവ് അവരോധിച്ചിരുന്നു. ഏറെ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഉദ്ധവിന്റെ നിഴലായി നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ആദിത്യയാണ്. സര്‍ക്കാരിലെ ഈ ഇടപെടല്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസിനെയും എന്‍സിപിയെയും ഏറെ അലോസരപ്പെടുത്തുന്നുണ്ട്. അവര്‍ ഇക്കാര്യത്തില്‍ പലവട്ടം അതൃപ്തിയും പ്രകടിപ്പിച്ചു.
















