പാലക്കാട്: ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം 19 പേരുടെ ജീവനെടുത്ത അപകടത്തിന് കാരണമെന്ന് ഗതാഗത വകുപ്പിലെ പദ്മലാല്‍. അതിനൊപ്പം കണ്ടെയ്നര്‍ ലോറിയുടെ ടയര്‍ പൊട്ടുക കൂടി ചെയ്തതാണ് ഇത്രയും വലിയ ദുരന്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്, അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
‘അപകടം ഉണ്ടായ ഭാഗത്തെ റോഡിന് പ്രത്യേകതയുണ്ട്. ഇടത്തോട്ട് തിരിവാണിവിടെ. ലോറി നല്ല വേഗതയില്‍ ആയിരുന്നിരിക്കാം. ഡ്രൈവര്‍ ഉറങ്ങിപ്പോയിരിക്കാമെന്ന് തോന്നുന്നു. വണ്ടിയുടെ പിന്നിലെ പുറംവീല് മീഡിയനില്‍ കയറുകയും ഇറങ്ങുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ടയര്‍ ഉരഞ്ഞ് പൊട്ടിപ്പോയി. അതിനാല്‍ ലോറി അല്പനേരം വീല്‍ ഡിസ്ക്കിലാണ് ഓടിയതെന്ന് കരുതുന്നു. ആ സമയത്ത് ഡ്രൈവര്‍ ഉണര്‍ന്നാല്‍ പോലും നിയന്ത്രണം കിട്ടാത്ത അവസ്ഥയിലായിരുന്നു ലോറി. നിയന്ത്രിക്കാന്‍ ശ്രമിച്ചതാണോ അല്ലയോ എന്നറിയില്ല, വണ്ടി നേരെ എതിര്‍വശത്തെ ട്രാക്കിലേക്കാണ് കയറിയത്. കണ്ടെയ്നറില്‍ 25 ടണ്ണോളം ടൈലുകളായിരുന്നു. അവയുടെ കെട്ട് വിട്ട് റോഡിലേക്ക് വീണു. ലോറി റോഡിലേക്ക് കയറി അതിലെ കണ്ടൈയ്നര്‍ മറുഭാഗത്തേക്ക് വീണു.
കെഎസ്ആര്‍ടിസി ബസും നല്ല വേഗത്തിലാകാം വന്നിരിക്കുക. പക്ഷേ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടുണ്ടാവില്ല. സ്പീഡ് ട്രാക്കാണ്, അതിലേക്കാണ് കണ്ടെയ്നര്‍ വീണതും. അങ്ങനെ ലോറി ബസില്‍ പോയി ഇടിച്ചു. ഭാരം കാരണം ബസിന്റെ വലതു വശം പൂര്‍ണമായും തകര്‍ന്നു. ആ ഭാഗത്ത് ഇരുന്നവരായിരിക്കണം മരിച്ചത്. അന്‍പതു മീറ്ററില്‍ കൂടുതല്‍ ലോറി മീഡിയനില്‍ കയറി വീല്‍ ഡിസ്ക്കില്‍ ഓടിയിട്ടുണ്ട്. ഇത്രയുമാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്, പദ്മലാല്‍ പറഞ്ഞു.
ബേക്ക്രിനോ മെക്കാനിക്കല്‍ കാര്യത്തിലോ ഒരു തകരാറും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വീല്‍ ഡിസ്ക്കില്‍ ഓടിയതിനാല്‍ ബ്രേക്ക് ചവിട്ടിയാലും ബ്രേക്ക് കിട്ടാന്‍ സാധ്യതയില്ല. പിന്നെ ബ്രേക്ക് കിട്ടിയാലും മറ്റു വീലുകളെല്ലാം നല്ല കണ്ടീഷനില്‍ ആയിരുന്നതിനാല്‍ വണ്ടി ഇടതുവശത്തേക്ക് മാത്രമേ പോകുമായിരുന്നുള്ളൂ, അദ്ദേഹം വിശദീകരിച്ചു.
ഡ്രൈവര്‍ കീഴടങ്ങി
പാലക്കാട്: അവിനാശിയില്‍ 19 പേരുടെ മരണത്തിനിടയാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ ഒറ്റപ്പാലം ചെറുമുണ്ടശേരി കൊല്ലത്തുംകുണ്ടില്‍ അയ്യപ്പന്‍കുട്ടിയുടെ മകന് ഹേമരാജ് (38) കീഴടങ്ങി.
ഇയാള്‍ ഓടിച്ചിരുന്ന കെഎല്‍ 07 സിഎസ് 6325 ബെന്‍സ് ലോറി എറണാകുളം കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ് കമ്പനിയുടേതാണ്. ഒരു വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത പുതിയ ലോറിയാണ്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്ന് ടൈലുമായി പോകുമ്പോഴാണ് ദുരന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: