അവതാരങ്ങള്‍ അതത് കാലത്തെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ് സംഭവിക്കുക. അത് ആശയമായും ആള്‍രൂപമായും അദൃശ്യമായുമാകാം. അത്തരത്തിലുള്ള അവതാരങ്ങളിലൊന്നാണ് ഭഗവാന് ജ്യോതിര്‍മയാനന്ദ ഗുരുദേവ തൃപ്പാദര്‍. രണ്ടു പതിറ്റാണ്ടിലേറെ മുമ്പ് സമാധിയായ ജ്യോതിര്‍മയാനന്ദ ഗുരുവിന്റെ ജന്മശതാബ്ദി ആഘോഷിക്കുകയാണ് തൃശൂര്‍ -പാലക്കാട് അതിര്‍ത്തിയിലെ മായന്നൂരിലുള്ള ആശ്രമം.
തൃശൂര്‍ ചേലക്കരയിലെ പ്രസിദ്ധമായം താമറ്റൂര്‍ തറവാട്ടിലാണ് അദ്ദേഹം ജനിച്ചത്. കുംഭമാസത്തിലെ പൂരൂരുട്ടാതി നക്ഷത്രത്തില്‍. വ്രതാനുഷ്ഠാനങ്ങളിലും ഈശ്വര ഭജനത്തിലും കടുത്ത നിഷ്ഠപുലര്‍ത്തിയിരുന്ന അമ്മ, മകന് ഉണ്ണികൃഷ്ണന് എന്ന് പേരിട്ടു. കുഞ്ഞായിരിക്കുമ്പോള്‍ ഭഗവദ്സ്തോ്രതങ്ങളും കീര്‍ത്തനങ്ങളും ഉണ്ണി മനഃപാഠമാക്കിയിരുന്നു. കുളിക്കാന്‍ പോകുമ്പോള്‍ അമ്മയ്ക്കൊപ്പം പോകാറുണ്ടായിരുന്ന ഉണ്ണി, മൂന്നു വയസുള്ളപ്പോള്‍ തന്നെ കുളക്കടവില്‍ മണ്ണുകൊണ്ട് ശിവലിംഗ രൂപമുണ്ടാക്കി പൂജിക്കുമായിരുന്നു.
പന്ത്രണ്ടാം വയസ്സില്‍ ഒരിക്കല്‍ അമ്മയോടൊപ്പം ഗുരുവായൂര്‍ ക്ഷേത്ര ദര്ശനത്തുന്നതിനിടെ ശ്രീകോവിലിനുമുന്നില്‍ ധ്യാനലീനനാകുകയും ബാഹ്യബോധം മറഞ്ഞ് ബോധാനന്ദാവസ്ഥയിലെത്തുകയും ചെയ്തു. അതേ അവസ്ഥയില്‍ കുറേദിവസം തുടര്‍ന്നു. ചേലക്കര സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പഠനത്തില്‍ മാത്രമല്ല, സാഹിത്യം, ശാസ്ത്രം, പ്രസംഗം, കവിതാരചന തുടങ്ങിയവയിലും പ്രാവീണ്യമുണ്ടായിരുന്നു. ഒപ്പം, ആത്മീയ ചിന്തകളും പരക്ഷേമതല്പരതയും തുടര്‍ന്നു.
സ്വന്തം ആശയാഭിലാഷങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനമനുസരിച്ച് ദാനധര്‍മാദികള്‍ നടത്താനാവാതെ വന്നപ്പോള്‍ സമ്പല്സമൃദ്ധമായ ജീവിതസാഹചര്യങ്ങള്‍ ഉപേക്ഷിച്ച് പതിനാറാം വയസില്‍ നാടുവിട്ടു. സ്വയം േജാലിചെയ്ത് ജീവിക്കുക എന്ന അഭിലാഷത്തില്‍ കൊല്‍ക്കത്തയിലേക്കാണ് പുറപ്പെട്ടത്. തുടര്‍ന്ന് അഹമ്മദാബാദിലേക്കും കാശിയിലേക്കും പോയി. ഗംഗാസ്നാനം ചെയ്ത് പെട്ടിയും വസ്ത്രങ്ങളും പണവും മറ്റും പാവങ്ങള്‍ക്ക് ദാനംചെയ്ത് പരിവ്രാജക വൃത്തിയില്‍ കുറേക്കാലം കഴിഞ്ഞു. പിന്നീട് പട്ടാളത്തില്‍ ചേര്‍ന്നു. ഒന്നര വര്‍ഷത്തോളം അവിടെ തുടര്‍ന്നു. അതിനിടെ ഇറാന്, ഇറാഖ്, ചില അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. പട്ടാളത്തില്‍ നിന്ന് മടങ്ങിയ ശേഷം എറണാകുളത്തും ഇരിങ്ങാലക്കുടയിലും കൊടുങ്ങല്ലൂരിലും വെല്‍ഫെയര്‍ ഓഫീസറായി സേവനം ചെയ്തു.
അതിനിടെ, മദിരാശി സര്‍ക്കാരിന്റെ മെട്രിക്കുലേഷന്‍ പരീക്ഷ വളരെ പ്രശസ്തമായ രീതിയില്‍ പാസായി. തുടര്‍ന്ന് പ്രീ യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് കോയമ്പത്തൂരേക്ക് പോകുംവഴി യാദൃച്ഛികമായി സത്സംഗത്തിനിടെയാണ് പാലക്കാട്, മണ്ണൂരുള്ള ആശ്രമത്തിലെ സന്നിധാനം എന്ന് പ്രസിദ്ധനായ ശ്രീ രാമാനന്ദ ഗുരുദേവരെക്കുറിച്ച് അറിയുന്നത്. പ്രീ യുണിവേഴ്സിറ്റി പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെ ഒരു ദിവസം മണ്ണൂരിലെ ആശ്രമത്തില്‍ എത്തി. ദീര്‍ഘകാലമായി തീവ്രവൈരാഗിയായ ഒരു ശിഷ്യനെ കാത്തിരുന്നതുപോലെ,’വാ, ഉണ്ണിക്കൃഷ്ണാ വാ’ എന്ന് സന്നിധാനം സ്വാമികള്‍ ക്ഷണിച്ചിരുത്തി. ആരും പരിചയപ്പെടുത്താതെ, ആദ്യമായികണ്ടപ്പോള്‍ പേരെടുത്ത് വിളിച്ച് അത്ഭുതപ്പെടുത്തിയ ഗുരുവിനെ സാഷ്ടാംഗം പ്രണമിച്ച് ഭക്ത്യുപചാരങ്ങളാല്‍ ശിഷ്യഭാവം പൂണ്ടു. ജീവിത യാത്രയിലെ വഴിത്തിരിവായിരുന്നു ആ ദര്‍ശനവും മന്ത്രദീക്ഷ സ്വീകരിക്കലും.
തൃശൂര്‍ കേരളവര്‍മ കോളേജിലെ ആദ്യ ഡിഗ്രിബാച്ചില്‍ ചേര്‍ന്ന് ഉണ്ണിക്കൃഷ്ണന് ഉന്നത വിജയം നേടി. വിദ്യാര്‍ഥിയായിരിക്കെ അവിടെയും നിര്‍ധനരായ സഹപാഠികളില്‍ ആവശ്യക്കാര്‍ക്ക് സഹായങ്ങള്‍ നല്കി. കൈയില്‍ വരുന്ന ധനമെല്ലാം ദാനധര്‍മങ്ങള്‍ക്ക് ചെലവിടുന്നുവെന്ന് സന്നിധാനം മനസിലാക്കിയിരുന്നു. ബിഎ പരീക്ഷ ഉയര്‍ന്ന നിലയില്‍ പാസായ ശേഷം സന്നിധാനത്തില്‍ നിന്നുള്ള എല്ലാ അനുഗ്രഹാശിസുകളോടുംകൂടി അദ്ദേഹം മലേഷ്യക്ക് പുറപ്പെട്ടു. ഗുരുകൃപയാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അവിടെ ഒരു കേംബ്രിഡ്ജ് മെട്രിക്കുലേഷന്‍ സ്കൂള്‍ സ്ഥാപിച്ചു. അങ്ങനെയിരിക്കെ, സന്നിധാനത്തെ ദര്‍ശിക്കണമെന്ന് 1954 ല്‍ പെട്ടെന്ന് ഉള്‍പ്രേരണയാല്‍ ആശ്രമത്തിലെത്തി ഗുരു, സന്നിധാനത്തെ ദര്‍ശിച്ചു. ദിവസങ്ങളോളം മഹാ മൗനത്തിലായിരുന്ന സന്നിധാനം ‘ഉണ്ണിക്കൃഷ്ണാ നീ എത്തിയോ’ എന്നു മാത്രം ചോദിച്ചു.
വൈകാതെ സന്നിധാനം മഹാസമാധിയായി. കുറച്ചുനാള്‍ അവിടെത്തങ്ങി, വീണ്ടും മലേഷ്യയില്‍ മടങ്ങി. എന്നാല്‍, അധികമായി ധനം വന്നു ചേരുന്നത് ലക്ഷ്യപ്രാപ്തിക്ക് തടസമാകുമെന്ന് മനസിലാക്കി, യോഗ്യരായവരെ സ്കൂള്‍ ഏല്‍പ്പിച്ച് ഭാരതത്തിലേക്ക് പോന്നു. തൃശൂര്‍ ചേലക്കരയ്ക്കടുത്ത് മേപ്പാടത്ത് 40 ഏക്കര്‍ എസ്റ്റേറ്റ് വാങ്ങി അവിെട ധ്യാനവും ജപവും ഒപ്പം സാമൂഹ്യ ക്ഷേമ പ്രവര്സ്ഥനങ്ങളുമായി കൂടി.
അക്കാലത്ത് ക്ഷാമം ബാധിച്ച് ജനങ്ങള്‍ക്ക് കടുത്ത ദാരിദ്ര്യവും പട്ടിണിയുമായി. ആശ്രിതരും സംരക്ഷിക്കപ്പെടേണ്ടവര്ക്കുമായി എസ്റ്റേറ്റ് ഭാഗങ്ങള്‍ അല്പാല്പ്പമായി വില്ക്കാന് തുടങ്ങി. കിട്ടിയ ധനംകൊണ്ട് ഭക്ഷ്യവസ്തുക്കള്‍ വാങ്ങി ദുരിതബാധിതര്‍ക്ക് വിതരണം ചെയ്തു. ഇങ്ങനെ ഏറെ നാള് തുടര്‍ന്നു. ഒടുവില്‍ ശേഷിച്ച തുച്ഛമായ പണം കൊണ്ട് അവിടം വിട്ടു. പാലക്കാട്, തൃശൂര്‍ അതിര്‍ത്തിയായ മായന്നൂരില്‍ നിളാ നദീതീരത്ത് ചെറിയൊരു സ്ഥലം വാങ്ങി. അവിടെ ഉണ്ടായിരുന്ന ഒരു പഴയകെട്ടിടത്തിലെ ചെറിയൊരു മുറിയിലാണ് കൊല്ലങ്ങളോളം താമസിച്ചിരുന്നത്. പ്രശാന്തമായ ഭാരതപ്പുഴ, അകലെ തലയയുര്‍ത്തി നില്ക്കുന്ന അനങ്ങനടിമല. അന്ന് ഹിമാലയ പ്രാന്തങ്ങള്‍ക്ക് സമാനമായിരുന്നു മായന്നൂരില്‍ ഇന്ന് ആശ്രമം നിലനില്‍ക്കുന്ന പ്രദേശം. അവിടെ കഠിനതപസും സാധനയുമായി ഒരു വ്യാഴവട്ടം, 1980 മുതല്‍ 1992 വരെ 12 വര്‍ഷം.
വൈകാതെ സംന്യാസിയെ ആളുകള്‍ അറിഞ്ഞു തുടങ്ങി. മഹാസമാധിക്ക് കുറച്ച് കാലം മുന്‍പു തന്നെ, സമാധിയെക്കുറിച്ച് അദ്ദേഹം സൂചനകള്‍ നല്‍കിയിരുന്നു. സമാധി ഇരുത്തേണ്ടത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ശിഷ്യന്മാരോട് വിശദമാക്കിയിരുന്നു. 1998 ജൂണ്‍ എട്ട് ആവുമ്പോഴേക്ക് സമാധിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. ജൂണ്‍ ഏഴ് ഞായറാഴ്ച രാത്രി11.18 ന് പത്മാസനത്തില്‍ ചിന്മുദ്രയിലിരുന്ന് നാഭിപ്രദേശത്തുനിന്ന് ഓംകാര ധ്വനി ഊര്‍ധ്വമുഖമായി സഹസ്രാര പത്മത്തിലേക്ക് വ്യാപിപ്പിച്ച് മഹാസമാധിയായി.
തന്ത്രശാസ്ത്ര വിധി പ്രകാരം തയാറാക്കിയ ശിവലിംഗ പ്രതിഷ്ഠയിലാണ് സമാധി. വടക്കോട്ട് ദര്‍ശനമായ ശിവലിംഗപ്രതിഷ്ഠ സാധാരണമല്ല. മായന്നൂര്‍ ആശ്രമത്തിലെ പ്രതിഷ്ഠ വടക്കോട്ടാണ്. ഹിമാലയ ദര്‍ശന സങ്കല്‍പ്പത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: