ദാദാഭായീ ഗോപബന്ധുഃ തിലകോ ഗാന്ധിരാദൃതാഃ
രമണോ മാളവീയശ്ച ശ്രീ സുബ്രഹ്മണ്യഭാരതി
ഭാരത മനസ്സുകളില്‍ വിദേശാധിപത്യത്തിനെതിരെ കഠോരമായ അസംതൃപ്തി ജനിപ്പിച്ച സ്വരാഷ്ട്രവാദിയായ ദേശീയ നേതാവായ ലോകമാന്യബാലഗംഗാധര തിലകന് മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. അദ്ദേഹം ഗണിതവും സംസ്കൃതവും പഠിപ്പിച്ചിരുന്ന പ്രസിദ്ധ ഫര്‍ഗ്യൂസണ്‍ കോളേജും ഇതിലുള്‍പ്പെടുന്നു. ബ്രിട്ടീഷുകാരുടെ സ്വേച്ഛാധിപത്യത്തെ എതിര്‍ക്കുന്നതിനും ജനങ്ങളില്‍ ദേശീയ ചേതന ഉണര്‍ത്തുന്നതിനുമായി ഇദ്ദേഹം ‘കേസരി’ ‘മറാഠാ’ എന്നീ രണ്ടു പത്രങ്ങള്‍ ആരംഭിച്ചു.
‘സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്.’ എന്ന് ഗര്‍ജിച്ച ഭാരതത്തിന്റെ വീരകേസരിയായിരുന്നു അദ്ദേഹം. 1905 ല്‍ ബംഗാള്‍ വിഭജന പ്രഖ്യാപനത്തിനു ശേഷം സ്വാതന്ത്ര്യസമരത്തില്‍ ഒരു പുതിയ ഉണര്‍വ് വന്നപ്പോള്‍ അദ്ദേഹം സ്വരാജ്യം, സ്വദേശി, വിദേശബഹിഷ്ക്കരണം, ദേശീയബോധം വളര്‍ത്താനാവശ്യമായ വിദ്യാഭ്യാസം എന്നിങ്ങനെ നാലു സൂത്രങ്ങള്‍ മുന്നോട്ടു വച്ചു. ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തലിനെ പൂര്‍ണമായും എതിര്‍ത്തതുമൂലം അവര്‍ അദ്ദേഹത്തിന് ആറുവര്‍ഷത്തെ കഠിനതടവുവിധിച്ച് മാണ്ഡലേ ജയിലിലേക്കയച്ചു. ജയിലില്‍ വച്ച് അദ്ദേഹം ‘ഗീതാരഹസ്യ’മെന്ന ശ്രേഷ്ഠഗ്രന്ഥം രചിച്ച് ഗീതയ്ക്ക് കര്മയോഗപരമായ വ്യാഖ്യാനം നല്കി. ജനജാഗരണത്തിനായി ഗണേശോത്സവവും ശിവാജി ജയന്തി മഹോത്സവവും ആരംഭിക്കുകയും അതുവഴി ബ്രിട്ടീഷ് ദാസ്യത്തിന് എതിരായ ജനരോഷം കൂടുതല്‍ ആളിക്കത്തിക്കുകയും ചെയ്തു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: