ശ്ലോകം 104
അഹങ്കാരഃ സ വിജ്ഞേയഃ കര്‍ത്താ ഭോക്താഭിമാന്യയം
സത്വാദിഗുണയോഗേനാവസ്ഥാത്രിതയമശ്നുതേ
ചെയ്യുന്നവനെന്നും അനുഭവിക്കുന്നവനെന്നും അഭിമാനിക്കുന്നതിനെ അഹങ്കാരമെന്നറിയണം. സത്യം മുതലായ ഗുണങ്ങളുമായുള്ള ചേര്‍ച്ച കൊണ്ട് അവസ്ഥാത്രയത്തെ അനുഭവിക്കുന്നത് അഹങ്കാരമാണ്.
കര്‍ത്താ എന്നാല്‍ ചെയ്യുന്നവന്.ഭോക്താ എന്നാല്‍ അനുഭവിക്കുന്നവന്.ഇത്തരത്തിലുള്ള അഭിമാനമാണ് അഹങ്കാരം. നമ്മുടെ വ്യക്തിത്വമായ ജീവഭാവനയാണിത്. ഞാന്‍ കാണുന്നു, ഞാന്‍ വിചാരിക്കുന്നു ഞാന്‍ അറിയുന്നു എന്നിങ്ങനെ ഈ അഭിമാനം നിറഞ്ഞ് നില്ക്കുന്നു. ഇന്ദ്രിയക്കളിലും മനസ്സിലും ബുദ്ധിയിലുമായി ദ്രഷ്ടാവും മന്താവും ജ്ഞാതവുമായി അഹകാരം പ്രവര്‍ത്തിക്കുന്നു.
ഇന്ദ്രിയങ്ങളിലൂടെ ദ്രഷ്ടാവ് എന്ന നിലയില്‍ സ്വീകരിക്കന്നവനായും മനസ്സിലൂടെ മന്താവായി വിചാരം ചെയ്യുകയും ബുദ്ധിയിലൂടെ ജ്ഞാതാവായി അറിയുന്നവനായുമിരിക്കുന്ന വ്യക്തിത്വമാണ് അഹങ്കാരം. ഇതു കാരണം ജീവന് കര്തൃത്വഭോക്തൃത്വങ്ങളിലൂടെ അഭിമാനിച്ച് സുഖദു:ഖങ്ങളെ അനുഭവിക്കുന്നു.
ജീവന് മനസ്സിന്റെ സ്വഭാവ വിശേഷമായ ത്രിഗുണങ്ങളില്‍ അഭിമാനിക്കുന്നു. അതിനാല്‍ ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളെ മാറി മാറി അനുഭവിക്കുന്നു. സത്വഗുണത്തില്‍ അഭിമാനിക്കുമ്പോള്‍ ഉണര്ന്നിരിയ്ക്കും. രജോഗുണത്തിലെങ്കില് സ്വപ്നവും തമോഗുണത്തില്‍ ഉറക്കവുമുണ്ടാകുന്നുവെന്ന് പറയാം. അഹങ്കാരിയ ഒരേ ജീവന് തന്നെയാണ് ത്രിഗുണങ്ങള്ക്കടിമപ്പെട്ട് എല്ലാ അസ്ഥകളിലും അഭിമാനിച്ചിരിക്കുന്നത്.
ശ്ലോകം 105
വിഷയാണാമാനുകൂല്യേ സുഖീ ദുഃഖീ വിപര്യയേ
സുഖം ദുഃഖം ച തദ്ധര്‍മ്മ: സദാനന്ദസ്യ നാത്മന:
ഇന്ദ്രിയ വിഷയങ്ങള്‍ അനുകൂലമായാല്‍ അഹങ്കാര രൂപനായ ജീവന് സുഖിയായും വിപരീതമായാല്‍ ദു:ഖിയുമായിത്തീരുന്നു. സുഖദു:ഖങ്ങള്‍ അഹങ്കാരത്തിന്റെ ധര്‍മ്മങ്ങളാണ്. സദാനന്ദ സ്വരൂപനായ ആത്മാവിന് ഇവ ബാധകമല്ല.
വാസനയ്ക്കനുസരിച്ച് ഓരോ ആള്‍ക്കും സാഹചര്യങ്ങള്‍, വിഷയങ്ങള്‍ എന്നിവയോട് ആകര്‍ഷണമുണ്ടാകും. നമുക്ക് വേണ്ടപ്പെട്ടവരെന്ന് കരുതുന്നവര്‍ അനുകൂലമായി പെരുമാറിയാല്‍ സുഖം. അല്ലെങ്കിലോ ദു:ഖം.സ്വാര്‍ത്ഥ കാമങ്ങളെ പൂര്‍ത്തീകരിക്കുന്നതാണ് സാധാരണക്കാരുടെ സുഖം. മദ്യപാനവും ദുര്നടത്തവുമൊക്കെ ചിലര്‍ക്ക് സുഖമാണ്. സദാചാരികള്ക്കത് ദു:ഖമാണ്.വാസന ഉള്ള കാലത്തോളം സുഖദു:ഖങ്ങള്‍ മാറി മാറി വരും. വാസനകള്‍ തീര്‍ന്നാല്‍ പിന്നെ സുഖദുഃഖങ്ങള്‍ക്ക് സ്ഥാനമില്ല. സുഖം പുറത്തല്ല, അകത്താണ് എന്ന് ബോധ്യമാകണം. ഏത് അവസ്ഥയും സമനിലതെറ്റാതെ കഴിയുന്നയാളെ ബാഹ്യമായതൊന്നും ബാധിക്കില്ല.
സുഖദുഃഖങ്ങളെ സദാ പ്രകാശിപ്പിക്കുന്ന ചൈതന്യമാണ് ഞാന്‍. അഹങ്കാരം ഞാനല്ല. ആത്മപ്രകാശം മനസ്സിലൂടെ വ്യാപരിക്കുമ്പോള്‍ അഹങ്കാരമായിത്തീരുന്നു.കണ്ണാടിയുടേയോ മറ്റ് പ്രതലങ്ങളുടേയോ വ്യത്യാസമനുസരിച്ച് പ്രതിബിംബത്തിന് വലുപ്പചെറുപ്പവും ശരിയായ അളവുമൊക്കെ കാണാം. വെള്ളത്തിലാണ് പ്രതി ബിംബമെങ്കില്‍ വെള്ളമിളകിയാല് അത് തകര്‍ന്ന് തരിപ്പണമാകും. എന്നാല്‍ പ്രതിബിംബത്തിന് സംഭവിക്കുന്നതൊന്നും ബിംബത്തിനെ ബാധിക്കില്ല. അതുപോലെ ആത്മാവിനെ ഒന്നും ബാധിക്കുന്നില്ല. സുഖദു:ഖങ്ങളൊക്കെ ബാധിക്കുന്നത് ആഭാസ ചൈതന്യമായ അഹങ്കാരത്തെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: