തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ കൊട്ടിഘോഷിച്ച് നടത്തിയ ലോക കേരളസഭ ധൂര്‍ത്തിന്റെ പര്യായമാകുന്നു. ലോക കേരളസഭയില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനും മാത്രമായി സര്‍ക്കാര്‍ ചെലവഴിച്ചത് 83 ലക്ഷം രൂപ.
ഭക്ഷണത്തിനു വേണ്ടി മൂന്നു ദിവസത്തേക്ക് അറുപതു ലക്ഷത്തോളം രൂപ. താമസത്തിന് 23 ലക്ഷത്തോളം രൂപയും. 47 രാജ്യങ്ങളില്‍ നിന്നുള്ള 351 പ്രതിനിധികള്‍ സഭയില്‍ പങ്കെടുത്തതായാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. താമസവും ഭക്ഷണവുമെല്ലാം പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു. പ്രഭാതഭക്ഷണത്തിന് മാത്രമായി ഒരാള്‍ക്ക് ചെലവായത് 550 രൂപയും നികുതിയും. ഉച്ചഭക്ഷണത്തിന് 1900 രൂപയും നികുതിയും, രാത്രിഭക്ഷണത്തിനു 1700 രൂപയും നികുതിയും.
എഴുനൂറു പേര്‍ക്കാണ് ഈ നിരക്കില്‍ ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയത്. 600 പേര്‍ക്ക് അത്താഴവും 400 പേര്‍ക്ക് പ്രഭാതഭക്ഷണവും പഞ്ചനക്ഷത്ര രീതിയില്‍ ഒരുക്കിയിരുന്നു. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍, മാസ്കറ്റ് ഹോട്ടല്‍, തിരുവനന്തപുരത്തെ വന്‍കിട ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് പ്രതിനിധികള്‍ക്കു വേണ്ട താമസസൗകര്യമൊരുക്കിയത്.
കോവളം റാവീസില്‍ നിന്നാണ് പ്രതിനിധികള്‍ക്കുള്ള ഭക്ഷണം എത്തിച്ചത്. ലോക കേരളസഭ നടന്ന നിയമസഭാ സമുച്ചയത്തിനകത്തെ ഇന്ത്യന്‍ കോഫി ഹൗസും, തൊട്ടടുത്തുള്ള എംഎല്‍എ ഹോസ്റ്റലില്‍ മറ്റൊരു ഇന്ത്യന്‍ കോഫി ഹൗസും കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന ക്യാന്റീനുമുള്ളപ്പോഴാണ് റാവീസിലെ പഞ്ചനക്ഷത്ര ഭക്ഷണം വന്‍ തുക ചെലവിട്ട് പ്രതിനിധികള്‍ക്ക് വിളമ്പിയത്. നിയമസഭയില്‍ നിന്നു നടന്നുപോകാന്‍ ദൂരമുള്ള തൊട്ടടുത്തുള്ള മാസ്കറ്റ് ഹോട്ടലില്‍ നിന്ന് ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നെങ്കിലും ഇത്രയും തുക ആകുമായിരുന്നില്ല.
ജനുവരി ഒന്നു മുതല്‍ മൂന്നു വരെയാണ് നിയമസഭയില്‍ ലോക കേരളസഭ നടന്നത്. ഡ്രൈവര്‍മാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും ചെലവു സംബന്ധിച്ച നാലര ലക്ഷത്തോളം രൂപയുടെ ബില്ലും പാസാക്കിയിട്ടുണ്ട്. താമസ ബില്ലിന് മാത്രം 23,42,725 രൂപയാണ് ചെലവായതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ ഭക്ഷണച്ചെലവായി 4,56,324 രൂപയുടെ മറ്റൊരു ബില്ലും പാസാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: