ന്യൂദല്‍ഹി : ദല്‍ഹിയിലെ കലാപകാരികള്‍ അര്‍ധ സൈനിക വിഭാഗത്തിന് നേരെ ആസിഡ് ആക്രമണം നടത്തി. കരാവല്‍ നഗറിലാണ് സുരക്ഷാ സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
പ്രദേശത്തെ വീടുകള്‍ക്ക് മുകളില്‍ നിന്നും സൈനികര്‍ക്ക് നേരെ ആസിഡ് എറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നതിനാണ് കേന്ദ്ര സേനയെ വിന്യസിച്ചത്. എന്നാല്‍ അവര്‍ക്കു നേരെ ആസിഡ് പോലെയുള്ള വസ്തുക്കളുമായാണ് കലാപകാരികള്‍ നേരിടുന്നത്.
വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ കലാപങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം 20 കടന്നു. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്. ജാഫ്രാബാദ്, മൗജ്പൂര്, ചാന്ദ്ബാഗ്, കരവാല്‍ നഗര്‍ തുടങ്ങിയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിനിടെ കലാപകാരികളുടെ കല്ലേറില്‍ ഒരു ഐബി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കിഷ് ശര്‍മ്മ എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. അതേസമയം ചില മാധ്യമങ്ങള്‍ പ്രകോപിപ്പിക്കുന്ന വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ജനങ്ങളെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതായാണ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം മൂന്ന് സ്വകാര്യ മാധ്യമങ്ങള്‍ക്കും ലൈസന്‍സ് റദ്ദാക്കുമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിട്ടുണ്ട്.
കൂടാതെ സംസ്ഥാനത്തെ കലാപാന്തരീക്ഷം നേരിടാന്‍ കേന്ദ്രസേനയുടെ പിന്തുണ കിട്ടിയില്ലെന്ന വാര്‍ത്ത വ്യാജമാണെന്നും ദല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്ക് പറഞ്ഞു. കേന്ദ്ര അഭ്യന്തരമന്ത്രാലയത്തില്‍ നിന്നും തുടര്‍ച്ചയായി പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: