ന്യൂദല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ തലസ്ഥാനത്ത് അരങ്ങേറിയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34ലെത്തി. ഗുരുതരാവസ്ഥയില്‍ ഗുരു തേഗ് ബഹാദൂര്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ ഇന്ന് പുലര്‍ച്ചെ മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കലാപത്തിന് അല്പം ശമനം വന്നതായും അധികൃതര്‍ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലാണ് ഇപ്പോള്‍ ദല്‍ഹിയുടെ സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. നിയമം അനുസരിക്കുന്ന പൗരന്മാരെ ആരും ഉപദ്രവിക്കില്ലെന്നും അജിത് ദോവല്‍ അറിയിച്ചിരുന്നു. കൂടാതെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായി അദ്ദേഹം ദല്‍ഹിയിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായും വിവിധ മത നേതാക്കളുമായും കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസങ്ങളായി തുടരുന്ന അക്രമ സഭവങ്ങളില്‍ ഇതുവരെ 106 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 18 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതിനിടെ കലാപത്തില്‍ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. ദല്‍ഹിയിലെ അക്രമസഭവങ്ങളില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: