ന്യൂദല്‍ഹി : ഇന്റലിജെന്‍സ് ഓഫീസര്‍ അങ്കിത് ശര്‍മ്മ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പിതാവ്. വിഷയത്തില്‍ എഎപിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അങ്കിത് ശര്‍മ്മയുടെ പിതാവ് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
എഎപി നേതാവ് താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്നെത്തിയ സംഘമാണ് കൊലപാതകം നടത്തിയെന്നും ആരോപണമുണ്ട്. അതിനാല്‍ അങ്കിതിന്റെ മരണത്തില്‍ താഹിറിന് പങ്കുണ്ടോയെന്നും അന്വേഷിക്കണമെന്നും പിതാവ് രവീന്ദര്‍ ശര്‍മ്മ ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ട്ടിയുടെ ചാന്ദ്ബാഗില്‍ നിന്നുള്ള മുനിസിപ്പല്‍ കൗണ്‍സിലറാണ് താഹിര്‍.
ഇയാളുടെ അറിവോടെ അങ്കിതിനെ വെടിവച്ചു കൊലപ്പെടുത്തിയതിന് ശേഷം അഴുക്കുചാലില്‍ തള്ളിയതാകുമെന്നും പിതാവ് ആരോപിച്ചു. താഹിര്‍ ഹുസൈന്റെ വസതിയുടെ മുകളില്‍ നിന്ന് ആളുകള്‍ കല്ലെറിയുന്ന ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രവീന്ദര്‍ ശര്‍മയും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനാണ്.
ഇന്റലിജന്‍സ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റായ അങ്കിത് ശര്‍മ്മയെ ബുധനാഴ്ചയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തി ഒരു അഴുക്ക് ചാലില്‍ തള്ളിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ഇത് സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: