ബീജിങ്: കൊറോണയുടെ പിടിയിലമര്‍ന്ന ചൈനയില്‍ കൂലി ലഭിക്കാതെ തൊഴിലാളികളും പ്രതിസന്ധിയില്‍. ചെറുകിട, ഇടത്തരം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതായതോടെ കുടുത്ത പ്രതിസന്ധിയിലായത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖല ആകെ തകര്‍ന്നതോടെയാണ് പല കമ്പനികളും ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത് നിര്‍ത്തിയത്. കൊറോണ ഭീതിയെത്തുടര്‍ന്ന് ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഹോട്ടലുകളും ഷോപ്പിങ് മാളുകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും ആള്ത്തിരക്കില്ലാതായി. അമ്യൂസ്മെന്റ് പാര്‍ക്കുകളും തിയെറ്ററുകളും അടച്ചു. ജനങ്ങള്‍ക്ക് അത്യാവശ്യ യാത്രകള്‍ക്കു മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതിയുള്ളത്.
വ്യാപാരം നടക്കാതായതോടെ പല സ്ഥാപനങ്ങളും 30 മുതല്‍ 50 ശതമാനം വരെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രശസ്തമായ സുഹയ് ലയണ്സ്ഗെയ്റ്റ് തീം പാര്‍ക്ക് ആഴ്ചകളായി അടച്ചിട്ടിരിക്കുകയാണ്. നിയമപ്രകാരമുള്ള ശമ്പളത്തോടെയുള്ള അവധികള്‍ക്കു ശേഷം വരും ദിവസങ്ങളില്‍ ശമ്പളമില്ലാതെ അവധിയെടുക്കാന്‍ ജീവനക്കാരോട് കമ്പനി ഇതിനകം ആവശ്യപ്പെട്ടു. ചൈനയിലെ മിക്ക കമ്പനികളും ഈ മാസം ശമ്പളം ലഭിക്കില്ലെന്ന് തങ്ങളുടെ ജീവനക്കാരോട് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: