ഭഗവാനോടുള്ള പരമപ്രേമമാണ് ഭക്തി. അത് മുക്തികാരണമാണ്. ആ ഭക്തിയാകട്ടെ സജ്ജനസംസര്‍ഗത്താല്‍ എളുപ്പത്തില്‍ നേടാം. എല്ലാവരും ഉത്സാഹിക്കേണ്ടതും ഭക്തി സമ്പാദനത്തിനാണ്. അതെങ്ങനെയെന്ന് ഉദാഹരിക്കാം:
ത്വദ്ഭക്തിസ്തൂകഥാരസാമൃതഝരീ
നിര്മജ്ജനേന സ്വയം
സിദ്ധ്യന്തീ വിമല പ്രബോധപദവീ-
മക്ലേശതസ്തന്വതീ
സദ്യഃ സിദ്ധീകരീ ജയത്യയി വിഭോ
സൈവാസ്തു മേ ത്വത്പദ
പ്രേമ പ്രൗഢി രസാര്ദ്രതാ ദ്രുതതരം
വാതാലയാധീശ്വര!
(ഭഗവദ്ഭക്തിയാകട്ടെ, ഭഗവത് കഥ പറയുകയും കേള്‍ക്കുകയും മറ്റും ചെയ്യുന്നതിലുള്ള രസമാകുന്ന അമൃതപ്രവാഹത്തില്‍ മുഴുകിപ്പോകുന്നതിനാല്‍ താനേ വന്നു ചേരുന്നതും ശുദ്ധജ്ഞാനമാര്ഗത്തെ പ്രയാസം കൂടാതെ തുറക്കുന്നതിനാല്‍ ക്ഷണത്തില്‍ മുക്തി നേടാന്‍ പോന്നതുമായി അരുളുന്നു.)
ഭക്തിവര്ധിച്ച് മനസ്സലിഞ്ഞ് കോള്മയിര് കൊണ്ട് ആനന്ദാശ്രുധാര ഒഴുകുമ്പോള്‍ മനസ്സ് പരിശുദ്ധമാകുന്നു. ഭക്തി വര്‍ധിച്ചാല്‍ സകല സങ്കടങ്ങളും തീരുമെന്നതിന് പ്രമാണമായി വ്യാസന്റെ ഭാഗവത വചനങ്ങളും ഭഗവാന്റെ ഗീതാവചനങ്ങളും വേദ വചനങ്ങളും താഴെ ഉദ്ധരിക്കുന്നു.
അനര്ഥോ പശമംസാക്ഷാദ്
ഭക്തിയോഗമധോക്ഷജേ
ലോകസ്യാ ജാനതോ വിദ്വാം
ശ്ചക്രേ ശാശ്വത സംഹിതാം
ഭഗവാനിലുള്ള ഭക്തിയോഗം എല്ലാ അനര്ഥങ്ങളേയും ശമിപ്പിക്കുന്നതാണെന്നറിയാത്ത ലോകത്തിനു വേണ്ടി ജ്ഞാനിയായ വേദവ്യാസന് ഭാഗവതം നിര്‍മിച്ചു.
യസ്യാം വൈശ്രൂയമാണായാം
കൃഷ്ണേ പരമപുരുഷേ
ഭക്തിരുത്പദ്യതേപുംസഃ
ശോകമോഹഭയാപഹാ
(ഭാഗവതം കേള്‍ക്കുമ്പോള്‍ ശ്രീകൃഷ്ണഭഗവാനില്‍ മനുഷ്യന് ഭക്തിയുണ്ടാകുന്നു. അത് ശോകത്തെയും മോഹത്തെയും ഭയത്തേയും ഇല്ലാതാക്കുന്നു.
നാമസങ്കീര്‍ത്തനം യസ്യ
സര്‍വപാപപ്രണാശനം
പ്രണാമോദുഃഖശമന-
സ്തംനമാമിഹരിംപരം
(ഏതു ശ്രീഹരിയുടെ നാമസങ്കീര്‍ത്തനം സര്‍വപാപങ്ങളെയും നിശ്ശേഷം നശിപ്പിക്കുന്നുവോ, നമസ്ക്കാരം ദുഃഖങ്ങളെ ശമിപ്പിക്കുന്നുവോ ആ സര്‍വോത്തമനായ ശ്രീഹരിയെ ഞാന്‍ നമസ്ക്കരിക്കുന്നു.)
അനന്യാശ്ചിന്തയന്തോ മാം
യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം
യോഗക്ഷേമം വഹാമ്യഹം
(ആരാണോ മറ്റു ചിന്തകളൊന്നുമില്ലാതെ എന്നെ നിരന്തരം സേവിക്കുന്നത് നിത്യോദ്യമശാലികളായ അവര്‍ക്ക് ഞാന്‍ യോഗക്ഷേമമുണ്ടാക്കുന്നു.)
ജീവിതത്തില്‍ സുഖവും ദുഃഖനാശവും മോക്ഷവും ലഭിക്കുക എന്നതില്‍ കവിഞ്ഞ് ആര്‍ക്കും ഒന്നും വേണ്ടതില്ലല്ലോ. അതുമൂന്നും ഭക്തികൊണ്ട് സിദ്ധിക്കുന്നു. ഭാഗവതം ഏഴാം സ്കന്ദത്തില്‍;
ശ്രവണം കീര്‍ത്തനം വിഷ്ണോഃ
സ്മരണം പാദസേവനം
അര്‍ച്ചനം വന്ദനം ദാസ്യം
സഖ്യമാത്മനിവേദനം
ഇതിപും സാര്പ്പിതാ വിഷ്ണൗ
ഭക്തിശ്ചേന്നവലക്ഷണാ
ക്രിയതേഭഗവത്യദ്ധാ
തന്മന്യേ ധീതമുത്തമം
ഭഗവദ്പ്രീതിക്കായി അനുഷ്ഠിക്കേണ്ട ഒമ്പത് തരത്തിലുള്ള ഭക്തിയെക്കുറിച്ച് പ്രഹ്ലാദന് ഹിരണ്യകശിപുവിനോടു പറഞ്ഞ ഭക്തിലക്ഷണങ്ങളാണിവ.(നാളെ: മുമുക്ഷുവിന്റെ ലക്ഷ്യം തത്ത്വമസി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: