തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷന്‍ (കേപ്പ്) എഞ്ചിനീയറിങ് കോളേജിനായി നിര്‍മ്മിച്ച ബ്ലോക്ക്-രണ്ട് കെട്ടിടം വെറുതെയായി. തുലച്ചത് 8.91 കോടി രൂപയെന്ന് സിഎജി കണ്ടെത്തല്‍. തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരയിലെ എഞ്ചിനീയറിങ് കോളേജിനു വേണ്ടിയാണ് ഇത് നിര്‍മ്മിച്ചത്.
കേപ്പിന് സാമ്പത്തിക ബാധ്യത വര്‍ദ്ധിച്ചതോടെ വ്യവസായ വകുപ്പിനോട് കെട്ടിടം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കോളേജിനു വേണ്ടി നിര്‍മ്മിച്ച കെട്ടിടം ഏറ്റെടുത്താല്‍ വിവാദങ്ങളില്‍ പെട്ടേക്കാമെന്ന ഭയത്താല്‍ അതിനു തയാറായില്ല.
വടക്കാഞ്ചേരിയില്‍ എഞ്ചിനീയറിങ് കോളേജ് പണിയുന്നതിന് 2012-13ലെ ബജറ്റ് പ്രസംഗത്തിലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 5.40 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ വിട്ട് നല്കി. കേപ്പിനു കീഴില്‍ വരുന്ന നാല് എഞ്ചിനീയറിങ് കോളേജിലെ പ്രിന്‍സിപ്പലുമാരുടെ നിര്‍ദ്ദേശമനുസരിച്ചാണ് കോളേജ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഹകരണ വകുപ്പിന് അനുമതി നല്‍കിയത്. കെട്ടിട നിര്മ്മാണത്തിനാന് 46 കോടി രൂപയുടെ പദ്ധതിച്ചെലവും തയാറാക്കി. ബജറ്റിലെ നാലു കോടി, സഹകരണ സൊസൈറ്റികളുടെ വിദ്യാഭ്യാസ നിധിയില്‍ നിന്നുള്ള 12 കോടി, കെഎസ്സിബിയില്‍ നിന്നുള്ള 20 കോടി, സ്വന്തം വിഭവത്തില്‍ നിന്നുള്ള 10 കോടി, എന്നിങ്ങനെയാണ് 46 കോടി സ്വരൂപിക്കാന്‍ തീരുമാനിച്ചത്. 43.42 കോടിക്ക് ടെന്‍ഡര്‍ നല്കി.
നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നതിനിടെ പ്രതീക്ഷച്ചത്ര പണം കണ്ടെത്താന്‍ കേപ്പിനായില്ല. ഇതോടെ കരാറുകാരന് പണി നിര്‍ത്തി. തുടര്‍ന്ന് കേപ്പിന്റെ ഭരണസമിതി യോഗം ചേര്‍ന്ന് സാമ്പത്തിക ബുദ്ധമുട്ടിന്റെ വിവരം ഡയറക്ടര്‍ യോഗത്തെ ധരിപ്പിച്ചു. തുടര്‍ന്ന് നിര്‍മ്മിച്ച കെട്ടിടത്തിന്റെ സംരക്ഷണത്തിന് ചുറ്റുമതില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഇതിലേക്ക് സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിലെയും കേപ്പിലെയും എഞ്ചിനീയര്‍മാര്‍ അടങ്ങിയ സമിതി രൂപീകരിച്ചു. ബ്ലോക്ക് രണ്ടിന്റെ നിര്‍മ്മാണം ഒരു നിലവരെയെങ്കിലും തുടരാനും ചുറ്റുമതിലും മണ്ണിടാനും നിര്‍ദ്ദേശിച്ച് ഈ പണികളും പൂര്‍ത്തിയാക്കി. ബ്ലോക്ക് രണ്ടിന്റെ പദ്ധതി ചെലവായി വകയിരുത്തിയ 12.41 കോടിയില്‍ ഭവനനിര്‍മ്മാണ ബോര്‍ഡിന് ഉപദേശക ഫീസായി നല്കിയ 0.28 കോടി ഉള്‍പ്പെടെ 8.91 കോടിയാണ് ചുറ്റുമതിലിനും മണ്ണിടലിനുമായി ചെലവഴിച്ചത്.
എന്നാല്‍, വായ്പയെടുത്ത തുക തിരികെ നല്കാന് കേപ്പിന് നിവൃത്തിയില്ലാതായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വ്യവസായ വകുപ്പ് കെട്ടിടം വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചു. അതും നടന്നില്ല. യാതൊരു ദിര്ഘവീഷണവുമില്ലാതെയാണ് കെട്ടിടം പണിതതെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനുമായി കോടികള്‍ ചെലവഴിച്ചതെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: