നാഗ്പൂര്‍: കിരീടം നഷ്ടപ്പെടുത്തിയെങ്കിലും ഓരോ മലയാളിക്കും അഭിമാനിക്കുന്ന നേട്ടവും സ്വന്തമാക്കി കേരള ക്രിക്കറ്റ് ടീം ഇത്തവണത്തെ രഞ്ജി ക്രിക്കറ്റ് സീസണിന് വിട നല്കി.
രഞ്ജി സീസണില്‍ രണ്ടാം സ്ഥാനക്കാര്‍ക്കുള്ള റണ്ണേഴ്സ് അപ്പ് ട്രോഫിയും നേടിക്കൊണ്ടാണ് സച്ചിന് ബേബിയുടെയും സംഘത്തിന്റെയും മടക്കം. കേരളത്തിന് ഇത് ചരിത്ര നേട്ടമാണ്. 2018-19 സീസണില്‍ സെമി വരെ മുന്നേറിയതാണ് ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. കിരീടം നഷ്ടപ്പെടുത്തിയെങ്കിലും ഫൈനലിലടക്കം ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ് ഇത്തവണത്തെ കേരള ടീം മുന്നേറിക്കൊണ്ടിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ എലൈറ്റ് ഗൂപ്പ് സിയിലായിരുന്നു. ഏഴ് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ വിജയിച്ചപ്പോള്‍ മറ്റ് നാല് കളികള്‍ സമനിലയിലായി. ഗ്രൂപ്പ് എലൈറ്റ് സിയില്‍ നിന്ന് ഹര്യാനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായ് നേരിട്ട് ക്വാര്‍ട്ടറിന് യോഗ്യത നേടി.
ക്വാര്‍ട്ടറില്‍ കരുത്തരായ ജമ്മു കശ്മീരിനെതിരായ മത്സരം സമനിലയിലായി. ആദ്യ ഇന്നിങ്സില്‍ പൊരുതി നേടിയ ഒരു റണ്‍സ് ലീഡില്‍ സെമിയിലേക്ക്. കുറേക്കൂടി കരുത്തരായ ഗുജറാത്തിനെയാണ് സെമിയില്‍ നേരിട്ടത്. ക്വാര്‍ട്ടര്‍ കടന്ന രീതി തന്നെ സെമിയിലും ആവര്‍ത്തിച്ചു. സമനിലയിലായ മത്സരത്തിന്റെ ആദ്യ ഇന്നിങ്സ് ലീഡ് സെമിയിലേക്കുള്ള വഴി തെളിച്ചു. ഒരു വ്യത്യാസം മാത്രം. ജമ്മു കശ്മീരിനെതിരെ ആദ്യ ഇന്നിങ്സില്‍ രണ്ടാമത് ബാറ്റ് ചെയ്താണ് കേരളം ഒരു റണ്‍ ലീഡ് സ്വന്തമാക്കിയതെങ്കില്‍ ഗുജറാത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത് പ്രതിരോധിച്ചുകൊണ്ട് രണ്ട് റണ്‍സിന്റെ ഇഞ്ചോടിഞ്ച് ലീഡ് നേടിയെടുക്കുകയായിരുന്നു.
ഫൈനലിലും അതേ വഴിക്കാണ് കാര്യങ്ങള്‍ മുന്നേറിയത്. സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ നായകന് സച്ചിന് ബേബി(98) അശ്രദ്ധയോടെ ബാറ്റ് വീശിയത് കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. നാല് വിക്കറ്റ് കൈയ്യിലിരിക്കെ ആദ്യ ഇന്നിങ്സ് മറികടക്കാന്‍ 56 റണ്‍സ് വേണ്ടപ്പോഴായിരുന്നു സച്ചിന്റെ പുറത്താകല്‍. പിന്നീട് സ്പെഷ്യലിസ്റ്റ് ബാറ്റര്മാരല്ലാത്ത കേരള നിരയിലെ ബാക്കിയുള്ളവര്‍ക്ക് ശക്തമായ വിദര്‍ഭ ബൗളിങ്ങിനെ അതിജീവിക്കാനായില്ല. ഇക്കാര്യം റണ്ണേഴ്സ് അപ്പ് കിരീടം നേടിക്കൊണ്ട് സച്ചിന് ബേബി തുറന്ന് സമ്മതിക്കുകയും ചെയ്തു. എങ്കിലും കിരീടം അര്‍ഹിക്കുന്ന തരത്തില്‍ സീസണിലുടനീളം മികവോടെ മുന്നേറാനായതില്‍ അഭിമാനിക്കുന്നുവെന്ന് നായകന് പറഞ്ഞു. മുന്‍ ഭാരത താരം അമയ് ഖുറേസ്യ ആണ് കേരളത്തിന്റെ പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: