ഭഗവാന് വാമനമൂര്‍ത്തി തനിക്കായി ഏറെ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞതു കണ്ട് മഹാബലി ആനന്ദാനുഭൂതിയിലായി. ഹേ, ഭഗവാനേ, അങ്ങയെ നമസ്കരിക്കാനൊരുങ്ങിയപ്പോള് തന്നെ അങ്ങ് മഹാ അനുഗ്രഹങ്ങള്പകര്ന്നു തന്നു. ലോകപാലകന്മാര്ക്ക് പോലും ലഭിക്കാത്ത മഹാഭാഗ്യമാണ് അങ്ങയുടെ കരുണയാല്‍ ലഭ്യമായിരിക്കുന്നത്. അങ്ങയുടെ അനുഗ്രഹത്തിന് അസുരവംശജാതന്‍ എന്ന പരിഗണനപോലും തടസ്സമായില്ല. മഹാഭാഗ്യം.
മഹാബലി വരുണപാശത്തില്‍ നിന്നും മോചിതനായി ഭഗവദനുഗ്രഹത്തോടെ സുതലത്തിലേക്ക് പോകാനൊരുങ്ങി. ഇതു കണ്ട് മുത്തച്ഛനായ പ്രഹഌദന് ഏറെ സന്തോഷമായി. ഭഗവാന് തന്നെ സുതലത്തില്‍ മഹാബലിയുടെ കാവല്‍ക്കാരനാകുന്നു എന്നറിഞ്ഞത് ഏറെ വിചിത്രമായാണ് പ്രഹഌദന് തോന്നിയത്.
‘നേമം വിരിഞ്ചോ ലഭതേ പ്രസാദം
ന ശ്രീര് ന ശര്വഃ കിമുതാ പരേതേ’
ബ്രഹ്മാവിനോ ശ്രീഭഗവതിക്കോ ശ്രീപരമേശ്വരനു പോലുമോ ലഭിക്കാത്ത ഭാഗ്യമാണിത്. ഭഗവാന് വാമനമൂര്‍ത്തി പ്രഹഌദനേയും അനുഗ്രഹിച്ചു. പൗത്രനോടൊപ്പം സുതലത്തിലേക്ക് പോകാന്‍ പ്രഹഌദനും അനുവാദം നല്കി. പേരക്കുട്ടിയുമായി സുഖമായി ജീവിച്ചാലും. അവിടെ നിനക്ക് എന്നും എന്നെ ദര്‍ശിക്കാനാകും.
‘നിത്യം ദ്രഷ്ടാസി മാം തത്ര
ഗദാപാണിമവസ്ഥിതം
മദ്ദര്ശനമഹാഹഌദ
ധ്വസ്തകര്മ നിബന്ധന’
ഗദാപാണിയായി നില്ക്കുന്ന എന്നെ നിത്യവും ദര്‍ശിച്ച് നിനക്ക് എല്ലാ കര്മബന്ധങ്ങളും നിശ്ശേഷം തീര്‍ന്ന് മഹാഹഌദത്തിലെത്താനാവും. ഭഗവദ്നിര്ദേശം സ്വീകരിച്ച് പ്രഹഌദനും മഹാബലിയും മറ്റ് അസുരരും വാമനമൂര്‍ത്തിയെ പ്രദക്ഷിണം വച്ച് സുതലത്തിലേക്ക് യാത്രയായി. തുടര്‍ന്നാണ് യാഗപൂര്ത്തീകരണത്തിനായി വിഷ്ണു ശുക്രാചാര്യരോടും മറ്റു ഋത്വിക്കുകളോടും നിര്‍ദേശിച്ചത്. കര്മവൈഷമ്യങ്ങള് നീക്കി കര്മപൂരണം വരുത്തണം. എന്നാല്‍ ഭഗവാന്റെ നിര്‍ദേശത്തിന് ശുക്രാചാര്യര്‍ക്ക് വ്യക്തമായ മറുപടിയുണ്ട്.
‘കുതസ്തത് കര്മവൈഷമ്യം യസ്യകര്മേശ്വരോ ഭവാന്
യജ്ഞേശോ യജ്ഞപുരുഷഃ സര്വഭാവേന പൂജിതഃ’
യജ്ഞേശനും യജ്ഞപുരുഷനും കര്മേശ്വരനുമായ ഭഗവാനെ യജമാനനന് സര്വേശഭാവത്തില് ആരാധിച്ച് എന്തുകര്മം ചെയ്താലും സര്‍വവും അങ്ങേയ്ക്കായി സമര്‍പ്പിച്ചാണ് പൂര്‍ത്തീകരിക്കാറ്.
‘കായേനവാച മനസേന്ദ്രിയൈര്‍വാ
ബുദ്ധ്യാത്മനാ വാ പ്രകൃതേഃസ്വഭാവാത്
കരോമി യദ്യസ്തകലം പരസ്മൈ
നാരായണായേതി സമര്പയാമി’
എന്നു സമര്‍പ്പിച്ചു കൊണ്ടാണ് പൂജാദികള്‍ അസാനിപ്പിക്കുന്നത്. ആ ഭഗവാന് നാരായണന് തന്നെ വന്ന് ഈ യജ്ഞവും പൂജയുമെല്ലാം സ്വീകരിച്ച സ്ഥിതിക്ക് ഇനി എന്താണ് പൂര്‍ത്തീകരിക്കാനുള്ളത്. അങ്ങയുടെ നാമസങ്കീര്‍ത്തനം കൊണ്ടു തന്നെ എല്ലാ കര്മഛിദ്രങ്ങളും നിശേഷം നീങ്ങുന്നു. അതിനാല്‍ ഇവിടെ സകലകര്‍മങ്ങളും വിധിപ്രകാരം പൂര്‍ത്തിയായിരിക്കുന്നു.
എങ്കിലും ഭഗവാനേ അങ്ങയുടെ അനുശാസനം ഞാന്‍ അനുസരിക്കുകയാണ്. അങ്ങയുടെ ആജ്ഞാനുപാലനം കൊണ്ട് ശ്രേയസ്സുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇങ്ങനെ വ്യക്തമാക്കിക്കൊണ്ട് ശുക്രാചാര്യരും മറ്റ് ഋത്വിക്കുകളും ചേര്‍ന്ന് മഹാബലിയുടെ യജ്ഞം പൂര്‍ണമാക്കി. തുടര്‍ന്ന് ബ്രഹ്മദേവനും മറ്റ് ഋത്വിക്കുകളും ശ്രീപരമേശ്വരനുമെല്ലാം ചേര്‍ന്ന് വാമനമൂര്‍ത്തിയെ ലോകങ്ങളുടേയും ലോകപാലന്മാരുടേയും പതിയായി അഭിഷേകം ചെയ്തു. അന്നു മുതലാണ് വിഷ്ണു ഇന്ദ്രാനുജന്‍ എന്ന് അറിയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: