മക്കളേ,
കര്‍മ്മം ചെയ്യുമ്പോള്‍ കര്‍ത്തൃത്വഭാവം പാടില്ല എന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് ചില മക്കള്‍ ചോദിക്കാറുണ്ട്. അന്തഃകരണശുദ്ധിയാണ് കര്‍മ്മംകൊണ്ടു യഥാര്‍ത്ഥത്തില്‍ നമ്മള് നേടേണ്ടത്. സാധാരണ ഒരാള്‍ കര്‍മ്മം ചെയ്യുമ്പോള്‍ ‘ഞാനിതു ചെയ്യുന്നു’, ‘ഇതിന്റെ ഫലം എനിക്കുവേണം’ എന്ന വിചാരത്തോടെയാണു ചെയ്യുന്നത്. എന്നാല്‍ അതേ കര്‍മ്മം ഈശ്വരാര്‍പ്പണമായി ചെയ്യുമ്പോള്‍, ‘അവിടുത്തെ ശക്തികൊണ്ടു ചെയ്യുന്നു, ഇതിന്റെ ഫലവും അവിടുത്തേയ്ക്കു സമര്‍പ്പിക്കുന്നു’ എന്ന ഭാവത്തോടെയാണു ചെയ്യുന്നത്. അത്തരം കര്‍മ്മം അന്തഃകരണശുദ്ധിക്കു വഴിതെളിക്കുന്നു. അപ്പോള്‍ ആ കര്‍മ്മം കര്‍മ്മയോഗമായി മാറുന്നു. ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവത്തോടെ കര്‍മ്മം ചെയ്താല്‍ അന്തഃകരണശുദ്ധി വരില്ല. മാത്രമല്ല, ആ കര്‍മ്മം നമ്മെ ബന്ധിക്കുകയും ചെയ്യും. ഇത്തരം കര്‍മ്മബന്ധങ്ങളാണ് ജനനമരണങ്ങള്‍ക്കു കാരണമാകുന്നത്.
ഇന്നു നമ്മുടെ ഓരോ ചിന്തയും, വാക്കും, പ്രവൃത്തിയും ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവത്തോടെയാണ്. നമ്മുടെയുള്ളില്‍ ‘ഞാന്‍’ ഭാവം നിറഞ്ഞു നില്ക്കുകയാണു്. ഞാന്‍ ശരീരമാണെന്ന ചിന്തയില്‍നിന്നാണു ഈ ‘ഞാന്‍’ഭാവം ഉണരുന്നത്. ശരീരമനോബുദ്ധിതലത്തില്‍ മാത്രം ഒതുങ്ങുന്ന ‘ഞാനാ’ണത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മള് ചൈതന്യമാണ്, ബ്രഹ്മമാണ്. ‘ഞാന്‍’ ഭാവത്തില്‍ എത്ര കര്‍മ്മം ചെയ്താലും ഈശ്വരകൃപ നേടുവാന്‍ ആവില്ല. അതിനാല്‍ ഞാനെന്ന ഭാവത്തെ ഉപേക്ഷിച്ചു്, ‘അവിടുത്തെ ശക്തികൊണ്ടു ചെയ്യുന്നു’, ‘അവിടുത്തേയ്ക്കുള്ള അര്‍പ്പണമായി ചെയ്യുന്നു’, എന്ന ഭാവം വളര്‍ത്തണം. ഇങ്ങനെ സ്വാര്‍ത്ഥമായ ആഗ്രഹമില്ലാതെ കര്‍മ്മം ചെയ്യുമ്പോള്‍ അന്തഃകരണം ശുദ്ധമാകും, ഈശ്വരകൃപ താനേ ഹൃദയത്തില്‍ നിറയും.
രാത്രിയില്‍ ഹൈവേയില്‍ക്കൂടി വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍, വഴി കാണിക്കുന്ന പല ബോര്‍ഡുകളും വഴിയരികില്‍ കാണാം. നല്ല തിളക്കത്തോടെ അവ കാണുവാന്‍ സാധിക്കും. ആ ബോര്‍ഡു ചിന്തിക്കുകയാണ്, ‘കണ്ടില്ലേ, ഞാനിവിടെ പ്രകാശിച്ചു നില്ക്കുന്നതുകൊണ്ടു വാഹനങ്ങള്‍ക്കു നേരായ വഴിയില്‍ പോകുവാന്‍ കഴിയുന്നു!’ വാസ്തവത്തില്‍ വാഹനങ്ങളുടെ പ്രകാശത്തിലാണു് ആ ബോര്‍ഡുകള്‍ തിളങ്ങുന്നതു്. സ്വയം തിളങ്ങുവാനുള്ള ശക്തി അവയ്ക്കില്ല. അതുപോലെ നമ്മളെല്ലാം ‘ഞാന്‍ ചെയ്യുന്നു’ എന്നു പറയും. എന്നാല്‍ നമുക്കു പ്രവര്‍ത്തിക്കുവാനുള്ള ശക്തി എവിടെ നിന്നാണു ലഭിക്കുന്നതെന്നു നമ്മള് ചിന്തിക്കുന്നില്ല. വഴിയരികിലെ ബോര്‍ഡിനെപ്പോലെ സ്വയം നമ്മള് അഹങ്കരിക്കുന്നു. ഈശ്വരശക്തിയില്ലെങ്കില്‍ ഒരു ചെറുവിരല്‍ അനക്കാന്കൂടി നമുക്കു കഴിയില്ലെന്ന കാര്യം നമ്മള് മറക്കുന്നു.
ഞാനെല്ലാം ചെയ്യുന്നു എന്നു പറയുന്നതിനിടയില്‍ത്തന്നെ നമ്മുടെ കൈകള്‍ക്കു ചലനശേഷി നഷ്ടമാകാം. അപ്പോള്‍ പിന്നെ എന്തു പ്രവൃത്തിയാണ് നമുക്കു ചെയ്യുവാന്‍ സാധിക്കുക. എന്തിനു്, നമ്മുടെ ശ്വാസംപോലും നിന്നുപോകാന്‍ ഒരു സെക്കന്‍ഡു മതി. ഏതു സമയത്താണു് അതുണ്ടാവുകയെന്നും ആര്‍ക്കും നിശ്ചയമില്ല. അതുപോലെതന്നെ കര്‍മ്മത്തിന്റെ ഫലത്തിലും നമുക്കു യാതൊരു നിയന്ത്രണവുമില്ല. ഒരു കര്‍മ്മം കൊണ്ടു ഉദ്ദേശിച്ച ഫലം ലഭിക്കണമെങ്കില്‍ അവിടെ അനേകം ഘടകങ്ങള്‍ ഒത്തുചേരണം. ഈശ്വരകൃപകൂടി ഉണ്ടെങ്കിലേ എല്ലാ ഘടകങ്ങളും ഒത്തുവരൂ. ചുരുക്കത്തില്‍ ഈശ്വരശക്തി ഒന്നുകൊണ്ടു മാത്രമാണു ലോകത്തില്‍ എല്ലാം നടന്നുവരുന്നത്. ഇതിനര്‍ത്ഥം നമ്മള് ഒന്നിനും പ്രയത്നിക്കേണ്ട എന്നല്ല. ‘അവിടുത്തെ കൈകളിലെ വെറുമൊരു ഉപകരണം മാത്രമാണ് ഞാന്‍’ എന്ന ഭാവത്തില്‍ വിനയം കൈവിടാതെ വേണം കര്‍മ്മം ചെയ്യുവാന്‍. നമ്മള് കൈകള്‍കൊണ്ടു എല്ലാം ചെയ്യുന്നുവെങ്കിലും കൈകള്‍ക്കു ‘ഞാന്‍ ചെയ്യുന്നു’ എന്ന കര്‍ത്തൃത്വഭാവമില്ല. ഒരു ചിത്രകാരന് ചിത്രം വരയ്ക്കുമ്പോള്‍ ചിത്രകാരന്റെ കൈയിലെ ബ്രഷ് വെറുമൊരു ഉപകരണമാണ്, സ്വന്തമായ ഒരു ശക്തിയും അതിനില്ല. അതുപോലെ ‘എല്ലാം അവിടുന്നു ചെയ്യുന്നു’, ‘ഞാന്‍ അവിടുത്തെ കൈകളിലെ ഒരു ബ്രഷു മാത്രമാണ്’ എന്നു ബോധിച്ച് കര്‍ത്തൃത്വഭാവം വെടിയണം.
ഒരു കുട്ടി അതിന്റെ അമ്മയുടെ പിറന്നാളിന് ഒരു സമ്മാനം വാങ്ങി. അമ്മയുടെ അടുത്തെത്തി ,’അമ്മേ, ഞാന്‍ അമ്മയ്ക്ക് ഒരു നല്ല സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. ഇതാ നോക്കൂ’ എന്നു പറഞ്ഞുകൊണ്ടു അവന് സമ്മാനം എടുത്തു നീട്ടി. ‘നിനക്കിതു വാങ്ങുവാന്‍ പണം എവിടെനിന്നു കിട്ടി?’ സമ്മാനം കണ്ട അമ്മ ചോദിച്ചു. ‘ഞാന്‍ അമ്മയുടെ പേഴ്സില്‍ നിന്നും പണമെടുത്തു’. ഇതായിരുന്നു കുട്ടിയുടെ മറുപടി.
ഇതുപോലെ നമ്മള് എല്ലാവരും’ഞാന്‍ ചെയ്യുന്നു, ഞാന്‍ ചെയ്യുന്നു’ എന്നു പറയും. വാസ്തവത്തില്‍ അതെല്ലാം ചെയ്യുവാനും പറയുവാനുമുള്ള ശക്തി എവിടെനിന്നു ലഭിച്ചതാണ്? ഈശ്വരനില്‍നിന്ന്. അതു മറക്കുവാന്‍ പാടില്ല. അതിനാല്‍ ‘ഈശ്വരന്റെ കൈകളിലെ ഉപകരണം മാത്രമാണു ഞാന്‍’എന്ന ബോധം നിലനിര്‍ത്താന്‍ നമ്മള് സദാ ശ്രമിക്കണം. ഈ ഭാവം വളര്‍ത്തിയാല്‍ വാസനകള്‍ അകന്ന് ചിത്തം ശുദ്ധമാകും, ഈശ്വരകൃപയ്ക്ക് നമ്മള് പാത്രമാകും. കര്‍മ്മബന്ധങ്ങള്‍ ഇല്ലാതായി ജനനമരണങ്ങളില്നിന്നു മുക്തരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: