സപ്തനദികളിലൊന്നായ നര്‍മദയില്‍ കണ്ടുവരുന്ന അണ്ഡാകൃതിയിലുള്ള അപൂര്‍വ ശിലകളാണ് നര്‍മദേശ്വര്‍ ശിവലിംഗങ്ങള്‍. മറ്റു ശിവലിംഗങ്ങളെ അപേക്ഷിച്ച് ഈ ശിവലിംഗങ്ങളില്‍ ശിവചൈതന്യം അതിന്റെ പരകോടിയില്‍ നിറയുന്നുവെന്നാണ് സങ്കല്പം. നര്‍മദയിലെ ഓളങ്ങള്‍ ജലത്തിനടിയിലെ പാറക്കെട്ടുകളെ തഴുകിയുരുമ്മി വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെടുന്നതാണ് ഈ അപൂര്‍വ ലിംഗങ്ങള്‍.
ആയിരമായിരം വര്‍ഷങ്ങളിലൂടെ ഉരുത്തിരിയുന്ന ഈ ശിവലിംഗങ്ങില് ചിലതിന് ലക്ഷങ്ങള്‍ വിലമതിക്കും. നര്മദയിരമ്പുന്ന ശബ്ദം ഇതിനകത്തു നിന്ന് കേള്ക്കാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത. ഒരുകോടി നാല്പതു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് നര്‍മദയില്‍ ഉല്ക്കാപതനമുണ്ടായെന്നും അതിന്റെ അവശിഷ്ടങ്ങള്‍ മണ്ണിലെ ധാതുക്കളുമായി ചേര്‍ന്നാണ് അപൂര്‍വതരത്തിലുള്ള ശിലകള്‍ രൂപപ്പെട്ടതെന്നും ഇവയുടെ പിറവിക്കു പിറകിലെ ശാസത്രീയത.
ഐതിഹ്യങ്ങള്‍ പറയുന്നത് മറ്റൊരു കഥയാണ്. ത്രിപുരദഹനത്തിനിറങ്ങിയ മഹാദേവന് പിനാകത്താല് ത്രിപുരങ്ങളെ മൂന്ന് കഷ്ണങ്ങളായി തകര്‍ത്തെറിഞ്ഞു. അവയിലൊന്ന് വീണത് നര്മദാനദിയിലെന്നാണ് സങ്കല്പം. ത്രിപുരാവശിഷ്ടങ്ങളില് നിന്ന് ഉരുത്തിരിഞ്ഞതാണ് ‘ബാണലിംഗങ്ങള്‍’ എന്നുകൂടി പേരുള്ള നര്‍മദിയിലെ വിസ്മയ ലിംഗങ്ങള്‍.
നര്‍മദേശ്വര്‍ ശിവലിംഗങ്ങള്‍ വീടുകളിലും ജോലിസ്ഥലത്തുമെല്ലാം സൂക്ഷിക്കാം. പൂജചെയ്യാം. അവയുടെ സാന്നിധ്യം ശാന്തിയും സമാധാനവും പകരും. ഗ്രഹദോഷങ്ങള്മാറും. ദുഷ്ടശക്തികളെ അകറ്റും. ഉത്തരേന്ത്യയില്‍ തലമുറകളായി നര്‍മദേശ്വര്‍ ശിവലിഗങ്ങള്‍ കാത്തു പോരുന്ന കുടുംബങ്ങളുണ്ട്. ബുദ്ധമതാനുയായികളും ഇത് വളരെ പവിത്രമായാണ് കാണുന്നത്.
നര്‍മദയില്‍ ശിവലിംഗമെന്ന പോലെ സൂര്യന്, ശക്തി, വിഷ്ണു, വിനായകന്, എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്ന ശിലകളുമുണ്ട്. ആന്ധ്രാപ്രദേശിലെ സ്വര്ണമുഖീനദിയില് നിന്ന് ലഭിക്കുന്ന സ്വര്ണമുഖീകല്ലുകള് ശക്തിസ്വരൂപിണിയായ ദേവിയുടെ പ്രതീകമാണ്. തമിഴ്നാട്ടിലെ വല്ലത്ത് കണ്ടുവരുന്ന സവിശേഷ സ്ഫടികശിലകള്‍ സൂര്യന്റെ പ്രതിരൂപങ്ങളാണ്. ഗണ്ഡകീനദിയിലെ സാളഗ്രാമങ്ങള്‍ വിഷ്ണുഭഗവാനെയും ഗംഗയുടെ കൈവഴിയായ സോനഭദ്രയുടെ ആഴങ്ങളിലുള്ള ചുവന്ന കല്ലുകള്‍ ഗണേശനെയും ദ്യോതിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: