പഞ്ചാക്ഷരിയുടെ പ്രഭാവം
വ്രതരാജനായ ശിവരാത്രി
സ്വാമിനി ശിവാനന്ദഞപുരി
സൂര്യോദയത്തിനു മുമ്പെങ്കിലും ഉണര്‍ന്ന് സ്നാനം ചെയ്ത് മാതാപിതാക്കളെയും ഗുരുവിനെയും നമസ്കരിച്ചുകൊണ്ടു വേണം വ്രതം ആരംഭിക്കാന്‍. ശിവക്ഷേത്ര ദര്‍ശനം, പൂജാസമര്പ്പണങ്ങള് എന്നിവ ചെയ്യാവുന്നതാണ്.അതിനു സാധിക്കാത്തവര്‍ വീട്ടില്‍ത്തന്നെ ഇരുന്ന് പൂജാദികളെ ചെയ്യണം. പൂജാവിധാനങ്ങളൊന്നും പഠിച്ചിട്ടില്ലെങ്കില്പ്പോലും ഭഗവാനെ സങ്കല്പിച്ച് ഭക്തിയോടെ വിളക്കുകൊളുത്തി പുഷ്പാര്‍ച്ചന ചെയ്യാം. പഴങ്ങളോ പ്രത്യേകം തയ്യാറാക്കിയ നൈവേദ്യമോ സമര്‍പ്പിക്കാം. ആരതിയുഴിയാം. ഇവയെല്ലാം അവനവന്റെ അറിവിനും കഴിവിനുമനുസരിച്ചു ചെയ്യാവുന്നതാണ്. വിധിവിധാനങ്ങളില്‍ അല്പം ന്യൂനത വന്നാല്‍പ്പോലും ശ്രദ്ധാഭക്തികളോടെ ചെയ്താല്‍ അത് അനുഗ്രഹപ്രദമായി ഭവിക്കും.
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി, തദഹം ഭക്ത്യുപഹൃതം അശ് നാമി പ്രയതാത്മനഃ. (ആരാണോ എനിക്ക് ഇലയോ പൂവോ ഫലമോ ജലമോഭക്തിയോടെ സമര്‍പ്പിക്കുന്നത്, അവരുടെ ആ ഭക്തിപൂര്‍വകമായ സമര്‍പ്പണത്തെ ഞാന്‍ ഭക്ഷിക്കുന്നതാണ് ) എന്നു ഭഗവാന് ഗീതയില്‍ പറഞ്ഞത് നമുക്കിവിടെ പ്രമാണമായി മനസ്സിലാക്കാവുന്നതാണ്.
കായികമായ പൂജപോലെത്തന്നെ പ്രധാനമാണ് വാചികമായ ആരാധനയും. വീട്ടില്‍ത്തന്നെ ഇരുന്നോ ശിവസങ്കേതങ്ങളില് ഒത്തുകൂടിയോ ഒറ്റയ്ക്കോ കൂട്ടമായോ ‘ഓം നമശ്ശിവായ’ എന്ന പഞ്ചാക്ഷരീമന്ത്രം ഭക്തിയോടെ ഉരുവിടുന്നത് ശിവാനുഗ്രഹപ്രദമാണ്. കൂടാതെ സ്തോത്രാദികളെ പാരായണം ചെയ്തുകൊണ്ടും ഭജനയിലേര്പ്പെട്ടും വ്രതം നയിക്കണം. സദ്ഗ്രന്ഥങ്ങളുടെ പാരായണവും ചെയ്യാവുന്നതാണ്. അതുപോലെ ഹോമാദികളെ ചെയ്യാനറിയാവുന്നവര്‍ക്ക് അപ്രകാരം ചെയ്യാം . ഇല്ലെങ്കില്‍ അറിയാവുന്നവരെക്കൊണ്ട് ചെയ്യിക്കുന്നതും നല്ലതാണ്.
പാപക്ഷയത്തിനും ഭഗവത്പ്രസാദത്തിനും ഏറ്റവും ഉത്തമമായ രുദ്രനമകപാരായണം മാത്രമായോ ഭഗവാന് അഭിഷേകം അര്‍പ്പിച്ചുകൊണ്ടോ ചെയ്യുന്നത് അതിവിശിഷ്ടമാണ്. ബില്വാര്്ച്ചന, ഇളനീര്‍ധാര എന്നിവയെല്ലാം പരമേശ്വരന് പ്രീതികരങ്ങളാണ്. ലൗകികവിഷയങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ പരമാവധി ചുരുക്കാനും മനസ്സിനെ ഭഗവാനില്‍ ഏകാഗ്രമാക്കാനും ഇതു സഹായിക്കും. മാനസികജപത്തിലും ധ്യാനത്തിലും ഏര്‍പ്പെടാന്‍തക്ക ചിത്തൈകാഗ്രത കൈവന്നിട്ടുള്ളവര്ക്ക് അപ്രകാരം ചെയ്യാവുന്നതാണ്.
ശിവരാത്രി നാളില്‍ പൂര്‍ണമായും ഉറക്കമിളക്കണമെന്നാണ് നിയമം. എന്നാല്‍ നാമജപത്തോടുകൂടി വേണം ഉറക്കമിളക്കാന്. സിനിമ കണ്ടുകൊണ്ടോ ലൗകികസംഭാഷണങ്ങളില് ഏര്‍പ്പെട്ടുകൊണ്ടോ ഉറക്കമിളച്ചതുകൊണ്ടായില്ല.
ഭഗവാനെ രാത്രിയുടെ നാലുയാമങ്ങളില് ഈശാനന്, അഘോരന്, വാമദേവന്, സദ്യോജാതന്‍ എന്നീ നാലു ഭാവങ്ങളില്‍ കണ്ടുകൊണ്ട് യഥാക്രമം പാല്, തൈര്, നെയ്യ് , തേന്‍ എന്നിവകൊണ്ട് രുദ്രപാരായണത്തോട െ അഭിഷേകം ചെ യ്യണം. ഇതിനു സാധിക്കാത്ത വരാണെങ്കില്‍ പഞ്ചാക്ഷരീമന്ത്രം ജപിച്ചുകൊണ്ടിരിക്കണം.ശൈവപുരാണങ്ങളുടെ പാരായണവും ഉത്തമമാണ്. അടുത്ത ദിവസം ക്ഷേത്രത്തില്‍നിന്നോ അതല്ലെങ്കില്‍ വീട്ടില്‍നിന്നു തന്നെയോ തീര്‍ഥം സേവിച്ച് വ്രതം അവസാനിപ്പി ക്കാവുന്നതാണ്.
ഐതിഹ്യം
ശിവരാത്രിയെ സംബന്ധിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. ശിവലിംഗോത്പത്തിയുമായി ബന്ധപ്പെട്ടതാണ് അതിലൊന്ന്. ശിവരാത്രിനാളിലാണ് ജഗന്മംഗളകാരകനായഭഗവാന് ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും അഹങ്കാരത്തെ തീര്‍ക്കുന്നതിനായി ജ്യോതിസ്സിന്റെ രൂപത്തില്‍ ആവിര്‍ഭവിച്ചത് എന്നാണ് പുരാണമതം.
ഒരിക്കല്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് പലയിടത്തും സഞ്ചരിച്ച് ക്ഷീരസാഗരത്തിലെത്തി. അവിടെ അദ്ദേഹം ആശ്ചര്യകരമായ ഒരു കാഴ്ച്ച കണ്ടു. ആയിരം ഫണങ്ങളുള്ള ശേഷന്റെ മേല്‍ ഒരു ദിവ്യപുരുഷന് ശാന്തമായി ശയിക്കുന്നു. ഭൂദേവി, ശ്രീദേവി, മഹാലക്ഷ്മി എന്നിവരെല്ലാം അവിടുത്തെ ചരണസേവ ചെയ്തുകൊണ്ടിരിക്കുന്നു. ഗരുഡന്, നന്ദി തുടങ്ങിയവരെല്ലാം വിനീതരായി സമീപത്തു നിലകൊള്ളുന്നു. താന്‍ വന്നിട്ടും എഴുന്നേറ്റു വണങ്ങാതെ കിടക്കുന്നതാരാണ്? സൃഷ്ടികര്‍ത്താവായ തന്നെക്കാള്‍ മഹിമയുള്ളവനെന്നു നടിക്കുന്നതാരാണ്?
ആശ്ചര്യം കലര്‍ന്ന രോഷത്തോടെ ബ്രഹ്മാവ് വിഷ്ണുവിനെ സമീപിച്ച്, ലോകപിതാവായ തന്നെക്കണ്ടിട്ടും എഴുന്നേറ്റു ബഹുമാനിക്കാത്ത താനാര് എന്നു ചോദിച്ചു. എന്നാല്‍ അതു കണ്ടിട്ടും വിഷ്ണുവിന് കൂസലൊന്നുമുണ്ടായില്ല. അവിടുന്ന് പുഞ്ചിരിയോടെ ബ്രഹ്മാവിനോടു പറഞ്ഞു: അല്ലയോ പുത്രാ, നീ എന്റെ അടുത്തു വന്നിരിക്കൂ. നീ എന്റെ നാഭികമലത്തില്‍ ജനിച്ചവനല്ലേ. ഇതോടെ അവര്തമ്മില് സ്വന്തം സ്വന്തം മേന്മയെക്കുറിച്ചു തര്‍ക്കമായി. തര്‍ക്കം മൂത്ത് കലഹത്തിലെത്തി, താമസിയാതെ അത് യുദ്ധമായി മാറി. രണ്ടു പേരുടെയും ആയുധപ്രയോഗത്താല്‍ ലോകം മുഴുവന്‍ ദഹിച്ചു പോകുന്ന പോലെ അനുഭവപ്പെട്ടു . ആ സമയത്ത് ദേവകളെല്ലാം കൈലാസത്തിലെത്തി പരമശിവനെ വിളിച്ച് പ്രാര്‍ഥിക്കാന്‍ തുടങ്ങി . ദേവതകളുടെ പ്രാര്‍ഥ ന കേട്ട ഭഗവാന് പരസ്പരം കലഹിക്കുന്ന ഈ രണ്ടുപേരുടെയും മുന്നില്‍ കോടിസൂര്യപ്രഭയോടൊ ത്ത് അവരുടെ മുന്നില്‍ പ്രത്യക്ഷനായി. ആ ജ്യോതിസ്സ്വരൂപത്തെ കണ്ടതോടെ രണ്ടുപേരുടെയും അഹങ്കാരം ശമിച്ചു. ഭഗവാന് പരമേശ്വരന് ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും അഹങ്കാരം ശമിപ്പിക്കാനായി ജ്യോതിര്‍ലിംഗത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട ദിവസമാണ് ശിവരാത്രിയായി ആചരിക്കുന്നത് ഇതാണ് ശിവരാത്രിയെ സംബന്ധിച്ച ഒരൈതിഹ്യം.( അവസാനഭാഗം നാളെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: